ജബലിയ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഗസ്സയില്‍ സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും നേരെയുള്ള ഇസ്രാഈല്‍ ആക്രമണം തുടരുകയാണ്.
ഇസ്രാഈല്‍ ഫലസ്തീനില്‍ നടത്തിയ ആക്രമണത്തില്‍ 42,792 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 16,765 പേരും കുട്ടികളാണ്. കൂടാതെ പതിനായിരത്തോളം പേരെ കാണാതായിട്ടുണ്ട്.
അധിനിവേശ വെസ്റ്റ്ബാങ്കില്‍ ഇസ്രാഈല്‍ റോക്കറ്റാക്രമണം നടത്തിയതിനെ തുടര്‍ന്ന് രണ്ട് ഫലസ്തീനികള്‍ക്ക് പരിക്കേറ്റു. ഇസ്രാഈല്‍ ആക്രമണങ്ങളെ തുടര്‍ന്ന് ഗസ്സയിലെ സമ്പദ്‌വ്യവസ്ഥ തകര്‍ന്നടിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഇസ്രാഈല്‍ അധിനിവേശത്തോടെ ഗസ്സയിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിലച്ചതായാണ് വിവരം. കുടിവെള്ളം, ഇന്ധനം, വൈദ്യുതി തുടങ്ങിയവ ക്ഷാമം വന്നതോടെ ഗസ്സയെ പൂര്‍ണ്ണമായും തകര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട് വരുന്നത്. ഭക്ഷ്യവസ്തുക്കളും ആരോഗ്യസേവനങ്ങളും പോലും ഗസ്സക്ക് ലഭിക്കാതെയായി.
യു.എന്നിന്റെ കണക്കുകള്‍ പ്രകാരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 96 ശതമാനം ഇടിഞ്ഞു. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ 93 ശതമാനവും സേവനമേഖലയില്‍ 76 ശതമാനവും ഇടിവുണ്ടായി. ഗസ്സയിലെ തൊഴിലില്ലായ്മ 2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 81.7 ശതമാനമായി ഉയര്‍ന്നു. ഗസ്സയിലെ ഇസ്രായേല്‍ അധിനിവേശം ഇനിയും തുടരുകയാണെങ്കില്‍ സ്ഥിതി വീണ്ടും രൂക്ഷമാകുമെന്നാണ് യു.എന്നിന്റെ മുന്നറിയിപ്പ്.