ഹിമാചല്‍: നിയന്ത്രണരേഖ കടന്ന് നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെയും ഇന്ത്യന്‍ സൈനത്തേയും പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ത്ര മോദി. ഹിമാചല്‍ പ്രദേശില്‍ സംഘടിപ്പിച്ച റാലിക്കിടെ പ്രസംഗത്തില്‍ പാക് അധിനിവേശ കശ്മീരിലെ ഭീകര സങ്കേതങ്ങള്‍ തകര്‍ത്ത ഇന്ത്യന്‍ മിന്നലാക്രമണത്തെ പരാമര്‍ശിക്കവെയാണ് മോദി സൈനികരെ ആവോളം പ്രശംസിച്ചത്. എന്നാല്‍ പ്രശംസാ വാക്യം ഇസ്രയേലില്‍ ചെന്നത്തിയതോടെ പരാമര്‍ശം വിവാദമായി. ഇന്ത്യന്‍ സേനയുടെ പ്രകടനത്തെ ഫലസ്തീനില്‍ ക്രൂരത നടത്തുന്നതില്‍ പേരുകേട്ട ഇസ്രയേലി സേനയുമായി താരതമ്യം ചെയ്തതാണ് പ്രസംഗം വിവാദമാക്കിയത്.
”എല്ലാവരും നമ്മുടെ സൈന്യത്തെക്കുറിച്ചാണ് ഇപ്പോള്‍ സംസാരിക്കുന്നത്. മുന്‍പ് നമ്മള്‍ ഇതുപോലെ കേട്ടത് ഇസ്രയേല്‍ സേനയെക്കുറിച്ചാണ്. പക്ഷേ, ഇപ്പോള്‍ എല്ലാവര്‍ക്കുമറിയാം ഇന്ത്യന്‍ സൈന്യവും ഒട്ടും മോശമല്ലെന്ന്” മോദി പറഞ്ഞു.
നിലവില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശില്‍ അടുത്ത വര്‍ഷമാണ് തിരഞ്ഞെടുപ്പ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ജയിച്ചതിനു ശേഷം ആദ്യമായാണ് മോദി ഹിമാചല്‍ സന്ദര്‍ശിക്കുന്നത്.