ഗസയില്‍ സ്വന്തം പൗരനെ തന്നെ കൊലപ്പെടുത്തി ഇസ്രാഈല്‍ സൈന്യം. ചൊവ്വാഴ്ച സെന്‍ട്രല്‍ ഗസയിലെ ഒരു നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന ഇസ്രാഈല്‍ പൗരനെ സൈന്യം അബദ്ധത്തില്‍ കൊലപ്പെടുത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
‘ഇസ്രാഈലി പ്രതിരോധ മന്ത്രാലയത്തിന് വേണ്ടി ഗാസയില്‍ എഞ്ചിനീയറിങ് ജോലികള്‍ ചെയ്യുന്ന ഒരു നിര്‍മാണ കമ്പനിയിലെ ബുള്‍ഡോസര്‍ ഓപ്പറേറ്റര്‍ സെന്‍ട്രല്‍ ഗസയില്‍ കൊല്ലപ്പെട്ടു. മിലിറ്ററി പ്രോസിക്യൂഷന്റെ നേതൃത്വത്തില്‍ സംഭവത്തെക്കുറിച്ച് മിലിട്ടറി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് ,’ മരണത്തിന്റെ സാഹചര്യങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കാതെ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. 38 കാരനായ യാക്കോവ് അവിതനാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രാഈല്‍ സേന നടത്തിയ ഒരു ഓപ്പറേഷനില്‍ ആണ് അവിതന്‍ കൊല്ലപ്പെട്ടതെന്ന് പ്രാരംഭ അന്വേഷണങ്ങള്‍ സൂചിപ്പിച്ചതായി ഇസ്രാഈലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സെന്‍ട്രല്‍ ഗസയിലെ നിത്‌സാരിം ഇടനാഴിയില്‍ ജോലി ചെയ്യുന്നതിനിടെ സൈനികര്‍ വെടിവെച്ചതായാണ് റിപ്പോര്‍ട്ട്.
ഇസ്രാഈല്‍ സൈന്യം തിങ്കളാഴ്ച നിത്‌സാരിം ഇടനാഴിയില്‍ നിന്ന് പിന്‍വാങ്ങി. ഇസ്രാഈല്‍ ഗാസ വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം 3,00,000ത്തിലധികം കുടിയൊഴിപ്പിക്കപ്പെട്ട സാധാരണക്കാര്‍ വടക്കന്‍ ഗസയിലേക്ക് മടങ്ങി. 47,000ത്തിലധികം ഫലസ്തീനികളെ കൊന്നൊടുക്കിയ ഇസ്രാഈലിന്റെ വംശഹത്യ താത്ക്കാലികമായി നിര്‍ത്തിവച്ചുകൊണ്ട്, സന്ധിയുടെ ആദ്യ ഘട്ടം ജനുവരി 19ന് പ്രാബല്യത്തില്‍ വന്നു,.
ഇസ്രാഈല്‍ ആക്രമണം മൂലം 11,000ത്തിലധികം ആളുകളെ കാണാതായി. ഗസയിലുടനീളം വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടായി. ഗസയിലെ യുദ്ധക്കുറ്റങ്ങള്‍ക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കും ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും അദ്ദേഹത്തിന്റെ മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ കഴിഞ്ഞ വര്‍ഷം നവംബറില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. എന്‍ക്ലേവിനെതിരായ യുദ്ധത്തിന്റെ പേരില്‍ ഇസ്രാഈല്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വംശഹത്യ കേസ് നേരിടുന്നുണ്ട്.