ലെബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 24 കുട്ടികളടക്കം 492 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇസ്രായേൽ ആക്രമണം നടത്തിയതായി ലെബനനും സ്ഥിരീകരിച്ചു. ഏകദേശം 5000 പേർക്ക് പരുക്കേറ്റതായി ലെബനൻ ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു.
24 മണിക്കൂറിനുള്ളിൽ തെക്കൻ, കിഴക്കൻ ലെബനനിലെ 1100ഓളം ഹിസ്ബുല്ല കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രായേൽ പറഞ്ഞു. ഹിസ്ബുല്ലയുടെ മൂന്നാമത്തെ കമാൻഡായ അലി കരാക്കെയെ ലക്ഷ്യമിട്ടായിരുന്നു ബെയ്‌റൂത്തിലെ ആക്രമണമെന്നാണ് വിവരം.
തെക്കൻ ലെബനനിലെയും ലെബനൻ പ്രദേശത്തുള്ള ബെക്കയിലെയും ഏകദേശം 800 ഹിസ്ബുല്ല കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം പറഞ്ഞു. ഇസ്രായേലിലെ അഞ്ചിടത്ത് ലെബനനും ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്.