ഹമാസുമായുള്ള ഏറ്റമുട്ടല്‍ തുടരുന്നതിനിടെ സിറിയയ്ക്കു നേരെ ഇസ്രാഈല്‍ വ്യോമാക്രമണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസിലും വടക്കന്‍ സിറിയയുടെ ഭാഗമായ അലെപ്പോയിലെയും പ്രധാന വിമാനത്താവളങ്ങള്‍ക്ക് നേരെ ഇസ്രാഈല്‍ ആക്രമണം നടത്തിയതായി സിറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രാഈലിനെതിരെ സിറിയന്‍ വ്യോമസേന പ്രത്യാക്രമണം ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. 5 ദിവസമായി തുടരുന്ന ഇസ്രാഈല്‍ ഹമാസ് ഏറ്റുമുട്ടലില്‍ ഇതുവരെ ഇരുപക്ഷത്തുമായി 3700ല്‍ അധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. വ്യോമാക്രമത്തിനു ശേഷം കരയുദ്ധത്തിലേക്ക് ഇസ്രയേല്‍ കടക്കുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
12 വര്‍ഷത്തെ സിറിയന്‍ ആഭ്യന്തര യുദ്ധത്തിനിടെ ഇറാന്‍ പിന്തുണയുള്ള സായുധ സംഘടനകളേയും ഹിസ്ബുള്ളയേയും ലക്ഷ്യംവെച്ച് നൂറുകണക്കിന് വ്യോമാക്രമണങ്ങളാണ് ഇസ്രാഈല്‍ നടത്തിയിട്ടുള്ളത്.
ഗാസ മുനമ്പില്‍ ഉപരോധം ശക്തിപ്പെടുത്തുന്നതിനിടയിലാണ് ഇസ്രാഈല്‍ സിറിയയ്ക്കു നേരെയും ആക്രമണം അഴിച്ചുവിട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച സിറിയ ലക്ഷ്യമാക്കി ഇസ്രാഈല്‍ ഷെല്ലാക്രമണം നടത്തിയിരുന്നു.
ഹമാസ് തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കാതെ അടിസ്ഥാനവിഭവങ്ങളോ മാനുഷികമായ മറ്റു സഹായങ്ങളോ ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ഗാസയ്ക്ക് അനുവദിക്കില്ലെന്ന് ഇസ്രാഈല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗാസയിലേക്കുള്ള വെള്ളം, ഇന്ധനം, വൈദ്യുതി തുടങ്ങിയവയുടെ വിതരണം ഇസ്രാഈല്‍ തടഞ്ഞു.
ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് ഫലസ്തീന്റെ ഏക താപനിലയം ബുധനാഴ്ച അടച്ചുപൂട്ടുകയും ചെയ്തു. ഇതോടെ വൈദ്യുതി നിലച്ച് ഗാസ ഇരുട്ടിലായി. ഭക്ഷണവും വെള്ളവും വൈദ്യുതിയുമുള്‍പ്പടെയുള്ള അവശ്യവസ്തുക്കളുടെ വിതരണം വിച്ഛേദിക്കപ്പെട്ടതോടെ ഗാസയിലെ ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുരിതത്തിലായി. ഗാസയില്‍ നിന്ന് രണ്ടരലക്ഷത്തോളം പേര്‍ വീടൊഴിഞ്ഞതായി ഐക്യരാഷ്ട്ര സഭ വ്യക്തമാക്കിയിട്ടുണ്ട്.