ജറൂസലം: അറബ് രാഷ്ട്രങ്ങളുമായി നയതന്ത്ര കരാര്‍ ഒപ്പുവച്ചതിന് മണിക്കൂറുകള്‍ക്ക് അകം ഗാസയില്‍ വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഹമാസിന്റെ പരിശീലന കേന്ദ്രത്തിനു നേരെയാണ് റോക്കറ്റാക്രമണം ഉണ്ടായത് എന്ന് മിഡില്‍ ഈസ്റ്റ് മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗാസയില്‍ നിന്ന് വലിയ സൈറണുകള്‍ മുഴങ്ങിയതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ആക്രമണത്തെ കുറിച്ച് ഇസ്രയേല്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇന്നലെ വൈറ്റ് ഹൗസില്‍ ആയിരുന്നു ഇസ്രയേലുമായി യുഎഇയും ബഹ്‌റൈനും നയതന്ത്ര കരാറില്‍ ഒപ്പുവച്ചത്. വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ നടത്തുന്ന വിപുലീകരണം നിര്‍ത്തിവയ്ക്കാം എന്ന ഉടമ്പടിയോടെയാണ് കരാര്‍ യാഥാര്‍ത്ഥ്യമാകുന്നത്. യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ ആയിരുന്നു ഒപ്പിടല്‍ ചടങ്ങ്.
യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാന്‍, ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ല ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി എന്നിവര്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവുമായാണ് കരാര്‍ ഒപ്പുവച്ചത്. ഗള്‍ഫ് രാജ്യങ്ങള്‍ ഇതാദ്യമായാണ് ഇസ്രായേലുമായി കൈകോര്‍ക്കുന്നത്.