X

ഇസ്രായേലി ചാരഗ്രൂപ്പ്; കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്കാ ഗാന്ധി

വാട്‌സ് ആപ്പ് ചോര്‍ത്തലില്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഫോണ്‍ മുഖാന്തരം വിവരങ്ങള്‍ ചോര്‍ത്തല്‍ മനുഷ്യാവകാശങ്ങളുടെ കടുത്ത ലംഘനവും ദേശീയ സുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ അഴിമതിയുമാണെന്ന് പിയങ്ക ട്വിറ്ററില്‍ കുറിച്ചു. ഇസ്രായേലി ചാരഗ്രൂപ്പ് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെയും അഭിഭാഷകരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും അടക്കം വാട്സ് ആപ്പ് സന്ദേശങ്ങള്‍ ചോര്‍ത്തിയെന്ന വിവരം പുറത്തായതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രിയങ്ക രംഗത്തെത്തിയത്.

‘മാധ്യമപ്രവര്‍ത്തകരുടെയും അഭിഭാഷകരുടെയും ആക്ടിവിസ്റ്റുകളുടെയും രാഷ്ട്രീയക്കാരുടെയും ഫോണിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ ബി.ജെ.പി സര്‍ക്കാരോ ഇസ്രയേലി ഏജന്‍സികളെ നിയോഗിച്ചിട്ടുണ്ടെങ്കില്‍ അത് മനുഷ്യാവകാശങ്ങളുടെ കടുത്ത ലംഘനവും ദേശീയ സുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ അഴിമതിയുമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ പ്രതികരണത്തിനായി കാത്തിരിക്കുന്നു’ – പ്രിയങ്കാ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

രാജ്യത്തെ ആക്ടിവിസ്റ്റുകളെയും മാധ്യമ പ്രവര്‍ത്തകരേയും ഉന്നംവെച്ച് ഇസ്രാഈലി കമ്പനി ചാരപ്രവര്‍ത്തനം നടത്തിയിരുന്നെന്ന് വെളിപ്പെടുത്തി വാട്സ്ആപ്പ് തന്നെയാണ് രംഗത്തെത്തിയത്. മെയ് വരെ ഇന്ത്യന്‍ ഉപഭോക്താക്കളെ ചാരന്മാര്‍ നിരീക്ഷിച്ചിരുന്നെന്ന് വാട്സ്ആപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
നാലു വന്‍കരകളിലായി 20 രാജ്യങ്ങളിലെ 1,400-ഓളം ഉപഭോക്താക്കളുടെ ഫോണുകളിലാണ് എന്‍.എസ്.ഒ ഗ്രൂപ്പ് പെഗാസസ് എന്ന ചാര വൈറസ കടന്നു കയറി വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് വാട്സ്ആപ്പിന്റെ ഉടമസ്ഥരായ ഫേസ്ബുക്ക് ചൊവ്വാഴ്ച വെളിപ്പെടുത്തിയിരുന്നു. ജേര്‍ണലിസ്റ്റുകളും ആക്ടിവിസ്റ്റുകളും രാഷ്ട്രീയപ്രവര്‍ത്തകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടായിരുന്നു ഇവയൊക്കെ. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വാട്‌സ്ആപ്പിനോട് വിശദീകരണം തേടിയിട്ടുണ്ട്.
പൗരന്‍മാരുടെ സ്വകാര്യത സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഐ.ടി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. വാട്‌സാപ്പിന്റെ വീഡിയോ കോളിങ് സംവിധാനത്തില്‍ കടന്നുകയറിയാണ് ഫോണിലേക്ക് വൈറസ് കടത്തിവിടുന്നതെന്നും അങ്ങനെയാണ് ഹാക്കിങ് നടത്തിയതെന്നുമാണ് വാട്സ്ആപ്പ് പറഞ്ഞത്. ഫോണിലെ മെസ്സേജുകളിലേക്കും ഫോണ്‍കോളുകളിലേക്കും പാസ്വേഡുകളിലേക്കും വൈറസ് കടത്തിവിട്ടാണ് വിവരങ്ങള്‍ ചോര്‍ത്തുന്നത്.
വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ ഇസ്രാഈലി കമ്പനിക്കെതിരെ സാന്‍ ഫ്രാന്‍സിസ്‌കോ കോടതിയില്‍ വാട്സ്ആപ്പ് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. മെക്‌സിക്കോ, യു.എ.ഇ, ബഹ്‌റൈന്‍ തുടങ്ങി 20 രാജ്യങ്ങളിലാണ് ഈ ഹാക്കിങ് നടന്നതെന്നായിരുന്നു വാട്സ്ആപ്പ് ആദ്യം അറിയിച്ചത്. എന്നാല്‍ എന്‍.എസ്.ഒ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. കേസിനെതിരെ പോരാടുമെന്നും അവര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഭീകരവാദത്തിനും ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്കും എതിരെ പോരാടുന്ന സര്‍ക്കാര്‍ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ക്കും അന്വേഷണ ഏജന്‍സികള്‍ക്കും സാങ്കേതിക വിദ്യ ലഭ്യമാക്കുക മാത്രമാണു തങ്ങള്‍ ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു. മുന്‍പും എന്‍.എസ്.ഒയ്‌ക്കെതിരെ സമാനമായ ആരോപണം ഉയര്‍ന്നിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയവരെയാണ് എന്‍. എസ്.ഒ ലക്ഷ്യമിടാറ്.
ഭീമ കോറെഗാവ് കേസിലടക്കം ആരോപണ വിധേയരായവര്‍ക്കു വേണ്ടി നിയമ പോരാട്ടം നടത്തുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ നിഹാല്‍ സിങ് രാത്തോഡ്്, ആക്ടിവിസ്റ്റ് ബേല ബാട്ടിയ, അഭിഭാഷകനും ആക്ടവിസ്റ്റുമായ പ്രസാദ് ചൗഹാന്‍, ആനന്ദ് തെല്‍തുംബദെ, മാധ്യമ പ്രവര്‍ത്തകന്‍ സിദാന്ത് സിബല്‍ തുടങ്ങിയവരെ എന്‍.എസ്.ഒ ലക്ഷ്യമിട്ടതായും വിവരം പുറത്ത് വന്നിട്ടുണ്ട്.
തന്നെ എങ്ങനെയാണ് ഇവര്‍ ലക്ഷ്യമിട്ടതെന്ന് തന്നെ ഇക്കാര്യം അറിയിച്ച വ്യക്തി പറഞ്ഞിട്ടുണ്ടെന്നും നിങ്ങളുടെ സര്‍ക്കാര്‍ തന്നെയാണ് ഇക്കാര്യം ചെയ്യുന്നതെന്ന് അയാള്‍ വെളിപ്പെടുത്തിയതായും ചത്തീസ്ഗഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റ് ബേല ബാട്ടിയ ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവെ പറഞ്ഞു.
അതേസമയം സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച സര്‍ക്കാര്‍ വൃത്തങ്ങള്‍ ആരോപണങ്ങള്‍ നിഷേധിച്ചു. ഇത് വാട്‌സ്ആപ്പുമായി ബന്ധപ്പെട്ട കാര്യമാണെന്നും അമേരിക്കന്‍ ഇസ്രാഈല്‍ കമ്പനികള്‍ക്കിടയിലെ പ്രശ്‌നമാണിതെന്നും വാട്‌സ്ആപ്പിന് ഇന്ത്യയില്‍ സര്‍വറില്ലെന്നുമാണ് സര്‍ക്കാറിന്റെ വാദം. ലോകത്താകമാനം 1.5 ബില്യന്‍ ഉപഭോക്താക്കളാണ് വാട്‌സ് ആപ്പിനുള്ളത്. ഇതില്‍ 40 കോടിയോളം പേര്‍ ഇന്ത്യയിലാണ്. എന്‍.എസ്.ഒയില്‍ നിന്നും 75,000 ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വാട്‌സ്ആപ്പ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. സംഭവം അതീവ ഗുരുതരമാണെന്നും സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിന് വിഷയത്തില്‍ നോട്ടീസ് അയക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
മോദി സര്‍ക്കാര്‍ ആളുകളെ നിരീക്ഷിക്കുന്നു. ഇതില്‍ അല്‍ഭുതമൊന്നും തോന്നുന്നില്ല. പക്ഷേ ബി.ജെ.പി സര്‍ക്കാര്‍ നമ്മുടെ സ്വകാര്യതക്കു നേരെയാണ് പോരാടുന്നത്. സുപ്രീം കോടതി സ്വമേധയാ വിഷയത്തില്‍ ഇടപെട്ട് അടിയന്തരമായി ബി.ജെ.പി സര്‍ക്കാറിന് നോട്ടീസ് അയക്കണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.

chandrika: