സുറിച്ച്: ലോകത്തെ ഏറ്റവും വലിയ മുസ്‌ലിം രാജ്യമായ ഇന്തോനേഷ്യക്കാര്‍ സ്വന്തം നാട്ടില്‍ പന്ത് തട്ടാന്‍ ഇസ്രാഈലിനെ അനുവദിക്കില്ലെന്ന തീരുമാനം അന്തിമമായി ഫിഫയെ അറിയിച്ചതിന് പിറകെ അണ്ടര്‍ 20 ലോകകപ്പ് വേദി അവര്‍ക്ക് നഷ്ടമായി. ഫലസ്തീനില്‍ നരനായാട്ട് നടത്തുന്ന രാജ്യവുമായി തങ്ങള്‍ക്ക് നയതന്ത്രബന്ധമില്ലെന്നും അതിനാല്‍ തന്നെ ഇസ്രാഈല്‍ ടീമിനെ രാജ്യത്ത് അനുവദിക്കില്ലെന്നും അറിയിച്ചതിന് പിറകെ ചാമ്പ്യന്‍ഷിപ്പിന്റെ പുതിയ വേദിയായി അര്‍ജന്റീന പ്രഖ്യാപിക്കപ്പെട്ടു.
ഇന്തോനേഷ്യന്‍ നഗരമായ ബാലിയില്‍ അണ്ടര്‍ 20 ലോകകപ്പ് ഫിക്‌സ്ച്ചര്‍ നറുക്കെടുപ്പ് നടക്കാനിരിക്കെയായിരുന്നു വേദി മാറ്റ പ്രഖ്യാപനം. ഈ വര്‍ഷം മെയ് 20 മുതല്‍ ജൂണ്‍ പതിനൊന്ന് വരെയാണ് മല്‍സരങ്ങള്‍. 2019 ലായിരുന്നു ഫിഫ ഇന്തോനേഷ്യക്ക് ജൂനിയര്‍ ലോകകപ്പ് അനുവദിച്ചത്. ആ സമയത്ത് ഇസ്രാഈല്‍ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയിരുന്നില്ല. എന്നാല്‍ യോഗ്യതാ മല്‍സരങ്ങള്‍ പൂര്‍ണമായപ്പോഴാണ് ഇസ്രാഈല്‍ യോഗ്യരായത്. ഇതാണ് തലവേദനയായത്. ഇസ്രാഈലിനെ ഇന്തോനേഷ്യയില്‍ കാല്‍കുത്താന്‍ അനുവദിക്കില്ലെന്ന് രാജ്യത്തെ വിവിധ സംഘടനകള്‍ ശക്തമായി വ്യക്തമാക്കിയിട്ടുണ്ട്.