X
    Categories: NewsWorld

ഇസ്രാഈലിന് വീണ്ടും തിരിച്ചടി; ലെബനാനില്‍ 7 സയണിസ്റ്റ് സൈനികരെ വധിച്ച് ഹിസ്ബുല്ല

ഫലസ്തീനിലും ലെബനാനിലും തുടര്‍ച്ചയായി ആക്രമണം നടത്തിവരുന്ന ഇസ്രാഈലിന് ഹിസ്ബുല്ലയില്‍ നിന്ന് കനത്ത തിരിച്ചടി. ഹിസ്ബുല്ലയുടെ പ്രത്യാക്രമണത്തില്‍ 48 മണിക്കൂറിനിടെ ഏഴ് സയണിസ്റ്റ് സൈനികരാണ് ലെബനാനില്‍ കൊല്ലപ്പെട്ടത്. നിരവധി അധിനിവേശ സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അതിര്‍ത്തിയില്‍ ഉണ്ടായ സംഘര്‍ഷങ്ങളിലാണ് ഏഴുപേരും കൊല്ലപ്പെട്ടത്. ലെബനനിലെ ഹിസ്ബുല്ലയ്‌ക്കെതിരായ കരയാക്രമണത്തില്‍ ഇസ്രാഈലിന് സമീപകാലത്തുണ്ടായ ഏറ്റവും നഷ്ടം സംഭവിച്ച ദിനങ്ങളാണ് കടന്നുപോകുന്നത്.

തെക്കന്‍ ലെബനനിലെ പോരാട്ടത്തിനിടെയാണ് സൈനികര്‍ കൊല്ലപ്പെട്ടെതെന്ന് അധിനിവേശ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. ഇതോടെ സെപ്റ്റംബര്‍ 30ന് ലബനനിലേക്ക് കരസേനയെ അയച്ചശേഷം ഹിസ്ബുല്ലയുമായുള്ള പോരാട്ടത്തില്‍ കൊല്ലപ്പെട്ട സയണിസ്റ്റ് സൈനികരുടെ എണ്ണം 49 ആയി.

ഇസ്രാഈല്‍ തിരിച്ചടി നേരിടുന്ന പശ്ചാത്തലത്തില്‍ ലെബനാനിലെ വെടിനിര്‍ത്തലിന് യു.എസ് സമ്മര്‍ദ്ദംചെലുത്തുന്നുണ്ട്. അമേരിക്കയുടെ വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങളുടെ കരട് ലെബനാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ നബീഹ് ബെറിക്ക് കൈമാറിയിട്ടുണ്ട്. ഹിസ്ബുല്ലയുമായി സഖ്യമുള്ള വ്യക്തിയാണ് നബീഹ്.

ഇസ്രാഈലുമായി വെടിനിര്‍ത്തലിനുള്ള ലെബനാന്‍ നീക്കത്തെ ഇറാന്‍ പിന്തുണയ്ക്കും. ഹിസ്ബുല്ലയും ഇസ്രാഈലും തമ്മില്‍ കനത്ത ആക്രമണം നടക്കുന്ന പശ്ചാത്തലത്തിലാണ് വെടിനിര്‍ത്തല്‍ ചര്‍ച്ചകളും പുരോഗമിക്കുന്നത്. ഇറാന്‍ ഈ നീക്കത്തെ പിന്തുണയ്ക്കുമെന്ന് മുതിര്‍ന്ന ഇറാന്‍ ഉദ്യോഗസ്ഥനും പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ ഉപദേശകനുമായ അലി ലാരിജാനി പറഞ്ഞു.

ഈയിടെ ഇസ്രാഈല്‍ ലബനാന്റെ തെക്കന്‍ മേഖലയില്‍ ആക്രമണം കടുപ്പിച്ചിരുന്നു. ഇതിനു പിന്നാലെ യു.എസ് സഖ്യമാണ് വെടിനിര്‍ത്തല്‍ ആവശ്യവുമായി മുന്നോട്ടുവന്നത്.

അതേസമയം, വടക്കുകിഴക്കന്‍ ലബനാനില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ 15 രക്ഷാപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ലബനാന്‍ എമര്‍ജന്‍സി ഉദ്യോഗസ്ഥര്‍ക്ക് നേരെ നടക്കുന്ന ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണിത്. ആക്രമണത്തെക്കുറിച്ച് ഇസ്‌റാഈല്‍ സൈന്യം പ്രതികരിച്ചിട്ടില്ല. ആക്രമണം കിരാതമാണെന്ന് ലെബനാന്‍ ആരോഗ്യ മന്ത്രാലയം പറഞ്ഞു. ബാല്‍ബെക്കിന് സമീപം ദൗറിസിലാണ് ആക്രമണം ഉണ്ടായത്. സിവില്‍ ഡിഫന്‍സ് ഏജന്‍സി ഉപയോഗിക്കുന്ന കെട്ടിടം ആക്രമണത്തില്‍ തകര്‍ന്നു. വ്യാഴാഴ്ച തെക്കന്‍ നബാത്തിയയില്‍ മറ്റൊരു ആക്രമണവും ഇസ്രാഈല്‍ സൈന്യം നടത്തിയിരുന്നു.

അറബ് സാലിം ടൗണിന്റെ മധ്യഭാഗത്തുള്ള സിവില്‍ ഡിഫന്‍സ് സെന്ററിനു നേരെയാണ് ആക്രമണം നടന്നത്. ഈ ആക്രമണത്തില്‍ അഞ്ചു പാരാമെഡിക്കല്‍ ജീവനക്കാര്‍ ഉള്‍പ്പെടെ ആറു പേര്‍ കൊല്ലപ്പെട്ടു.

webdesk13: