X

ഇസ്രാഈലിന് വീണ്ടും തിരിച്ചടി; നാലു ഐ.ഡി.എഫ് സൈനികരെ ഹമാസ് വധിച്ചു

വടക്കന്‍ ഗസ്സയിലെ ജബലിയയില്‍ ഹമാസുമായുള്ള ഏറ്റുമുട്ടലില്‍ നാലു സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രാഈല്‍ പ്രതിരോധ സേന (ഐ.ഡി.എഫ്). കെട്ടിടത്തിനുള്ളില്‍ പരിശോധന നടത്തുന്നതിനിടെ സ്‌ഫോടനത്തിലാണ് മള്‍ട്ടിഡൈമന്‍ഷനല്‍ യൂനിറ്റിലെ സൈനികര്‍ കൊല്ലപ്പെട്ടത്.

ക്യാപ്റ്റന്‍ യെഹോനാഥന്‍ കെരെന്‍ (22), സ്റ്റാഫ് സെര്‍ജന്റ് നിസിം മിത്തല്‍ (20), അവീവ് ഗില്‍ബാവോ (21), നോവര്‍ ഹെയ്‌മോവ് (22) എന്നിവരാണ് കൊല്ലപ്പെട്ടത്.

ഒരു സൈനികന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സൈനികരുടെ മരണത്തില്‍ ഇസ്രാഈല്‍ല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു അനുശോചിച്ചു. അതേസമയം, വടക്കന്‍ ഗസ്സയില്‍ സാധാരണക്കാരെയും കുട്ടികളെയും സ്ത്രീകളെയും ലക്ഷ്യമിട്ടുള്ള കൂട്ടക്കുരുതി ഇസ്രാഈല്‍ തുടരുകയാണ്.

ബയ്ത് ലാഹിയയില്‍ 200ലേറെ അഭയാര്‍ഥികള്‍ തിങ്ങിക്കഴിഞ്ഞ അഞ്ചുനില കെട്ടിടം ബോംബിട്ടുതകര്‍ത്തു. ആക്രമണത്തില്‍ 109 പേരുടെ മരണം സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരില്‍ 20 കുട്ടികളുമുണ്ട്. നിരവധി പേരെ കുറിച്ച് വിവരങ്ങളില്ല. പരിക്കേറ്റ 100ലേറെ പേരെ കമാല്‍ അദ്വാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദിവസങ്ങള്‍ക്കുമുമ്പ് ഡോക്ടര്‍മാരെയും മെഡിക്കല്‍ സ്റ്റാഫിനെയുമടക്കം ഇസ്രാഈല്‍ പിടിച്ചുകൊണ്ടുപോയതിനാല്‍ അടിയന്തര ശസ്ത്രക്രിയ പോലും നടത്താനാകാത്ത സ്ഥിതിയാണെന്ന് ആശുപത്രി ഡയറക്ടര്‍ ഡോ. ഹുസാന്‍ അബൂസഫിയ അറിയിച്ചു. ഗസ്സയില്‍ ചൊവ്വാഴ്ച നടന്ന ആക്രമണങ്ങളില്‍ ഇതുള്‍പ്പെടെ 110ലേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. തെക്കന്‍ ലബനാനിലും ആക്രമണം കടുപ്പിച്ചു. കൂടുതല്‍ മേഖലകളിലേക്ക് ഇസ്രാഈല്‍ ടാങ്കുകള്‍ കടന്നുകയറി.

അതിര്‍ത്തിയില്‍നിന്ന് ആറുകിലോമീറ്റര്‍ ഉള്ളില്‍ തെക്കന്‍ മേഖലയിലെ ഖിയാമിലാണ് പുതിയ ആക്രമണം. ത്വെയ്ര്‍ ഹര്‍ഫ, ഖസ്‌റുല്‍ അഹ്മര്‍, ജബല്‍ ബത്മ്, സെബ്ഖിന്‍ തുടങ്ങി നിരവധി ഗ്രാമങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോകാനും ഇസ്രാഈല്‍ ഉത്തരവിട്ടിട്ടുണ്ട്.

webdesk13: