ഗസ്സ: ഇസ്രാഈല്‍ ആക്രമണത്തിൽ കിടപ്പാടം പോലും നഷ്ടമായി കൊടുംപട്ടിണിയിൽ കഴിയുന്ന ഗസ്സക്കാർക്ക് ഭക്ഷണവുമായി പോയ യു.എൻ ട്രക്കിന് നേരെ ആക്രമണം. ഇസ്രാഈല്‍ യുദ്ധക്കപ്പലിൽ നിന്നാണ് ട്രക്കിന് നേരെ വെടിവെപ്പുണ്ടായത്.
യു.എൻ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യൂ.എ യുടെ നേതൃത്വത്തിൽ വടക്കൻ ഗസ്സയിൽ എത്തിയ ട്രക്കാണ് ഇസ്രാഈല്‍ സേന വെടിവെച്ച് ഭക്ഷ്യസാധനങ്ങൾ നശിപ്പിച്ചത്. വെടിവെപ്പിൽ ദുരിതാശ്വാസ പ്രവർത്തകർക്കും ട്രക്കിലെ ജീവനക്കാർക്കും പരിക്കുകളേക്കാത്തത് ആശ്വാസമാണെന്ന് യു.ൻ.ആർ.ഡബ്ല്യ.എ വക്താവ് ആയ തോമസ് വൈറ്റ് എക്സിൽ കുറിച്ചു. ഏകപക്ഷീയമായ വെടിവെപ്പിൽ തകർന്ന ട്രക്കിന്റെ ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടു.
നാലുമാസമായി ഇസ്രാഈല്‍ തുടരുന്ന കര, വ്യോമ, നാവിക ആക്രമണത്തില്‍ ഗസ്സയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മുഴുവന്‍ തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. ഭക്ഷണവും വെള്ളവും മരുന്നും വിതരണം ചെയ്യാനുള്ള സംവിധാനങ്ങളെല്ലാം ഇസ്രാഈല്‍ നശിപ്പിച്ചു. നിരവധി ആശുപത്രികള്‍ തകര്‍ത്തതോടെ യുദ്ധത്തില്‍ പരിക്കേറ്റവരും മറ്റുരോഗികളും ചികിത്സക്കായി ബുദ്ധിമുട്ടുകയാണ്.