ഖാൻ യൂനിസ്: മൂന്ന് ഇസ്രായേലി തടവുകാരെ ഹമാസ് മോചിപ്പിച്ചതിന് പിന്നാലെ 333 ഫലസ്തീൻ തടവുകാരെ വിട്ടയച്ച് ഇസ്രായേൽ. റാമല്ലയിലാണ് ഫലസ്തീൻ തടവുകാരെയും വഹിച്ചു കൊണ്ടുള്ള ബസുകൾ എത്തിയത്. ഗസ്സ വെടിനിർത്തൽ കരാറിന്‍റെ ഭാഗമായുള്ള ആറാമത്തെ ബന്ദി കൈമാറ്റമാണ് ഇന്ന് ഖാൻയൂനിസിൽ നടന്നത്.
അമേരിക്കൻ-ഇസ്രായേൽ വംശജൻ സാഗുയി ഡെക്കൽ-ചെൻ, റഷ്യൻ-ഇസ്രായേൽ വംശജൻ അലക്‌സാണ്ടർ ട്രൂഫനോവ്, യെയർ ഹോൺ എന്നീ ബന്ദികളെയാണ് ഹമാസ് ഇന്ന് രാവിലെ റെഡ് ക്രോസിന് കൈമാറിയത്.
വിട്ടയച്ച അമേരിക്കന്‍-ഇസ്രായേല്‍ വംശജന്‍ സാഗുയി ഡെക്കല്‍-ചെനിന്റെ മകള്‍ക്ക് സമ്മാനമായി സ്വര്‍ണ നാണയം ഹമാസ് സമ്മാനിച്ചെന്ന് അന്താരാഷട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹമാസ് ബന്ദിയാക്കി നാല് മാസത്തിന് ശേഷം ഡെക്കല്‍-ചെനിന് മകള്‍ ജനിച്ചത്.
വെടിനിർത്തൽ കരാർ ഇസ്രാേയൽ ലംഘിച്ചതിനെ തുടർന്ന് ആറാംഘട്ട ബന്ദി കൈമാറ്റം നിർത്തിവെക്കുന്നതായി ഹമാസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വെടിനിർത്തൽ ധാരണ ലംഘിച്ച് ഇസ്രായേൽ ഗസ്സയിൽ ആക്രമണം നടത്തുന്നുവെന്നാണ് ഹമാസ് ചൂണ്ടിക്കാട്ടിയത്.
ഇതിനോട് പ്രതികരിച്ച ഇസ്രായേൽ ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ശനിയാഴ്ച മുതൽ ഗസ്സയിൽ വീണ്ടും ആക്രമണം തുടങ്ങുമെന്ന് മുന്നറിയിപ്പ് നൽകി. ഇതിന് പിന്നാലെ, വെടിനിർത്തൽ കരാർ യാഥാർഥ്യമാക്കാൻ എല്ലാ തടസങ്ങളും നീക്കുമെന്ന് മധ്യസ്ഥരായ ഈജിപ്തും ഖത്തറും ഉറപ്പു നൽകിയതോടെ മുൻ ധാരണപ്രകാരം ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് തീരുമാനിച്ചത്.