ന്യൂഡല്‍ഹി: ആറു ദിവസത്തെ സന്ദര്‍ശനത്തിനായി ഇസ്രാഈല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു ഇന്ത്യയിലെത്തി. ഇന്നലെ ഉച്ചയോടെ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ നെതന്യാഹുവിനെയും ഭാര്യ സാറയേയും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി സ്വീകരിച്ചു. പ്രോട്ടോകോള്‍ ലംഘിച്ചാണ് ഇരുവരെയും സ്വീകരിക്കാന്‍ മോദി വിമാനത്താവളത്തിലെത്തിയത്.
സാധാരണയായി മറ്റു രാഷ്ട്രത്തലവന്മാര്‍ സന്ദര്‍ശനത്തിനെത്തുമ്പോള്‍ മന്ത്രിമാരും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് സ്വീകരിക്കാറ്. ശേഷം രാഷ്ട്രപതി ഭവനില്‍ വച്ചാണ് പ്രധാനമന്ത്രി ഔദ്യോഗികമായി അതിഥിയെ സ്വീകരിക്കുക. ഈ പ്രോട്ടോക്കോളാണ് മോദി ലംഘിച്ചത്. നേരത്തെ ജാപ്പനീസ് പ്രധാനമന്ത്രിയുടെയും നേപ്പാള്‍ പ്രധാനമന്ത്രിയുടെയും ഇന്ത്യാ സന്ദര്‍ശന വേളകളിലും മോദി പ്രോട്ടോകോള്‍ ലംഘിച്ചിരുന്നു. 15 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു ഇസ്രാഈല്‍ പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിക്കുന്നത്. 2003ല്‍ ഏരിയല്‍ ഷാരോണ്‍ ആയിരുന്നു അവസാനമായി ഇന്ത്യ സന്ദര്‍ശിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര-പ്രതിരോധ-നയതന്ത്ര മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുകയാണ് നെതന്യാഹുവിന്റെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. 130 അംഗ പ്രതിനിധി സംഘവും ഒപ്പമുണ്ട്.
ഡല്‍ഹിയിലെത്തിയ നെതന്യാഹു മോദിയെക്കൂടാതെ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവരുമായി ഇന്ന് ചര്‍ച്ച നടത്തും. തുടര്‍ന്ന് മുംബൈ ഗുജറാത്ത് എന്നിവിടങ്ങളും സന്ദര്‍ശിക്കും. ഇന്ത്യ-ഇസ്രാഈലി സി.ഇ.ഒ ഫോറത്തിലും നെതന്യാഹു പങ്കെടുക്കും. കടല്‍ജലം ശുദ്ധീകരിക്കുന്നതിനുള്ള ഗാല്‍ മൊബൈല്‍ എന്ന വാഹനം നെതന്യാഹു മോദിക്ക് സമ്മാനമായി നല്‍കും. ഗുജറാത്തിലെ വദ്രാദിലെ മികവിന്റെ കേന്ദ്രവും ഇസ്രാഈല്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കും. ആറു മാസങ്ങള്‍ക്കു മുമ്പ് നരേന്ദ്ര മോദി ഇസ്രാഈല്‍ സന്ദര്‍ശിച്ചിരുന്നു. നിലാരംബരായ ഫലസ്തീന്‍ ജനതയെ കൊന്നൊടുക്കുന്ന ജൂതരാജ്യം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന കുപ്രസിദ്ധിയും ഇതിലൂടെ മോദി സ്വന്തമാക്കിയിരുന്നു.