X
    Categories: MoreViews

ഇസ്രാഈല്‍-ഫലസ്തീന്‍ സമാധാന ശ്രമങ്ങള്‍ക്ക് വേഗം പകര്‍ന്ന് ഈജിപ്ത് പ്രസിഡന്റ്-ട്രംപ് കൂടിക്കാഴ്ച

കൈറോ: വാഷിങ്ണില്‍ നടക്കാനിരിക്കുന്ന ഈജിപ്ത്-അമേരിക്ക ഉച്ചകോടിയില്‍ ഫലസ്തീന്‍ പ്രശ്‌നം മുഖ്യവിഷയമായി ചര്‍ച്ചക്കെടുക്കുമെന്ന് അനുബന്ധ വൃത്തങ്ങള്‍ അറിയിച്ചു. ശനിയാഴ്ച വാഷിങ്ടണിലെത്തുന്ന ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫതാഹ് അല്‍സീസി ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും.

‘ഇസ്രാഈല്‍-ഫലസ്തീന്‍ സംഘര്‍ഷങ്ങളില്‍ പരിഹാരം കാണാനുള്ള ഊര്‍ജ്ജിത ശ്രമമാണ് ഈജിപ്തിന്റെ ഭാഗത്തുനിന്നുള്ളത്. ഈ ശ്രമം ഫലവത്താവുമെന്നും സമാധാനം പുനസ്ഥാപിക്കാനാവുമെന്നുമാണ് പ്രതീക്ഷിക്കുന്നത്’-കൈറോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ നിരീക്ഷകന്‍ പ്രൊഫ. അബ്ദുല്‍ മൊഹ്ദി മൊതാവെ പറഞ്ഞു.

‘ഈജിപ്തുമായി ബന്ധം മെച്ചപ്പെടുത്താന്‍ ട്രംപും ആഗ്രഹിക്കുന്നു. മറ്റു അറബ് രാഷ്ട്രങ്ങളുമായി നല്ല ബന്ധം തുടരുന്ന ഈജിപ്തുമായുള്ള ബന്ധം ഭീകരവാദം ചെറുക്കുന്നതില്‍ ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നയാളാണ് ട്രംപ്. പ്രാദേശികമായ സമാധാന ശ്രമങ്ങള്‍ക്ക് ഈജിപ്ത് മുന്‍കൈയെടുക്കുമെന്ന് തന്നെ പ്രത്യാശിക്കാം’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അല്‍സീസിയുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ച ഇസ്രാഈല്‍-ഫലസ്തീന്‍ സംഘര്‍ഷങ്ങളില്‍ പരിഹാരം കാണണമെന്നത് ട്രംപിന്റെ കൂടി ആവശ്യമാണ്. കാരണം മുന്‍പ്രസിഡന്റ് പരാജയപ്പെട്ട വിഷയത്തില്‍ വിജയം വരിക്കുക എന്നത് ട്രംപും ആഗ്രഹിക്കുന്നതായും മൊതാവെ പറഞ്ഞു.

ഇസ്രാഈല്‍-ഫലസ്തീന്‍ പ്രശ്‌നം എല്ലാ അറബ് രാഷ്ട്രങ്ങളുടെയും തലവേദനയാണ്. ജോര്‍ദാനില്‍ നടന്ന അറബ് ഉച്ചകോടിയിലെ പ്രധാന വിഷയവും ഇത് തന്നെയായിരുന്നു. ഇതിനാല്‍ തന്നെ നടക്കാനിരിക്കുന്ന അല്‍സീസി-ട്രംപ് കൂടിക്കാഴ്ച ഏറെ പ്രതീക്ഷയോടെയാണ് എല്ലാവരും നോക്കിക്കാണുന്നത്.

chandrika: