ദോഹ: പ്രതിരോധ രംഗത്ത് മികച്ച മുന്നേറ്റം നേടുന്നതിനായി അമേരിക്കയില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഖത്തര്‍. എഫ്-35 യുദ്ധവിമാനങ്ങള്‍ വാങ്ങാനാണ് ഖത്തര്‍ ലക്ഷ്യമിടുന്നത്. ഇതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിക്കുന്നു. റോയിട്ടേഴ്‌സാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടത്.
എന്നാല്‍ എഫ്-35 വിമാനങ്ങള്‍ ഖത്തറിനു നല്‍കാനുള്ള അമേരിക്കയുടെ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് ഇസ്രയേല്‍ രംഗത്തെത്തി. ഖത്തറുമായി യുദ്ധവിമാനങ്ങള്‍ വില്‍ക്കാനുള്ള യുഎസ് നീക്കത്തെ തങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. മധ്യപൗരസ്ത്യ മേഖലയിലെ ഇസ്രയേലിന്റെ മിലിട്ടറി മേല്‍ക്കോയ്മ കാത്തു സൂക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും അമേരിക്കയെ അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റില്‍ യുഎഇക്ക് എഫ്-35 വിമാനങ്ങള്‍ നല്‍കാന്‍ ധാരണയായിരുന്നു. ചരിത്രപരമായ യുഎഇ-ഇസ്രയേല്‍ നയതന്ത്ര ബന്ധത്തെ തുടര്‍ന്നായിരുന്നു ഇത്. ഇതേ തുടര്‍ന്നാണ് ഖത്തറും എഫ്-35 വിമാനങ്ങള്‍ക്കായി അഭ്യര്‍ഥന നടത്തിയത്.
ഇസ്രയേലും യുഎഇയുമായി നയതന്ത്ര ബന്ധത്തില്‍ ഏര്‍പ്പെട്ടെങ്കിലും യുഎഇക്ക് യുദ്ധവിമാനങ്ങള്‍ കൈമാറാനുള്ള നീക്കത്തില്‍ ഇസ്രയേലിന് യോജിപ്പില്ല. ഇതിനു പുറമെയാണ് ഖത്തര്‍ കൂടി യുദ്ധവിമാനം ആവശ്യപ്പെട്ടു മുന്നോട്ടു വരുന്നത്. നേരത്തെ ഇസ്രയേലുമായി കരാര്‍ ഒപ്പിടാനുള്ള ആവശ്യത്തില്‍ നിന്ന് ഖത്തര്‍ വിട്ടു നിന്നിരുന്നു. കരാറൊപ്പിടാന്‍ തങ്ങളില്ലെന്നും ജറൂസലേം ആസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ രാജ്യം സ്ഥാപിതമാവുന്നതു വരെ ഇസ്രയേലിനോട് സഹകരണമില്ലെന്നും ഖത്തര്‍ ട്രംപിനെ അറിയിച്ചിരുന്നു.
ഖത്തറിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയ അറബ് രാജ്യങ്ങളും യുദ്ധവിമാനങ്ങള്‍ നല്‍കാനുള്ള അമേരിക്കയുടെ നീക്കത്തിന് എതിരാണ്.