വടക്കന്‍ ഗസ്സയിലേക്കുള്ള നെറ്റ്‌സരീം ഇടനാഴി ഇസ്രാഈല്‍ തുറന്നു. ഇതോടെ ലക്ഷക്കണക്കിന് ഫലസ്തീനികളാണ് വടക്കന്‍ ഗസ്സയിലേക്കെത്തുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ശനിയാഴ്ച മുതല്‍ ഇടനാഴി തുറക്കേണ്ടതായിരുന്നെങ്കിലും ഇസ്രാഈല്‍ അനുമതി നല്‍കില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. അതിനാല്‍ അതിര്‍ത്തിയില്‍ രണ്ടുദിവസമായി പതിനായിരങ്ങള്‍ കാത്തിരിക്കുകയായിരുന്നു.
വനിതാ ബന്ദി അര്‍ബേല്‍ യഹൂദിനെ കൈമാറും വരെ വടക്കന്‍ ഗസ്സയിലേക്ക് മടങ്ങാന്‍ അനുമതി നല്‍കില്ലെന്ന നിലപാടിലായിരുന്നു ഇസ്രാഈല്‍. എന്നാല്‍ അര്‍ബേല്‍ യഹൂദിനെ ശനിയാഴ്ച കൈമാറാമെന്ന് ഇസ്‌ലാമിക് ജിഹാദ് അറിയിച്ചെങ്കിലും അതുവരെ കാത്തിരിക്കാനാവില്ലെന്ന് ഇസ്രായേല്‍ അറിയിച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.
ഇരു വിഭാഗവുമായി ഇടനാഴി തുറക്കുന്നതിനായി മധ്യസ്ഥ രാജ്യങ്ങള്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. കരാര്‍ അട്ടിമറിക്കാനുള്ള ഇസ്രാഈല്‍ നീക്കം മാത്രമാണ് പുതിയ വിവാദത്തിന് പിന്നിലെന്നായിരുന്നു ഹമാസിന്റെ ആരോപണം.