ജറൂസലേം: ജറൂസലേംമിനെയും വെസ്റ്റ്ബാങ്കിലെ ജൂത കുടിയേറ്റ മേഖലകളേയും ബന്ധിപ്പിക്കുന്നതിനായുള്ള ബില്‍ അമേരിക്കന്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇസ്രാഈല്‍ മാറ്റിവെച്ചു. നിര്‍ദ്ദിഷ്ട ബില്‍ അനുസരിച്ച് വെസ്റ്റ്ബാങ്കിലെ ജൂത കുടിയേറ്റ പ്രദേശങ്ങളെ ജറൂസലേംമിന്റെ മുനിസിപ്പാലിറ്റി പുത്രിമാരായി പരിഗണിക്കും. കിഴക്കന്‍ ജറൂസലേം, വെസ്റ്റ്ബാങ്ക് എന്നീ പ്രദേശങ്ങള്‍ 1967ലെ യുദ്ധത്തില്‍ ഫലസ്തീനില്‍ നിന്നും ഇസ്രാഈല്‍ പിടിച്ചെടുത്തതാണ്.
സ്വതന്ത്ര്യ ഫലസ്തീന്റെ ഭാഗമായുള്ള ഈ പ്രദേശങ്ങള്‍ തങ്ങളുടേതാണെന്ന ഫലസ്തീന്റെ വാദത്തിന് രാജ്യാന്തര സമൂഹത്തിന്റെ പിന്തുണയുമുണ്ട്. രാജ്യാന്തര സമൂഹത്തിന്റെ അംഗീകാരമില്ലാതെയാണ് കിഴക്കന്‍ ജറൂസലേം ഇസ്രാഈല്‍ പിടിച്ചെടുത്തത്. അമേരിക്കയുമായി സഹകരിച്ച് മാത്രമേ ബില്‍ നടപ്പിലാക്കൂവെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. ജൂത കുടിയേറ്റത്തെയും വികസനങ്ങളേയും ഇസ്രാഈല്‍ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്കന്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ബില്‍ അവതരണം നീട്ടിവെച്ചതെന്ന് ലികുഡ് പാര്‍ട്ടി നേതാവും പാര്‍ലമെന്ററി വിപ്പുമായ ഡേവിഡ് ബിറ്റന്‍ പറഞ്ഞു. അതേ സമയം വെസ്റ്റ്ബാങ്കിനെ പൂര്‍ണമായും വിഴുങ്ങാനുള്ള ഇസ്രാഈലിന്റെ ശ്രമത്തിന്റെ ഭാഗമാണ് ബില്ലെന്ന് ഫലസ്തീന്‍ ആരോപിക്കുന്നു. 2014ല്‍ അവസാനിച്ച ഇസ്രാഈല്‍ ഫലസ്തീന്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ദൂതന്‍ ജാസന്‍ ഗ്രീന്‍ബ്ലാറ്റ് മേഖലയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
എന്നാല്‍ ഒബാമ ഭരണകൂടത്തില്‍ നിന്നും വിഭിന്നമായി ഫലസ്തീനെ പൂര്‍ണ രാജ്യമായി അംഗീകരിക്കാന്‍ ട്രംപ് ഭരണ കൂടം തയാറായിട്ടില്ല. ജൂത കുടിയേറ്റത്തിന് അനുകൂലമായാണ് ട്രംപ് പ്രതികരിച്ചിട്ടുള്ളത്. കുടിയേറ്റം പൂര്‍ണമായും നിര്‍ത്തലാക്കേണ്ടതില്ലെന്ന പക്ഷമാണ് ട്രംപിനുള്ളത്. സുരക്ഷയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കൂട്ടത്തില്‍ മാത്രമേ 600,000 വരുന്ന ഇസ്രാഈലി കുടിയേറ്റം ചര്‍ച്ച ചെയ്യേണ്ടതുള്ളൂവെന്നാണ് ഇസ്രാഈലിന്റെ വാദം.