X
    Categories: NewsWorld

യഹ്‌യ സിന്‍വാറിനെ വധിച്ചെന്ന് ഇസ്രാഈല്‍

ഇന്നലെ നടത്തിയ ആക്രമണത്തിൽ ഹമാസ് മേധാവി യഹ്‍യ സിൻവാറിനോട് സാമ്യമുള്ളയാൾ കൊല്ലപ്പെട്ടതായി ഇസ്രാഈല്‍. എന്നാൽ, ഹമാസ് പ്രതികരിച്ചിട്ടില്ല. മരിച്ചത് അദ്ദേഹമാണോ എന്ന് ഡി.എൻ.എ പരിശോധന നടത്തുമെന്ന് ഇസ്രാഈല്‍ പ്രതിരോധ സേനയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഒരു കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഉണ്ടായിരുന്നവർക്ക് നടത്തിയ വെടിവെപ്പിൽ മൂന്നുപേർ മരിച്ചതായും സൈന്യം കെട്ടിടത്തിൽ പ്രവേശിച്ചപ്പോൾ മരിച്ചവരിലൊരാൾക്ക് സിൻവാറിന്റെ മുഖച്ഛായ ഉണ്ടെന്നുമാണ് ചാനൽ 12 റിപ്പോർട്ട് ചെയ്യുന്നത്. സ്ഥിരീകരിക്കാൻ മണിക്കൂറുകൾ എടുക്കുമെന്നും ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിൾ ശേഖരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

നേരത്തെ ബന്ദികളെ മനുഷ്യകവചമാക്കിയാണ് സിൻവാർ കഴിയുന്നതെന്ന് ഇസ്രാഈല്‍ ആരോപിച്ചിരുന്നു. എന്നാൽ, ബന്ദികളൊന്നും സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും മരിച്ചത് ആരാണെന്ന് ഇപ്പോൾ സ്ഥിരീകരിക്കാൻ കഴിയി​​ല്ലെന്നും ഐ.ഡി.എഫ് പ്രസ്താവനയിൽ പറയുന്നു. തകർത്ത കെട്ടിടത്തിന് സമീപം ഐഡിഎഫ്, ഷിൻ ബെത്ത് സേനകൾ നിലയുറപ്പിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

അതേസമയം, സിൻവാർ ഉണ്ടെന്ന് മനസ്സിലാക്കിയല്ല കെട്ടിടം ആക്രമിച്ചതെന്നും നിരവധി പോരാളികളെ ഒരു കെട്ടിടത്തിൽ കണ്ടപ്പോൾ വെടിവെക്കുകയായിരുന്നുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നാശനഷ്ടങ്ങൾ പരിശോധിക്കാൻ എത്തിയവരാണ് കൊല്ലപ്പെട്ടവരിൽ ഒരാൾക്ക് സിൻവാറിനോട് സാമ്യമുണ്ടെന്ന് ക​ണ്ടെത്തിയത്. യഹ്‌യ സിൻവാറിന്റേതെന്ന പേരിൽ ചിത്രങ്ങൾ ഓൺലൈനിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അതേസമയം, സിൻവാർ കൊല്ലപ്പെട്ടുവെന്ന ഊഹാപോഹങ്ങൾ പ്രചരിക്കുന്നതിനിടെ ‘ഞങ്ങൾ എല്ലാ തീവ്രവാദികളിലേക്കും എത്തി അവരെ ഉന്മൂലനം ചെയ്യും’ എന്ന് ഇസ്രാഈല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ട്വീറ്റ് ചെയ്തു. ചുവന്ന മഷിയിൽ ‘X’ ചിഹ്നമിട്ട് ഹമാസ് മുൻ സൈനിക മേധാവി മുഹമ്മദ് ദീഫിന്റെയും ഹിസ്ബുല്ല നേതാവ് ഹസൻ നസ്‌റുല്ലയുടെയും ഫോട്ടോ സഹിതമാണ് ട്വീറ്റ്. ഇതിന് മധ്യത്തിൽ ‘X’ ഇട്ട ഒരു കളം ഒഴിച്ചിട്ടുമുണ്ട്. “നിങ്ങൾ നിങ്ങളുടെ ശത്രുക്കളെ പിന്തുടരും, അവർ നിങ്ങളുടെ മുമ്പിൽ വാളാൽ വീഴും’ എന്ന ബൈബിൾ വചനവും ട്വീറ്റിലുണ്ട്.

webdesk13: