X

ഹമാസ് നേതാവ് ഹനിയെയെ കൊന്നത് ഇസ്രാഈല്‍ തന്നെ; സ്ഥിരീകരിച്ച് ഇസ്രാഇല്‍ പ്രതിരോധ മന്ത്രി

ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയെയുടെ കൊലപാതകത്തിന് പിന്നില്‍ ഇസ്രാഈല്‍ തന്നെയെന്ന് സ്ഥിരീകരണം. പ്രതിരോധ മന്ത്രി ഇസ്രാഈല്‍ കാറ്റ്‌സ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജൂലായില്‍ ഇറാനിലെ ടെഹ്‌റാനില്‍ വെച്ചായിരുന്നു ഹനിയെ കൊല്ലപ്പെട്ടത്.

ഹനിയെയുടെ കൊലപാതകത്തിന് പിന്നില്‍ ഇസ്രാഈല്‍ ആണെന്ന് ശക്തമായ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇസ്രാഈല്‍ ഭരണകൂടം ഇത് പരസ്യമായി സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ യെമനിലെ ഹൂത്തികള്‍ക്ക് മുന്നറിയിപ്പ് നല്‍കവെയാണ് ഇസ്രാഈല്‍ കാറ്റ്‌സ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഹമാസ്, ഹിസ്ബുല്ല എന്നിവരെ തകര്‍ക്കുകയും ഇറാന്റെ പ്രതിരോധ സംവിധാനങ്ങള്‍ക്ക് കേടുവരുത്തുകയും ചെയ്ത തങ്ങള്‍ക്ക് മുന്നില്‍ അവസാന ഇരയായി നില്‍ക്കുന്നത് യെമനിലെ ഹൂത്തികള്‍ ആണെന്നും അവര്‍ക്കും കനത്ത പ്രഹരം ഏല്‍പ്പിക്കുമെന്നാണ് ഇസ്രാഈല്‍ കാറ്റ്‌സ് പറഞ്ഞത്.

‘ഇസ്രാഈല്‍ അവരുടെ(ഹൂത്തി) തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കും. ഞങ്ങള്‍ അവരുടെ നേതാക്കളെ ഇല്ലാതാക്കും. ടെഹ്റാനിലും ഗസയിലും ലെബനനിലും ഹനിയെ, സിന്‍വാര്‍, നസ്റുല്ല എന്നിവരോട് ചെയ്തത് പോലെ. അത് ഞങ്ങള്‍ ഹൊദൈദയിലും സനയിലും ആവര്‍ത്തിക്കും,’ ഇസ്രാഈല്‍ കാറ്റ്‌സ് പറഞ്ഞു.

യെമനിലെ ഇറാന്റെ പിന്തുണയുള്ള ഹൂത്തികള്‍ ഇസ്രാഈല്‍- ഹമാസ് സംഘര്‍ഷം ആരംഭിച്ചത് മുതല്‍ ചെങ്കടലിലെ വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നുണ്ട്. ഇസ്രാഈല്‍ ബന്ധമുള്ള കപ്പലുകളെ ആക്രമിച്ച് ഇസ്രഈലിനെതിരെ നാവിക ഉപരോധം നടപ്പിലാക്കാനാണ് ഹൂത്തികള്‍ പലപ്പോഴും ശ്രമിച്ചിരുന്നത്. ഫലസ്തീന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചാണ് ഹൂത്തികളുടെ ആക്രമണം.

2024 ജൂലായ് 31ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ഹനിയെ ഗസ്റ്റ് ഹൗസിലെ സ്ഫോടനത്തിലാണ് കെല്ലപ്പെടുന്നത്. തുടര്‍ന്ന് ഹനിയെയുടെ കൊലപാതകത്തെ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്‍ പുറത്ത് വന്നിരുന്നു. ബോംബ് സ്ഫോടനത്തിലാണ് ഹനിയെ കൊല്ലപ്പെട്ടതെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മിസൈല്‍ ആക്രമണമാണെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് പൊലീസിന്റെ(ഐ.ആര്‍.ജി.പി) നിയന്ത്രണത്തിലുള്ള ഗസ്റ്റ് ഹൗസിലെ താമസത്തിനിടയിലാാണ് ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയെ കൊല്ലപ്പെട്ടത്. ടെഹ്റാന്‍ സന്ദര്‍ശിക്കുന്ന വേളയില്‍ ഹനിയെ സ്ഥിരമായി ഈ കെട്ടിടത്തിലാണ് താമസിച്ചിരുന്നത്.

ഹനിയെ കൊല്ലപ്പെട്ട് 5 മാസം പിന്നിട്ടിട്ടും മരണത്തിന്റെ ഉത്തരവാദിത്തം ആരും തന്നെ ഏറ്റെടുത്തിരുന്നില്ല. ആ സാഹചര്യത്തിലാണ് ഇസ്രഈല്‍ പ്രതിരോധ മന്ത്രിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ അമേരിക്കയുടെ സഹായത്തോടെ ഇസ്രാഈലാണ് ഹനിയെയെ കൊലപ്പെടുത്തിയതെന്ന് ഇറാന്‍ നേരത്തെ തന്നെ ആരോപിച്ചിരുന്നു.

webdesk13: