X
    Categories: Newsworld

അഞ്ച് ദിവസത്തിനിടെ ഫലസ്തീനിലെ 70 കുഞ്ഞുങ്ങളെ കൊന്നൊടുക്കി ഇസ്രാഈല്‍

കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ വടക്കന്‍ ഗസ്സയില്‍ നടത്തിയ ആക്രമണത്തില്‍ ഇസ്രാഈല്‍ കൊല്ലപ്പെടുത്തിയത് 70 കുഞ്ഞുങ്ങളെ. ജബാലിയയില്‍ ബലമായി കുടിയിറക്കപ്പെട്ട ഫലസ്തീനികളെ പാര്‍പ്പിച്ച ഒരു സ്‌കൂളിന് നേരെ നടത്തിയ ആക്രമണത്തില്‍ കുട്ടികളടക്കം എട്ടുപേരും കൊല്ലപ്പെട്ടതായി ഗസ്സ സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു.

ഗസ്സയില്‍ പുതുവര്‍ഷത്തില്‍ മരണം വര്‍ധിച്ച് വരികയാണ്. അവസാനിക്കാത്ത വ്യോമാക്രമണവും ദാരിദ്ര്യവും കൊടുംതണുപ്പും ജീവിതം കൂടുതല്‍ ദുസ്സഹമാക്കിയിരിക്കുന്നുവെന്ന് യുണിസെഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കാതറിന്‍ റസ്സല്‍ പറഞ്ഞു. വടക്കന്‍ ഗസ്സയിലെ ടാല്‍ അസ്‌സാതര്‍ പ്രദേശത്തെ അല്‍അവ്ദ ആശുപത്രിക്ക് സമീപം ഇസ്രാഈല്‍ സൈന്യം തീവ്രമായ പീരങ്കി ഷെല്ലാക്രമണം നടത്തുന്നുണ്ടെന്ന് അല്‍ ജസീറ അറബിക് റിപ്പോര്‍ട്ട് ചെയ്യുന്നു. തെക്കന്‍ ഗസ്സയിലെ റഫ നഗരത്തിന്റെ വടക്ക് ഭാഗത്തുള്ള മിറാജ് പ്രദേശത്ത് ഇസ്രാഈല്‍ നടത്തിയ ബോംബാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

ദെയ്ര്‍ എല്‍ബലയിലെ ഒരു കൂട്ടം ഫലസ്തീനികള്‍ കഴിഞ്ഞ ഒരു മണിക്കൂറിനുള്ളില്‍ ആക്രമണത്തിനിരയായി. ഇവരെ അല്‍അഖ്‌സ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഷുജായയില്‍ നടന്ന ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സ്‌കൂളുകളില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് 28 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. നുസൈറത്ത് അഭയാര്‍ത്ഥി ക്യാമ്പിന്റെ വടക്കന്‍ ഭാഗത്തുള്ള ചില ബ്ലോക്കുകളിലെ ആളുകളോട് ഉടന്‍ തന്നെ ഒഴിഞ്ഞുപോകാന്‍ ഇസ്രാഈല്‍ ഉത്തരവിട്ടിട്ടുണ്ട്.

ഫലസ്തീന്‍ അതോറിറ്റിയുടെ സുരക്ഷാ സേന അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടേക്ക് ഭക്ഷണവും വൈദ്യസഹായങ്ങളും എത്തുന്നത് തടഞ്ഞിരിക്കുകയാണ്.

webdesk18: