X

ഗസയില്‍ ഇസ്രാഈല്‍ നരനായാട്ട്; ഗര്‍ഭിണികളെ വെടിയുതിര്‍ത്ത് കൊലപ്പെടുത്തി ശരീരത്തിലേക്ക് ബുള്‍ഡോസര്‍ കയറ്റിയിറക്കി ഇസ്രാഈല്‍ സൈന്യം

ഫലസ്തീനില്‍ അതിക്രൂരമായ ആക്രമണങ്ങള്‍ തുടര്‍ന്ന് ഇസ്രാഈല്‍ സൈന്യം. ഗസയിലെ താല്‍ അല്‍ സതാറില്‍ 4 ഗര്‍ഭിണികളെ ഇസ്രാഈല്‍ സൈന്യം വെടിവെച്ച് കൊലപ്പെടുത്തുകയും ശരീരത്തിലേക്ക് ബുള്‍ഡോസര്‍ കയറ്റിയിറക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നഗരത്തിലെ അല്‍ ഔദ ആശുപത്രിയിലേക്ക് പോയ ഗര്‍ഭിണികളെയാണ് സൈന്യം ദാരുണമായി കൊലപ്പെടുത്തിയത്.

ബുള്‍ഡോസര്‍ കയറി വികൃതമായ സ്ത്രീകളുടെ ശരീരം ഇസ്രാഈല്‍ സൈന്യം സംസ്‌കരിക്കാതിരിക്കുകയും റോഡില്‍ ഉപേക്ഷിച്ചതായും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഫലസ്തീനിലെ സാധാരണ പൗരന്മാരാണെന്ന് തെളിയിക്കുന്ന വെള്ളക്കൊടി പക്കലുണ്ടായിട്ടും സ്ത്രീകളെ സൈന്യം ഓടിക്കുകയും ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

താല്‍ അല്‍ സതാറിന്റെ നിയന്ത്രണം പൂര്‍ണമായും ഇസ്രാഈല്‍ പിടിച്ചെടുത്തിട്ട് രണ്ടിലധികം ആഴ്ചകളായെന്നാണ് റിപ്പോര്‍ട്ട്. ഗര്‍ഭിണികള്‍ക്ക് നേരെയുള്ള ആക്രമണം നടന്നത് ഡിസംബറിന്റെ ആദ്യ വാരത്തിലാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 4 ഗര്‍ഭിണികളുടേതടക്കം ഈ പ്രദേശത്ത് നിന്നും ആശുപത്രിയില്‍ നിന്നും വികൃതമാക്കപെട്ട മൃതശരീരങ്ങള്‍ അധികൃതര്‍ കണ്ടെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രകോപനങ്ങളും മറ്റു പ്രത്യാക്രമണങ്ങളും ഇല്ലാതെ തന്നെ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്നവര്‍ക്കും കൂട്ടിരിപ്പുകാര്‍ക്കിടയിലേക്കും ഇസ്രാഈല്‍ സൈന്യം ബുള്‍ഡോസര്‍ ഇടിച്ചുകയറ്റുകയായിരുന്നു.

ഈ ആക്രമണത്തിലാണ് 2 ഗര്‍ഭിണികള്‍ കൊലപ്പെട്ടതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ആശുപത്രി പരിസരത്ത് ഇസ്രാഈല്‍ സൈന്യം നടത്തിയത് കൂട്ടക്കൊലയാണെന്നും മനുഷ്യത്വമില്ലായ്മയുമാണെന്ന് സംഭവത്തിന്റെ ദൃക്‌സാക്ഷി അല്‍ജസീറയോട് പറഞ്ഞതായി റിപ്പോര്‍ട്ട് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഇസ്രാഈല്‍ സൈന്യം കമാല്‍ അദ്വാന്‍ ആശുപത്രിയിലെ മൃതദേഹങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വികൃതമാക്കുന്നുവെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഹമാസ് നേതാക്കളുടെ താവളമെന്ന് ആരോപിച്ച് കമാല്‍ അദ്വാന്‍ ആശുപത്രിയിലേക്ക് ഇസ്രാഈല്‍ സൈന്യത്തിന്റെ ബുള്‍ഡോസറുകള്‍ ഇടിച്ചുകയറിയത്. ആശുപത്രിയുടെ വളപ്പില്‍ സംസ്‌ക്കരിക്കേണ്ടി വന്ന മൃതദേഹങ്ങള്‍ ഇസ്രാഈല്‍ ബുള്‍ഡോസറുകള്‍ പുറത്തേക്ക് വലിച്ചിടുകയായിരുന്നെന്ന് ഡോക്ട്ടര്‍മാര്‍ അറിയിച്ചതായി സി.എന്‍.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

 

webdesk13: