X
    Categories: Newsworld

ഇസ്രാഈല്‍ ഹിസ്ബുല്ലയുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതായി റിപ്പോര്‍ട്ട്‌

ലെബനനിലെ ഹിസ്ബുല്ലയുമായുള്ള വെടിനിര്‍ത്തല്‍ കരാറിന് ഇസ്രാഈല്‍ അംഗീകാരം നല്‍കിയതായി റിപ്പോര്‍ട്ട്. ഇസ്രാഈലിന്റെ സഖ്യകക്ഷികളായ അമേരിക്കയും ഫ്രാന്‍സും മധ്യസ്ഥത വഹിക്കുന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനമായതെന്നാണ് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ടിന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ഇസ്രാഈലിന്റെ സഖ്യകക്ഷികളുടെ നേതൃത്വത്തില്‍ എടുത്ത ഈ തീരുമാനത്തിന് ഇസ്രാഈല്‍ മന്ത്രിസഭ അംഗീകാരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് ഇസ്രാഈലില്‍ ചേരുന്ന ക്യാബിനറ്റ് യോഗത്തില്‍ വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ചയാവും. ഇതിനുശേഷമാവും അന്തിമ തീരുമാനം പുറത്ത് വരുക.

വെടിനിര്‍ത്തല് കരാറിന് ഇരുവിഭാഗങ്ങളും അംഗീകാരം നല്‍കുന്നപക്ഷം ഒരു വര്‍ഷത്തിലധികമായി നീണ്ടുനില്‍ക്കുന്ന രക്തച്ചൊരിച്ചിലിനാണ് അന്ത്യം കുറിക്കുന്നത്. ലെബനന്‍ പാര്‍ലമെന്റ് സ്പീക്കര്‍ നബീഹ് ബെറിക്ക് ചര്‍ച്ചകള്‍ നടത്താന്‍ അനുമതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് ബെയ്‌റൂട്ടില്‍ വെടിനിര്‍ത്തലിന് അംഗീകാരം നല്‍കിയതായി ലെബനന്‍ ഡെപ്യൂട്ടി പാര്‍ലമെന്റ് സ്പീക്കര്‍ ഏലിയാസ് ബൗ സാബ് അറിയിച്ചിരുന്നു. വെടിനിര്‍ത്തല്‍ സംബന്ധിച്ച ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി കൈവരിച്ചതായി ഫ്രഞ്ച് പ്രസിഡന്‍സി അറിയിക്കുകയുണ്ടായി.

അതേസമയം രണ്ട് മാസത്തോളം നീണ്ടിനില്‍ക്കുന്ന വെടിനിര്‍ത്തലിനാണ് ചര്‍ച്ചകള്‍ നടന്നതെന്നാണ് സൂചന. എന്നാല്‍ ഇത് യുദ്ധത്തിന്റെ അന്ത്യമല്ലെന്ന് ഇസ്രാഈല്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഒക്ടോബര്‍ 7 മുതല്‍ ഇസ്രാഈല്‍ ഗസയില്‍ നടത്തുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഗസയ്ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ടാണ് ഹിസ്ബുല്ല ഇസ്രാഈലിനെതിരെ പോരാട്ടം ആരംഭിച്ചത്. ഏകദേശം 14 മാസത്തോളമായി തുടരുന്ന ആക്രമണങ്ങളില്‍ ഇതുവരെ 3400ത്തില്‍ അധികം പേരാണ് ലെബനനില്‍ കൊല്ലപ്പെട്ടത്. 1.2 ദശലക്ഷത്തിലധികം ആളുകള്‍ വീടുകളില്‍ നിന്ന് പലായനം ചെയ്തു.

webdesk13: