X

ഗസ്സയില്‍ ഇതുവരെ ഇസ്രാഈല്‍ തകര്‍ത്തത് 5500 കെട്ടിടങ്ങള്‍; 160 സ്‌കൂളുകള്‍ക്ക് നേരെയും ആക്രമണം

ഇസ്രാഈല്‍ ആക്രമണം തുടരുന്ന ഗസ്സയില്‍ ഇതുവരെ തകര്‍ത്തത് 5500ലേറെ കെട്ടിടങ്ങള്‍. ഇവയില്‍ 14,000 പാര്‍പ്പിട യൂനിറ്റുകളാണെന്ന് ഗസ്സയിലെ സര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അറിയിച്ചു. 160 സ്‌കൂളുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. ഇവയില്‍ 19 എണ്ണം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

സൈപ്രസില്‍ ഇസ്രാഈല്‍ എംബസിക്ക് സമീപം സ്‌ഫോടനം നടന്നതായി ഇസ്രാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വെടിനിര്‍ത്തല്‍ നിര്‍ദേശം ഇസ്രാഈല്‍ തള്ളിയതായി ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് വ്യക്തമാക്കി.

ഗസ്സ, ജെറൂസലേം, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളില്‍ നിന്ന് ഫലസ്തീനികളെ പുറന്തള്ളാനുള്ള നീക്കം ചെറുക്കണമെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ആവശ്യപ്പെട്ടു. വടക്കന്‍ ഗസ്സയില്‍ നിന്ന് ഏഴ് ലക്ഷം പേര്‍ ഇതിനകം ഒഴിഞ്ഞതായി ഇസ്രായേല്‍ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. നീതി പുലരാത്ത കാലത്തോളം അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നും ദ്വിരാഷ്ട്ര പ്രശ്‌നപരിഹാരം വൈകരുതെന്നും അദ്ദേഹം അവകാശപ്പെട്ടു.

യുദ്ധത്തില്‍ മനുഷ്യാവകാശങ്ങളും കുഞ്ഞുങ്ങളുടെ സുരക്ഷയും ഉറപ്പാക്കണമെന്നും ഗസ്സയിലെ മാനുഷിക പ്രതിസന്ധി ഫലസ്തീന്‍ പ്രശ്‌നപരിഹാരത്തില്‍ അന്തര്‍ദേശീയ സമൂഹം പരാജയപ്പെട്ടതിന്റെ ഫലമാണെന്നും കുവൈത്ത് കിരീടാവകാശി പറഞ്ഞു. അന്തര്‍ദേശീയ സമൂഹം ഇസ്രായേല്‍ അതിക്രമങ്ങളുടെ കാര്യത്തില്‍ പുലര്‍ത്തുന്നത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം ആരോപിച്ചു. കരയുദ്ധത്തിലൂടെ ഫലസ്തീനികളെ പുറന്തള്ളാനുള്ള നീക്കം ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ലിബിയന്‍ പ്രസിഡന്‍ഷ്യല്‍ കൗണ്‍സില്‍ തലവന്‍ മുന്നറിയിപ്പ് നല്‍കി.

അതേ സമയം ഈജിപ്തില്‍ നിന്ന് ഗസ്സയിലേക്കുള്ള റഫാ അതിര്‍ത്തി തുറന്നു. എന്നാല്‍ ഗസ്സയിലേക്ക് ഇന്ധനം അനുവദിക്കില്ലെന്ന് ഇസ്രാഈല്‍ പറഞ്ഞു. മരുന്നുകളും അവശ്യവസ്തുക്കളുമടങ്ങിയ ആദ്യ ട്രക്ക് റഫാ അതിര്‍ത്തി കടന്നു. കൂടുതല്‍ ട്രക്കുകള്‍ നീങ്ങി തുടങ്ങിയിരിക്കുകയാണ്. റഫ അതിര്‍ത്തി വഴി സഹായ ഉല്‍പന്നങ്ങളുമായി ഇരുപത് ട്രക്കുകള്‍ ഇന്ന് ഗസ്സയിലേക്ക് നീങ്ങുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.

ദിവസങ്ങളായി ഉപരോധത്തിലമര്‍ന്ന ഗസ്സയിലേക്ക് 20 ട്രക്കുകള്‍ മാത്രമെത്തിയത് കൊണ്ട് ഒന്നുമാകില്ലെന്നാണ് നിരീക്ഷണം. മരുന്നും വെള്ളവും ഭക്ഷണവും ഇല്ലാതായതോടെ ഗസ്സ ശരിക്കും ദുരന്തമുഖത്താണ്. പല ആശുപത്രികളും അടച്ചതോടെ പ്രതിസന്ധി സങ്കീര്‍ണമാണ്. അതേസമയം, റഫാ അതിര്‍ത്തിയിലൂടെ ഗസ്സയില്‍ കുടുങ്ങിയ വിദേശികളെ ഒഴിപ്പിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല.

ഗസ്സക്ക് ഉടന്‍ ഇന്ധനം കൈമാറണമെന്ന് ഫലസ്തീന്‍ റെഡ് ക്രസന്റ് ആവശ്യപ്പെട്ടു. ഇപ്പോള്‍ വന്ന ട്രക്ക് ഉത്പന്നങ്ങള്‍ ദുരിതക്കടലിലേക്കുള്ള ഒരു തുള്ളി മാത്രമാണെന്നും ആവശ്യം കടലോളമാണെന്നും സന്നദ്ധ സംഘടനകള്‍ പറഞ്ഞു.

webdesk13: