X

ഫലസ്തീനികളെ ജയിലുകള്‍ നിറച്ച് ഇസ്രാഈല്‍; പതിനായിരം കവിഞ്ഞു

റാമല്ല: ഗസ്സയില്‍ കൂട്ടക്കുരുതി തുടരുന്നതോടൊപ്പം ഫലസ്തീനികളെ പിടിച്ചുകൊണ്ടുപോയി ജയിലുകള്‍ നിറയ്ക്കുന്ന തിരക്കിലാണ് ഇസ്രാഈല്‍. ഈ മാസം ഏഴിന് അക്രമങ്ങള്‍ പൊട്ടിപ്പെടുന്നതിന് മുമ്പ് 5200 ഫലസ്തീനികളാണ് ഇസ്രാഈയില്‍ ജയിലുകളില്‍ ഉണ്ടായിരുന്നത്. ഇപ്പോഴത് പതിനായിരം കവിഞ്ഞിരിക്കുകയാണ്.

രണ്ടാഴ്ചക്കിടെ ഗസ്സയില്‍നിന്നുള്ള നാലായിരത്തോളം ഫലസ്തീന്‍ തൊഴിലാളികളെ ഇസ്രാഈല്‍ അറസ്റ്റ് ചെയ്തു. ഇവരെ സൈനിക താവളങ്ങളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. അതിനുപുറമെ, അധിനിവേശ വെസ്റ്റ്ബാങ്കില്‍നിന്നും കിഴക്കന്‍ ജറൂസലമില്‍നിന്നും 1070 പേരെയും ഇസ്രാഈല്‍ സേന തട്ടിക്കൊണ്ടുപോയി. ഏത് നിമിഷവും ഇസ്രാഈല്‍ സേനയില്‍നിന്ന് ആക്രമണം പ്രതീക്ഷിക്കാമെന്നതുകൊണ്ട് ഫലസ്തീനികള്‍ ഭീതിയിലാണ്. വളരെ മോശപ്പെട്ട രീതിയിലാണ് സൈനികര്‍ തടവുകാരോട് പെരുമാറുന്നതെന്ന് ഫലസ്തീന്‍ അഭിഭാഷകരും മനുഷ്യാവകാശ സംഘടനകളും ആരോപിക്കുന്നു. സമീപകാല സംഭവ വികാസങ്ങള്‍ ഫലസ്തീന്‍ തടവുകാരെ സംബന്ധിച്ചിടത്തോളം ഏറെ അപകടകരമാണെന്ന് ഫലസ്തീന്‍ അതോറിറ്റി ഉദ്യോഗസ്ഥന്‍ ഖുദറ ഫാരിസ് പറഞ്ഞു. ഇസ്രാഈലിലെ ജയിലുകളില്‍ നിരവധി സ്ത്രീകളും കുട്ടികളും തടവുകാരായി കഴിയുന്നുണ്ട്. വെള്ളം കൊടുക്കാതെയും പട്ടിണിക്കിട്ടും ഇസ്രാഈല്‍ സേന ഇവരെ പീഡിപ്പിക്കുകയാണ്. മരുന്നും നല്‍കുന്നില്ല. ഗുരുതരമായ രോഗം ബാധിച്ചുവര്‍ക്കു പോലും ചികിത്സ നിഷേധിക്കുയാണെന്ന് അദ്ദേഹം അറിയിച്ചു.

ഇവരുടെ കാര്യത്തില്‍ കുടുംബങ്ങളും ഫലസ്തീനികള്‍ പൊതുവയെും ആശങ്കയിലാണ്. തടവുകാര്‍ക്കുള്ള ക്ലിനിക്കുകള്‍ അടച്ചിരിക്കുകയാണ്. ഇവരില്‍ കാന്‍സര്‍ രോഗികളുമുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫലസ്തീന്‍ തടവുകാര്‍ക്ക് ശാരീരിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവരുന്നതായും റിപ്പോര്‍ട്ടുണ്ട്. തടവുകാരെ കൂട്ടത്തോടെ നഗ്‌നരാക്കി ശാരീരിക പരിശോധന നടത്തുന്നു. കൈകള്‍ പിന്നിലേക്ക് ബന്ധിച്ച് കടുത്ത വേദന അനുഭവപ്പെടുന്നതുവരെ മുറുക്കി മണിക്കൂറുകളോളം നിര്‍ത്തുന്നതായും മനുഷ്യാവകാശ സംഘടനകള്‍ അറിയിച്ചു.

webdesk11: