X

ഇസ്രായേല്‍ നിലപാടിലെ സി.പി.എമ്മിന്റെ ‘യൂടേണ്‍’

 

മുജീബ്. കെ. താനൂര്‍

ഇസ്രയേല്‍ അമേരിക്കക്കു ഹാനികരമെന്നു യുഎസ് യഹൂദ പുരോഹിതര്‍. ഇസ്രയേലില്‍ ബെന്യാമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടണം അധികാരമേറ്റ ഉടനെ അമേരിക്കയിലെ യഹൂദ പുരോഹിതന്മാര്‍ ഒന്നിച്ച് ഇസ്രായേലിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ ലിക്വിഡ് പാര്‍ട്ടിയും മറ്റു തീവ്ര സ്വഭാവമുള്ള മത വംശീയ പാര്‍ട്ടികളുമാണ് പുതിയ സര്‍ക്കാരിലുള്ളത്. ഇസ്രയേല്‍ അമേരിക്കക്കു ഹാനികരമെന്നു അമേരിക്കയിലെ യഹൂദ പുരോഹിതരുടെ ആവശ്യം.

നത്തന്യാഹുവിന്റെ ഇസ്രയേല്‍ ഗവണ്‍മെന്റ് അമേരിക്കക്ക് വന്‍ ആഘാതം സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി അമേരിക്കയിലെ യഹൂദ മതപുരോഹിതന്മാര്‍ (റബ്ബിമാര്‍) രംഗത്തെത്തിയത് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാവുകയാണ്. കടുത്ത വലതു പക്ഷവും തികഞ്ഞ വംശീയതയും കൈമുതലായുള്ള ഈ സര്‍ക്കാരിന് ബഞ്ചമിന്‍ നത്തന്യാഹു നേതൃത്വം നല്‍കുന്നത് തന്നെ ചില ദുഷ്ടലാക്കോടെയാണെന്നു കാണിച്ചു യഹൂദ മത പുരോഹിതന്മാര്‍ അമേരിക്കന്‍ ഭരണ കൂടത്തിനു എഴുതിയ കത്തില്‍ പറയുന്നത് . പ്രധാനമന്ത്രി നെതന്യാഹുവിന്റെ കീഴിലുള്ള ഇസ്രയേലിന്റെ പുതിയ ഗവണ്‍മെന്റിന് തീവ്രവാദ നയങ്ങള്‍ ഉപയോഗിച്ച് ”പരിഹരിക്കാന്‍ കഴിയാത്ത ദോഷം” വരുത്താന്‍ കഴിയുമെന്ന് മുന്നറിയിപ്പ് നല്‍കുന്ന ഒരു കത്തില്‍ 300-ലധികം യുഎസ് റബ്ബിമാര്‍ ആണ് ഒപ്പു വെച്ചിട്ടുള്ളത്

നെതന്യാഹു കാബിനറ്റിലും ഗവണ്‍മെന്റിലും ചേരാന്‍ പോകുന്ന തീവ്ര ജൂത ദേശീയവാദി അംഗങ്ങളില്‍ നിന്നുള്ള നയ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ കത്ത് മുന്നറിയിപ്പ് നല്‍കുന്നു,അവര്‍ തികഞ്ഞ ‘ജനാധിപത്യധ്വംസകരാണ്.പുതിയ ഇസ്രായേല്‍ സര്‍ക്കാര്‍ അവരുടെ നയങ്ങള്‍ നടപ്പിലാക്കിയാല്‍, ‘ഇസ്രായേല്‍-ജൂത ഡയസ്പോറ ബന്ധത്തിന് പരിഹരിക്കാനാകാത്ത ദോഷം വരുത്തും, കാരണം അവ ബഹുഭൂരിപക്ഷം അമേരിക്കന്‍ ജൂതന്മാര്‍ക്കും അമേരിക്കന്‍ മൂല്യങ്ങള്‍ക്കും അവഹേളനമാണ്,’ കത്തില്‍ പറയുന്നു.

നെതന്യാഹുവിന്റെ പല നിലപാടുകളും സ്ത്രീകളുടെ അവകാശങ്ങള്‍ ഇല്ലാതാക്കാനും അറബ് ഇസ്രായേലികളെ പുറത്താക്കാനും ഇസ്രായേലി സുപ്രീം കോടതി വിധികളെ അസാധുവാക്കാനും കഴിയുമെന്നും അവരുടെ മറ്റു തീവ്ര വാദനിലപാടുകള്‍ അമേരിക്കന്‍ മൂല്യങ്ങള്‍ക്ക് വിരുദ്ധമാകുമെന്നും റബ്ബികള്‍ വാദിക്കുന്നു.
രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും തീവ്രമായ ഭരണം എന്ന് വിളിക്കപ്പെടുന്ന തീവ്ര വലതുപക്ഷ ഭരണസഖ്യത്തെ ഒന്നിപ്പിച്ചതിന് ശേഷം നെതന്യാഹു മൂന്നാം തവണയും ഇസ്രായേലിന്റെ പ്രധാനമന്ത്രിയായി അധികാരത്തില്‍ തിരിച്ചെത്താന്‍ ഒരുങ്ങുകയാണ്.
മത സയണിസ്റ്റ് പാര്‍ട്ടിയിലെ അംഗങ്ങളെ അവരുടെ സഭകളിലും സംഘടനകളിലും പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞുകൊണ്ട് കടുത്ത വലതുപക്ഷ ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുമെന്ന് റബ്ബികള്‍ അവരുടെ തുറന്ന കത്തില്‍ പ്രതിജ്ഞയെടുത്തു. മറ്റ് ജൂത പുരോഹിതന്മാരോടും തീവ്ര സയണിസ്‌ററ് വിഭാഗങ്ങളെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്നുമുണ്ട് കത്തില്‍.
”വംശീയതയും മതാന്ധതയും കൊട്ടിഘോഷിക്കുന്നവര്‍ ഇസ്രായേലിന്റെ പേരില്‍ സംസാരിക്കുന്നുവെന്ന് അവകാശപ്പെടുന്നത് അനുവദിക്കില്ല, ഈ നീചത്വത്തിനെതിരെ അമേരിക്കന്‍ സമാധാനത്തിനും കെട്ടുറപ്പിനും വേണ്ടി ശക്തമായി ശബ്ദിക്കാനും വംശീയ വെറിക്കെതിരെ പ്രതികരിക്കാനും എല്ലാവരും മുന്നിട്ടു വരണമെന്നും’ റബ്ബിമാര്‍ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുടെ പുത്രന്‍ യെര്‍ നെതന്യാഹു രാജ്യദ്രോഹത്തിന് ജയിലില്‍ കഴിയുകയാണ്. മൂന്ന് അഴിമതി കുറ്റങ്ങളും അദ്ദേഹം നേരിടുന്നു. ഇസ്രായേല്‍ പീനല്‍ കോഡില്‍ രാജ്യദ്രോഹത്തിനു ഏറ്റവും കുറഞ്ഞത് വധശിക്ഷയാണ്. ഇതിനെതിരെ നെതന്യാഹു ട്വിറ്ററില്‍ കുറിച്ചത് ‘ മകന്‍ ഒരു സ്വതന്ത്ര മനുഷ്യനാണ്, അയാളുടെ ചെയ്തിയില്‍ അയാള്‍ മാത്രം ഒതുങ്ങുന്നതാണ്, എന്നിരുന്നാലും എല്ലാവര്‍ക്കും വിമര്‍ശിക്കാന്‍ അധികാരമുണ്ട് എന്നതിനോട് യോജിപ്പില്ല,’ എന്നാണ്.

മകന്‍ അടക്കം നിരവധി തീവ്ര സയണിസ്റ്റുകള്‍ ദിനേന ജയിലാകുന്ന വേളയില്‍ അധികാരം തിരിച്ചു പിടിക്കുക എന്ന അവസ്ഥ നെതന്യാഹുവിനും തന്റെ പാര്‍ട്ടിക്കും അനിവാര്യമായതിനാലാണ് ഇങ്ങനെ ഒരു തിരിച്ചു വരവെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളില്‍ പലരും പുതിയ ഇസ്രായേല്‍ ഗവണ്‍മെന്റിനെതിരെ രംഗത്തുവന്നിരിക്കുകയാണ്. സ്റ്റേറ്റ് സെക്രട്ടറി ബ്രിങ്കന്‍ അമേരിക്കന്‍ മൂല്യങ്ങളെ ബഹുമാനിക്കുന്ന ഏതൊരു സര്‍ക്കാരിനും യുഎസ് പിന്തുണയും സഹായവും ഉണ്ടാകുമെന്ന് പുതിയ സര്‍ക്കാരിന്റെ വരവിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്.
മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ലിയു ബുഷിന്റെ സെക്രട്ടറിയായിരുന്ന ഡാനിയല്‍ സി കെര്‍ഗ്, ആറുതവണ അമേരിക്കന്‍ സെക്രട്ടറിമാരുടെ ഉപദേശകനായിരുന്ന ആരും ഡേവിഡ് മില്ലര്‍ എന്നിവര്‍ വാഷിംഗ്ടണ്‍ പോസ്റ്റില്‍ പുതിയ ഇസ്രായേല്‍ സര്‍ക്കാരിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരിക്കുകയാണ്. ലോകസമാധാനത്തിന് കോട്ടം തട്ടുമെന്നതിലല്ല ഇസ്രായേല്‍ തീവ്രവാദം വ്യാപിപ്പിച്ചു മറ്റുള്ളവരെ ഭീതിമുനയില്‍ നിര്‍ത്തുന്ന രാഷ്ട്രീയ തന്ത്രമാണ് നേത്യന്യാഹു പ്രയോഗിക്കുക എന്ന് ഇവര്‍ വെളിപ്പെടുത്തുന്നു. റബ്ബിമാരും മറ്റും പറയുന്നതിലൊന്നും കൂസാതെ ഇസ്രായേലിനു പുറത്തു ഒരു പുതിയ സൗഹൃദം വളര്‍ന്ന് വരുന്നതിനെ കേരളത്തിലും വലിയ ചര്‍ച്ചയൊന്നുമായില്ല.

കൃഷി, ടൂറിസം മേഖലകളില്‍ കേരളവുമായി സഹകരിക്കുന്നത് പരിഗണിക്കാമെന്ന് ഇസ്രയേല്‍ ഏതാനും ദിവസം മുമ്പെയാണ് വ്യക്തമാക്കിയത്
കൃഷി, ടൂറിസം മേഖലകളില്‍ കേരളത്തിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നത് അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് സൗത്ത് ഇന്ത്യയിലെ ഇസ്രയേല്‍ കോണ്‍സുല്‍ ജനറല്‍ ടമി ബെന്‍ ഹെയിം അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ചേംബറില്‍ നടന്ന കൂടിക്കാഴ്ചയിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രായേലിലെ ടൂറിസം മന്ത്രാലയവുമായി ആലോചിച്ച് കേരളവുമായുള്ള ടൂറിസം രംഗത്തെ സഹകരണം എങ്ങനെയൊക്കെയാകാമെന്ന് നിശ്ചയിക്കുമെന്ന് കോണ്‍സുല്‍ ജനറല്‍ ഉറപ്പുനല്‍കി. മൂല്യവര്‍ധിത കാര്‍ഷികോല്പന്നങ്ങള്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ കമ്പനികളുമായി ധാരണാപത്രം ഒപ്പിടുന്നതിന് ഉദ്യോഗസ്ഥലത്തില്‍ ചര്‍ച്ചകള്‍ തുടരാമെന്നും കോണ്‍സുല്‍ ജനറല്‍ ഉറപ്പുനല്‍കി. ഇസ്രായേല്‍ മന്ത്രി ഫെബ്രുവരിയില്‍ കേരളം സന്ദര്‍ശിക്കാന്‍ തയ്യാറെടുക്കുന്നുണ്ട്. കോണ്‍സുല്‍ ജനറലിന്റെ സഹകരണം മുഖ്യമന്ത്രി പിണറായിയും സ്വാഗതം ചെയ്തു. കേരളവുമായി ഇസ്രായേലിനുള്ള ദീര്‍ഘകാലത്തെ ബന്ധം മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ ഓര്‍മിപ്പിച്ചു. ആദ്യകാല ഇസ്രയേല്‍ കുടിയേറ്റ പ്രതീകമായ കൊച്ചിയിലെ സിനഗോഗിന്റെ കാര്യവും മുഖ്യമന്ത്രി സൂചിപ്പിച്ചു. ഇതൊക്കെ ഇത്ര ധൈര്യമായി ചെയ്യാന്‍ അല്ലെങ്കില്‍ അതിന്റെ മേന്മകള്‍ ജനങ്ങളെ ബോധിപ്പിക്കാന്‍ സി പിഎമ്മിനെ കഴിയുകയുള്ളൂ എന്നിടത്തേയ്ക്കാണ് കാര്യങ്ങളുടെ പോക്ക്.യു ഡി എഫ് സര്‍ക്കാരിന്റെ കാലത്താണ് ഇങ്ങനെ ഒരു ധാരണ ഉണ്ടായിരുന്നാലുള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ. ആദ്യം മുസ്ലിം ലീഗിന്റെ നേര്‍ക്കായിരിക്കും ചാട്ടുളി തൊടുത്തു വിടുക. ഇടതു പക്ഷം കാര്യങ്ങളെല്ലാം നൈസായി ചെയ്തു വരുന്നതിനാല്‍ ഇപ്പോള്‍ ആര്‍ക്കും ഒരെതിര്‍പ്പുപോലുമില്ല. ന്യൂക്ലിയര്‍ സപ്പ്‌ളൈസ് ഗ്രൂപ്പില്‍ ഇന്ത്യ അംഗമാക്കാന്‍ പോകുന്നു, അമേരിക്കയുമായി ചങ്ങാത്തം കൂടുന്നു, ഇതൊക്കെ ഇസ്രായേല്‍ ബുദ്ധിയില്‍ വിരിഞ്ഞതാണ് എന്നൊക്കൊ ആ ക്രോശിച്ചു 2009 ല്‍ യു. പി. എ. യുമായുള്ള സഹകരണം അവസാനിപ്പിച്ച പാര്‍ട്ടിയാണ് സി. പി. എം. എന്നോര്‍ക്കുമ്പോള്‍ ഇപ്പോള്‍ നടത്തുന്ന പുതിയ മറുകണ്ടം ചാടിക്കളി, ചിന്തിപ്പിക്കുകയല്ല ചിരിപ്പിക്കുകയാണ് ചെയ്യുന്നത്.

 

Chandrika Web: