X
    Categories: NewsWorld

ഹമാസ് വെടിനിർത്തൽ കരാർ അംഗീകരിച്ചതിനു ശേഷവും ഗസയിൽ ആക്രമണം തുടർന്ന് ഇസ്രാഈല്‍

മധ്യസ്ഥ രാജ്യങ്ങള്‍ മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ കരാര്‍ ഹമാസ് അംഗീകരിച്ചതിനു ശേഷവും റഫ അതിര്‍ത്തിയില്‍ വെടിവയ്പ്പും ബോംബിങ്ങും തുടര്‍ന്ന് ഇസ്രാഈല്‍. തിങ്കളാഴ്ച രാത്രി ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിലാണ് വെടിനിര്‍ത്തല്‍ കരാര്‍ ഹമാസ് അംഗീകരിച്ചത്. എന്നാല്‍ ഇതിനുശേഷവും ജനങ്ങളോട് റഫ അതിര്‍ത്തി വിട്ട് പോകാന്‍ ഇസ്രാഈല്‍ നിര്‍ദേശിക്കുകയായിരുന്നു. വ്യോമമാര്‍ഗം ലഖുലേഖകള്‍ നല്‍കിയും റേഡിയോ മാര്‍ഗവുമാണ് അറിയിപ്പ് ജനങ്ങളിലേക്ക് എത്തിച്ചത്.

സുരക്ഷിതമെന്ന് ഇസ്രാഈല്‍ അവകാശപ്പെടുന്ന അല്‍ മവാസിയിലേക്ക് മാറാനാണ് ജനങ്ങളോട് ആവശ്യപ്പെട്ടതെന്ന് ഐ.ഡി.എഫ് വക്താവ് ലെഫ്റ്റനെന്റ് കേണല്‍ നേതാവ് ശോശാനി പറഞ്ഞു. ഇസ്രാഈലിന്റെ ഈ ആക്രമണം ഗസയിലെ വെടിനിര്‍ത്തല്‍ കരാറിനെ ബാധിക്കുമെന്ന് ഹമാസ് ഇസ്രാഈലിന് മുന്നറിയിപ്പ് നല്‍കി. തിങ്കളാഴ്ച ഹമാസ് നടത്തിയ ആക്രമണത്തില്‍ നാല് ഇസ്രാഈല്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പകരമാണോ ഇസ്രാഈല്‍ നടത്താനിരിക്കുന്ന ഈ ആക്രമണം എന്നും വ്യക്തമല്ല.

രാജ്യത്തിന്റെ നന്മക്കായി ഹമാസിലെ രാക്ഷസന്മാരെ തങ്ങള്‍ ഇല്ലാതാക്കും എന്നാണ് ഇസ്രാഈല്‍ പ്രധാനമന്ത്രി നെതന്യാഹു പറയുന്നത്. ഹമാസിനെതിരെയുള്ള പൂര്‍ണ വിജയമാണ് തങ്ങള്‍ക്ക് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇസ്രാഈലിന്റെ ഈ ആക്രമണ പദ്ധതിയെ അനുകൂലിക്കില്ലെന്ന് അമേരിക്ക അറിയിച്ചു. ഇസ്രാഈല്‍ റഫയില്‍ ആക്രമണം നടത്തിയാല്‍ അത് ഫലസ്തീന്‍ ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കുമെന്നും അത് വലിയ മനുഷ്യത്വ രഹിതമായ പ്രവര്‍ത്തിയായി മാറുമെന്നും അതിനാല്‍ തങ്ങള്‍ ഇതിനെ അനുകൂലിക്കില്ലെന്നും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ടമെന്റ് സ്‌പോക്മാന്‍ മാത്യു മില്ലര്‍ പറഞ്ഞു.

ഹമാസ് അംഗങ്ങള്‍ ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതിനു പിന്നാലെയാണ് ഇസ്രാഈല്‍ വീണ്ടും ആക്രമണം തുടങ്ങിയത്. വെടിനിര്‍ത്തല്‍ കരാറിന് മൂന്നു ഭാഗങ്ങളാണ് ഉള്ളത്. ആദ്യ ഭാഗത്തില്‍ ഇസ്രാഈലിന്റെ പട്ടാളക്കാരെ മുഴുവന്‍ നെറ്റ്സറീം ഇടനാഴിയില്‍ നിന്ന് നീക്കം ചെയ്യുകയും പാലായനം ചെയ്ത ഫലസ്തീനികളെ വീടുകളില്‍ എത്തിക്കുകയും ചെയ്യും.

രണ്ടാം ഘട്ടത്തില്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ ശാശ്വതമായി നിര്‍ത്തുകയും ചെയ്യും. അവസാനമായി ഗസ മുനമ്പിലെ ഉപരോധം പൂര്‍ണമായും അവസാനിപ്പിക്കും. ഇതിനു പകരമായി ഹമാസ് ബന്ദികളാക്കി വച്ചിരിക്കുന്ന ഇസ്രഈല്‍ പൗരന്‍മാരെ വിട്ടയക്കും.

webdesk13: