പുതുവത്സരം പിറന്നതിന് പിന്നാലെ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ എട്ടുവയസ്സുകാരന്‍ ആദം ഫര്‍ഹല്ല ഉള്‍പ്പെടെ രണ്ട് ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 27 കാരനായ ഖുലൂദ് അബു ദാഹറാണ് കൊല്ലപ്പെട്ട രണ്ടാമത്തെ ഫലസ്തീനി.
ബുധനാഴ്ച പുലര്‍ച്ചെ ബുറൈജ് ക്യാമ്പിലെ വീടിന് നേരെ ഇസ്രാഈല്‍ സൈന്യം ബോംബാക്രമണത്തിലാണ് ആദം ഫര്‍ഹല്ല കൊല്ലപ്പെടുന്നത്. മൃതദേഹത്തിനരികെ കുട്ടിയുടെ അറ്റുവീണ കാല്‍ പിടിച്ചുനില്‍ക്കുന്നൊരു ഫലസ്തീനിയന്‍ കൗമാരക്കാരന്റെ വേദനാജനകമായ ചിത്രം പ്രാദേശിക സാമൂഹിക പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
അതേസമയം ഗസ്സ സിറ്റി, തെക്കന്‍ ഖാന്‍ യൂനിസ്, വടക്കന്‍ ജബാലിയ എന്നിവിടങ്ങളിലും പുതുവത്സര ദിനത്തില്‍ ഇസ്രാഈല്‍ ആക്രമണം നടത്തി. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 29ഓളം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യ്തത്. ഇസ്രാഈലിന്റെ ആക്രമണങ്ങള്‍ക്ക് പുറമെ കൊടുംതണുപ്പും മഴയും ഗസ്സയില്‍ ദുരിതം വിതക്കുകയാണ്. യുദ്ധത്തില്‍ തകര്‍ന്ന പ്രദേശത്തുടനീളമുള്ള ആയിരക്കണക്കിന് ടെന്റുകള്‍ വെള്ളത്തിനടിയിലായി. കഴിഞ്ഞ ഒരാഴ്ചക്കിടെ ഏഴ് കുട്ടികളാണ് ശൈത്യം ബാധിച്ച് മരിച്ചതായി ഗസ്സയിലെ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തത്.
2023 ഒക്‌ടോബര്‍ മുതല്‍ ആരംഭിച്ച ഇസ്രാഈല്‍ ആക്രമണത്തില്‍ 45,500ലധികം ഫലസ്തീനികളാണ് ഇതിനകം കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. ഇതില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ഒരു ലക്ഷത്തിലധികം പേര്‍ക്കാണ് പരിക്കേറ്റത്. വീടുകളും സ്‌കൂളുകളും ആശുപത്രികളും ഉള്‍പ്പെടെ ഗസ്സയുടെ 90 ശതമാനം അടിസ്ഥാന സൗകര്യങ്ങളും ഇസ്രാഈല്‍ ഇതിനകം തന്നെ നശിപ്പിച്ചിട്ടുണ്ട്.