ഗസ്സ: ഉപരോധത്തില്‍ കഴിയുന്ന ഗസ്സയിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്ന പ്രധാന അതിര്‍ത്തി കവാടവും ഇസ്രാഈല്‍ അടച്ചു. ഇസ്രാഈലിന്റെ ഉപരോധത്തില്‍ വീര്‍പ്പുമുട്ടുന്ന ഗസ്സയെ നടപടി കൂടുതല്‍ വലിയ ദുരിതത്തിലേക്ക് തള്ളും.
മനുഷ്യത്വത്തിനെതിരെയുള്ള ഇസ്രാഈലിന്റെ പുതിയ കുറ്റകൃത്യമെന്നാണ് ഇതെന്ന് ഹമാസ് കുറ്റപ്പെടുത്തി. ഫലസ്തീനികളുടെ നുഴഞ്ഞുകയറ്റത്തിനും കൊള്ളിവെപ്പുകള്‍ക്കും പ്രതികാരമായാണ് പ്രധാന ചരക്ക് കവാടം അടച്ചതെന്ന് ഇസ്രാഈല്‍ പറയുന്നു. ഹമാസിന് കനത്ത പ്രഹരമേല്‍പ്പിക്കുമെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.
ഏപ്രില്‍ മുതല്‍ ഫലസ്തീന്‍ പ്രതിഷേധക്കാര്‍ ഗസ്സയില്‍നിന്ന് അതിര്‍ത്തി വഴി തീപന്തങ്ങളും സ്‌ഫോടക വസ്തുക്കളും കെട്ടി പട്ടങ്ങളും ബലൂണുകളും അയച്ചു തുടങ്ങിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് 2600 ഹെക്ടര്‍ കൃഷി സ്ഥലം കത്തിനശിച്ചിട്ടുണ്ടെന്ന് ഇസ്രാഈല്‍ പറയുന്നു.
ഫലസ്തീന്‍ അഭയാര്‍ത്ഥികളെ തിരിച്ചുവരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അതിര്‍ത്തിയില്‍ ഫലസ്തീനികള്‍ പ്രക്ഷോഭ പരിപാടികള്‍ ആരംഭിച്ച ശേഷമാണ് പട്ടങ്ങള്‍ ആയുധമാക്കിത്തുടങ്ങിയത്. നിരായുധരായ പ്രതിഷേധക്കാര്‍ക്കുനേരെ ഇസ്രാഈല്‍ സേന നടത്തിയ വെടിവെപ്പുകളില്‍ 130ലേറെ പേര്‍ കൊല്ലപ്പെടുകയും 15,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇസ്രാഈല്‍ സേനയുടെ അതിക്രമങ്ങള്‍ക്കെതിരെ അന്താരാഷ്ട്രതലത്തില്‍ പ്രതിഷേധം ശക്തിപ്പെട്ടിട്ടുണ്ട്. നെതന്യാഹുവിന്റെ ഉത്തരവുപ്രകാരമാണ് കരിം ഷാലോം അതിര്‍ത്തി കവാടം അടക്കുന്നതെന്ന് ഇസ്രാഈല്‍ സേന അറിയിച്ചു.
മെഡിറ്ററേനിയന്‍ കടലില്‍ ആറ് നോട്ടിക്കല്‍ മൈലിനപ്പുറത്തേക്ക് പോകുന്നതില്‍നിന്ന് ഫലസ്തീന്‍ മത്സ്യബന്ധന ജീവനക്കാരെ തടയുമെന്നും സൈന്യം പറഞ്ഞു. ഗസ്സക്കെതിരെ കൂടുതല്‍ ശക്തമായ നടപടികള്‍ പരിഗണനയിലുണ്ടെന്ന് പ്രതിരോധ മന്ത്രി അവിഗ്‌ദോര്‍ ലിബര്‍മാന്‍ വ്യക്തമാക്കി. ഇസ്രാഈല്‍ ഉപരോധം ഗസ്സയില്‍ ജനജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്.