ഗസ്സയില്‍ വംശഹത്യ പുനരാരംഭിച്ച് ഇസ്രാഈല്‍. വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച് ഗസ്സയിലുടനീളം ബോംബിട്ടു. മണിക്കൂറുകള്‍ക്കുള്ളില്‍ കുട്ടികളടക്കം 300ലധികം പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം മരണ സംഖ്യ 310 ആയി. ഇസ്രാഈല്‍ ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചെന്ന് ഹമാസ് പ്രതികരിച്ചു.
ജനുവരി 19ന് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രണമാണ് റമദാന്‍ മാസത്തില്‍ ഇസ്രാഈല്‍ നടത്തിയത്. അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന സമാധാന ചര്‍ച്ച ഫലംകാണാതെ പിരിഞ്ഞതിനു പിന്നാലെയാണ് ഇസ്രാഈലിന്റെ നരനായാട്ട്. വടക്കന്‍ ഗസ്സ, ഗസ്സ സിറ്റി, മധ്യ- തെക്കന്‍ ഗസ്സ മുനമ്പിലെ ദെയര്‍ അല്‍-ബല, ഖാന്‍ യൂനിസ്, റഫാ എന്നിവയുള്‍പ്പെടെ നിരവധി സ്ഥലങ്ങളിലാണ് ആക്രമണമുണ്ടായത്. മരിച്ചവരില്‍ ഭൂരിഭാഗവും കുട്ടികളാണെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. ഉറങ്ങിക്കിടക്കുന്ന സമയത്താണ് ഇസ്രാഈലിന്റെ ബോംബുകള്‍ വന്നു പതിക്കുന്നത്.
ഡസന്‍ കണക്കിന് ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച ഇസ്രാഈല്‍ സൈന്യം, ആവശ്യമുള്ളിടത്തോളം കാലം ആക്രമണം തുടരുമെന്നും വ്യോമാക്രമണത്തിനപ്പുറം നീക്കം വ്യാപിക്കുമെന്നും വ്യക്തമാക്കി. കരയാക്രമണ സാധ്യതകളിലേക്കാണ് ഇസ്രാഈലിന്റെ പ്രസ്താവനയെ നിരീക്ഷിക്കുന്നത്. അതേസമയം രക്തം പുരണ്ട വെളുത്ത പ്ലാസ്റ്റിക് ഷീറ്റുകളില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ടതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.