ജറൂസലം: അധിനിവേശ വെസ്റ്റ്ബാങ്കിലെ ജെനിന്‍ നഗരത്തില്‍ ഇസ്രാഈല്‍ സേന മൂന്ന് ഫലസ്തീനികളെക്കൂടി വെടിവെച്ചു കൊലപ്പെടുത്തി. മാസങ്ങളായി ദിനംപ്രതി തുടരുന്ന റെയ്ഡിന്റെ ഭാഗമായാണ് വ്യാഴാഴ്ച രാവിലെയും ഇസ്രാഈല്‍ പട്ടാളക്കാര്‍ ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പിലേക്ക് ഇരച്ചുകയറിയത്. റെയ്ഡില്‍ രണ്ട് ഫലസ്തീനികള്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. സിഖ്ദി സകാര്‍ന(29), അത്ത ഷലബി(46), താരിഖ് അല്‍ ദമാജ്(29) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇസ്രാഈലിന്റെ അരുംകൊലകളില്‍ പ്രതിഷേധിച്ച് നടന്ന പൊതു പണിമുടക്കിന്റെ ഭാഗമായി ജെനിനില്‍ ഇന്നലെ കടകളും വിദ്യാലയങ്ങളും അടച്ചിട്ടു. ഇന്നലെ പുലര്‍ച്ചെ അഭയാര്‍ത്ഥി ക്യാമ്പിലെത്തിയ ഇസ്രാഈല്‍ സൈനികര്‍ നിരവധി ഫലസ്തീനികളെ അറസ്റ്റ് ചെയ്തു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച സൈന്യത്തിനെതിരെ ജനം പ്രതിഷേധവുമായി രംഗത്തെത്തി. കാറില്‍ ഇരിക്കുമ്പോഴാണ് സകാര്‍നയെ വെടിവെച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തുടര്‍ന്ന് അദ്ദേഹത്തെ കാറില്‍നിന്ന് പുറത്തേക്ക് വലിച്ചിട്ടു. സകാര്‍ന സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
വെടിയേറ്റ് കിടക്കുന്ന സകാര്‍നയെ സഹായിക്കാനായി കാറില്‍നിന്ന് പുറത്തിറങ്ങിയപ്പോഴായിരുന്നു ഷലബിയെ വെടിവെച്ചത്. സഹോദരനോടൊപ്പം ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് സംഭവം.
ഇസ്രാഈലില്‍ തന്നെയായിരുന്നു ഷലബിക്ക് ജോലി. ജലാമ ചെക്‌പോയിന്റ് വഴി ഇസ്രാഈലിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പാണ് അദ്ദേഹം കൊല്ലപ്പെട്ടത്. അല്‍ ദമാജ് കൊല്ലപ്പെടാനിടയായ സാഹചര്യം വ്യക്തമല്ല. ഫലസ്തീനിയന്‍ റെഡ് ക്രസന്റിന്റെ ആംബുലന്‍സിന് നേരെയും ഇസ്രാഈല്‍ സേന വെടിവെച്ചു. വെസ്റ്റ്ബാങ്കില്‍ 24 മണിക്കൂറിനിടെ നാല് പേരെയാണ് ഇസ്രാഈല്‍ പട്ടാളക്കാര്‍ കൊലപ്പെടുത്തിയത്.