X
    Categories: Newsworld

ഗസയില്‍ ബ്രഡ് വാങ്ങാന്‍ ക്യൂ നിന്ന ജനക്കൂട്ടത്തിന് നേരെ ഇസ്രാഈലിന്റെ ആക്രമണം: എട്ട് മരണം

ഗസയിലെ യു.എന്‍ അഭയാര്‍ത്ഥി ക്യാമ്പായ ഉന്റയ്ക്ക് സമീപമുണ്ടായ ആക്രമണത്തില്‍ 8 ഫലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഗസയിലെ യു.എന്‍ അഭയാര്‍ത്ഥി ക്യാമ്പായി പ്രവര്‍ത്തിക്കുന്ന ഫഖൗറ സ്‌കൂളിന് സമീപത്ത് ബ്രഡ് വാങ്ങാനായി കാത്തുനില്‍ക്കുകയായിരുന്ന ജനക്കൂട്ടത്തിന് നേരേ ഇസ്രാഈല്‍ നടത്തിയ ബോംബാക്രമണത്തില്‍ 8 പേര്‍ കൊല്ലപ്പെട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. അക്രമസംഭവത്തിന്റെ ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അല്‍ ജസീറ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

‘ഇവിടെയായിരുന്നു ഇസ്രാഈല്‍ സൈന്യത്തിന്റെ ആക്രമണം നടന്നത്. ഇത് ഒരു റൊട്ടി സ്റ്റാളാണ്. ഈ സ്റ്റാളില്‍ നിന്ന് റൊട്ടി വാങ്ങുന്നതിനിടെ ആണ് ആക്രമണം ഉണ്ടായത്,’ നിലത്തെ രക്തക്കറ ചൂണ്ടിക്കാട്ടി അല്‍ ജസീറ റിപ്പോര്‍ട്ടര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് വെച്ച് ഇസ്രാഈല്‍ സേന നടത്തിയ ബോംബാക്രമണത്തില്‍ ഒരു ഫലസ്തീന്‍ പൗരന്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഒക്ടോബര്‍ ഏഴിന് നടന്ന ഹമാസ് ആക്രമണത്തിന് പിന്നാലെ ഇസ്രഈല്‍ ഫലസ്തീനില്‍ നടത്തിയ കൂട്ടക്കുരുതിയില്‍ ഇതുവരെ 40,000ല്‍ അധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഫലസ്തീന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. അതില്‍ 17,000 പേര്‍ കുട്ടികളാണ്.
അതേസമയം ഹമാസ് ബന്ദികളാക്കിയ ആറ് ഇസ്രഈലികള്‍ റഫയില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്.

രാജ്യത്തെ ഏറ്റവും വലിയ ട്രേഡ് യൂണിയനായ ഹിസ്ട്രഡിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ വെടിനിര്‍ത്തല്‍ വേണം എന്നാവശ്യപ്പെട്ട് പതിനായിരക്കണക്കിന് പൗരന്മാര്‍ ഇസ്രാഈലിന്റെ തെരുവുകളില്‍ പ്രതിഷേധിച്ചു. പൊലീസുകാരും പ്രക്ഷോഭകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ രാജ്യവ്യാപക പണിമുടക്കിനെതിരെ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വളരെ രൂക്ഷമായാണ് പ്രതികരിച്ചത്. ബന്ദിമോചനം ആവശ്യപ്പെട്ട് നടത്തിയ പണിമുടക്ക് രാജ്യത്തിന് നാണക്കേടുണ്ടാക്കിയെന്ന് പറഞ്ഞ നെതന്യാഹു ബന്ദികളുടെ കൊലപാതകത്തില്‍ ഹമാസിനെ പിന്തുണയ്ക്കുന്ന നിലപാടാണ് പ്രതിഷേധക്കാര്‍ സ്വീകരിച്ചതെന്ന് ആരോപിച്ചിരുന്നു. ബന്ദികളെ ജീവനോടെ തിരികെ രാജ്യത്ത് എത്തിക്കാന്‍ സാധിക്കാത്തതില്‍ ജനങ്ങളോട് ക്ഷമ ചോദിച്ച നെതന്യാഹു ഫിലാഡല്‍ഫി ഇടനാഴിയില്‍ നിന്ന് ഇസ്രാഈല്‍ സൈന്യം പിന്മാറണമെന്ന ഹമാസിന്റെ നിര്‍ദേശം നിരാകരിക്കുകയും ചെയ്തിരുന്നു.

webdesk13: