ദുബൈ: യാത്രാ വിമാനത്തിനു പിന്നാലെ യുഎഇയിലേക്ക് ചരക്കു വിമാനം പ്രഖ്യാപിച്ച് ഇസ്രയേല്‍. സെപ്തംബര്‍ 16ന് ടെല്‍ അവീവില്‍ നിന്ന് ദുബൈ വിമാനത്താവളത്തിലേക്കാണ് ആദ്യ ചരക്കുവിമാനം. പ്രതിവാര സര്‍വീസാണ് ഇതെന്നാണ് സൂചന. ബോയിങ് 747 വിമാനത്തിന്റെ ആദ്യ യാത്ര ബെല്‍ജിയത്തിലേക്കാണ്. അവിടെ നിന്ന് ദുബൈ വിമാനത്താവളത്തിലേക്ക് തിരിക്കും. കാര്‍ഷിക-ഹൈടെക് ഉല്‍പ്പന്നങ്ങളാകും വിമാനത്തില്‍ ഉണ്ടാകുക. എല്ലാ ബുധനാഴ്ചയും ഇസ്രയേലില്‍ നിന്ന് പുറപ്പെടുന്ന വെള്ളിയാഴ്ച ദുബൈയില്‍ നിന്ന് തിരിച്ചു പോകും.
ഓഗസ്റ്റ് 31ന് ചരിത്രത്തില്‍ ആദ്യമായി ആദ്യ യാത്രാ വിമാനം എത്തിയതിന് ശേഷമാണ് ഇസ്രയേലില്‍ നിന്ന് ചരക്കുവിമാനവും എത്തുന്നത്. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകളില്‍ ചരക്കുനീക്കം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയായിരുന്നു. ഇസ്രയേല്‍ ചരക്കുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന 48 വര്‍ഷം നീണ്ട നിരോധനം ഈയിടെ യുഎഇ എടുത്തു കളഞ്ഞിരുന്നു.
യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകനും സീനിയര്‍ ഉപദേഷ്ടാവുമായ ജെറാദ് കുഷ്‌നറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഓഗസ്റ്റ് 31ന് അബുദാബിയില്‍ വിമാനമിറങ്ങിയിരുത്. ഇസ്രയേല്‍ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഡി ഒബ്രിയന്‍, മിഡില്‍ ഈസ്റ്റ് ചുമതലയുള്ള ഉദ്യോഗസ്ഥരായ അവി ബെര്‍കോവിസ്റ്റ് ഇറാന്‍ ബ്രിയന്‍ ഹൂക് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ഇസ്രയേലുമായി യുഎഇ സൗഹൃദം സ്ഥാപിച്ചെങ്കിലും സൗദി അറേബ്യ, ഖത്തര്‍ തുടങ്ങിയ ജിസിസി രാഷ്ട്രങ്ങള്‍ തങ്ങളുടെ നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ല. സ്വതന്ത്ര ഫലസ്തീന്‍ പ്രഖ്യാപിക്കാതെ ഇസ്രയേലുമായി നയതന്ത്ര ബന്ധമില്ല എന്നാണ് ഈ രാഷ്ട്രങ്ങളുടെ നിലപാട്.