തെഹ്‌റാന്‍: ഇറാനുമായുള്ള ആണവകരാറില്‍നിന്ന് അമേരിക്ക പിന്മാറിയതിനു പിന്നാലെ ഇറാനും ഇസ്രാഈലും തുറന്ന യുദ്ധത്തിലേക്ക്. സിറിയയിലെ ആക്രമണത്തിന് തിരിച്ചടിയായി അധിനിവിഷ്ട ജൂലാന്‍ കുന്നുകളിലെ ഇസ്രാഈല്‍ കേന്ദ്രങ്ങളില്‍ ഇറാന്‍ മിസൈലാക്രമണം നടത്തി. തൊട്ടുപിന്നാലെ സിറിയയില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് സൈനികരുള്‍പ്പെടെ 23 പേര്‍ കൊല്ലപ്പെട്ടു.
ആണവ കരാര്‍ റദ്ദാക്കിക്കൊണ്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിനുശേഷം സിറിയിലെ ഇറാന്‍ സൈനിക താവളത്തില്‍ ഇസ്രാഈല്‍ മിസൈലാക്രമണം നടത്തിയിരുന്നു. എന്നാല്‍ ഇസ്രാഈലിന്റെ ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കാന്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് തീരുമാനിച്ചു. ജൂലാന്‍ കുന്നുകളില്‍ നിന്നാണ് ഇസ്രാഈല്‍ ഇറാനെ ആക്രമിച്ചിരുന്നത്. ഇതേ മലനിരകളെ ലക്ഷ്യമിട്ട് തന്നെ ഇറാന്‍ സേന തിരിച്ചടിക്കുകയും ചെയ്തു. ഇറാന്‍ തുടര്‍ച്ചയായി നടത്തിയ റോക്കറ്റാക്രമങ്ങള്‍ക്ക് സിറിയന്‍ സൈന്യത്തിന്റെ പിന്തുണയുള്ളതായും റിപ്പോര്‍ട്ടുണ്ട്.
സിറിയയില്‍ നിന്ന് പിടിച്ചെടുത്ത തന്ത്രപ്രധാന മലനിരകളാണ് സിറിയയില്‍ ആക്രമണം നടത്താന്‍ ഇസ്രാഈല്‍ ഉപയോഗിക്കുന്നത്. ഇസ്രാഈല്‍ ആക്രമണത്തിന് തിരിച്ചടിയായി 20 റോക്കറ്റുകള്‍ ജൂലാന്‍ കുന്നുകളില്‍ വര്‍ഷിച്ചു. എന്നാല്‍ അധികം വൈകാതെ ഇസ്രാഈല്‍ സിറിയയിലെ ഇറാന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പ്രത്യാക്രമണം നടത്തി. സിറിയയിലെ നിരവധി ഇറാന്‍ കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇസ്രാഈല്‍ സൈനിക വക്താവ് ജൊനാഥന്‍ കോണ്‍റിക്കസ് അറിയിച്ചു. ജൂലാനിലേക്ക് റോക്കറ്റുകള്‍ അയക്കാന്‍ ഉപയോഗിച്ച സ്ഥലവും ഇറാന്‍ ഇന്റലിജന്‍സ് ആസ്ഥാനവും ഡിപ്പോയും വാഹനങ്ങളും ആക്രമണത്തില്‍ തകര്‍ന്നതായി ഇസ്രാഈല്‍ അവകാശപ്പെട്ടു.
സിറിയയുടെ ഒരു റഡാര്‍ സംവിധാനവും തകര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. 2011ല്‍ സിറിയന്‍ ആഭ്യന്തര യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് ഇറാനും ഇസ്രാഈലും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. സിറിയയില്‍ ഇസ്രാഈല്‍ മുമ്പും ആക്രമണം നടത്തിയിട്ടുണ്ട്. ഏപ്രിലില്‍ ഹോംസ് പ്രവിശ്യയിലെ ഒരു വ്യോമതാവളം ഇസ്രാഈല്‍ ആക്രമിച്ചിരുന്നു. ഫെബ്രുവരിയില്‍ ഇസ്രാഈലിന്റെ എഫ്-16 പോര്‍വിമാനം സിറിയന്‍ സേന വെടിവെച്ചിട്ടു. കഴിഞ്ഞ വര്‍ഷം സിറിയയില്‍ ഇസ്രാഈല്‍ നിരവധി തവണ ആക്രമണം നടത്തിയിരുന്നു. സിറിയയില്‍ പ്രസിഡന്റ് ബഷാറുല്‍ അസദിന് പിന്തുണയായി ഇറാനും റഷ്യയും രംഗത്തുള്ളതുകൊണ്ട് ഇസ്രാഈലിന്റെ അതിരുവിട്ട ഇടപെടല്‍ വന്‍ ദുരന്തത്തിലേക്ക് നീങ്ങുമോ എന്ന പശ്ചിമേഷ്യയില്‍ ആശങ്ക വര്‍ധിച്ചിട്ടുണ്ട്. ഇസ്രാഈല്‍ തങ്ങളുടെ വ്യോമാതിര്‍ത്തി തുടരെത്തുടരെ ലംഘിക്കുന്നതായി ലബനാനും ആരോപിക്കുന്നു.