ഗസ്സയിലെ യുഎന്‍ ഡവലപ്‌മെന്റ് പ്രോഗ്രാം ഓഫീസില്‍ ഇസ്രാഈല്‍ ബോംബിട്ടു. ഇന്നലെ രാത്രി നടന്ന ആക്രമണത്തില്‍ ഓഫീസില്‍ അഭയം തേടിയ നിരവധി പേര്‍ കൊല്ലപ്പെടുകയും പരിക്കേല്‍പ്പിക്കപ്പെടുകയും ചെയ്തതായി യുഎന്‍ഡിപി അഡ്മിനിസ്‌ട്രേറ്റര്‍ അച്ചിം ജൈനര്‍ എക്‌സില്‍ അറിയിച്ചു.
സാധാരണക്കാര്‍, സാധാരണക്കാരുടെ അടിസ്ഥാന സൗകര്യം, യുഎന്‍ സൗകര്യങ്ങളുടെ സവിശേഷത എന്നിങ്ങനെ എല്ലാ നിലക്കും തെറ്റാണ് സംഭവിച്ചതെന്നും ഇവ സംരക്ഷിക്കപ്പെടേണ്ടിയിരുന്നുവെന്നും അദ്ദേഹം കുറിപ്പില്‍ പറഞ്ഞു. ബോംബിട്ട ഇസ്രാഈലിനെ പേരെടുത്ത് പറയാതെയാണ് യുഎന്‍ കുറിപ്പ് പുറത്തിറക്കിയത്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷം ഉടന്‍ നിര്‍ത്തേണ്ടതാണെന്നും സാധാരണക്കാരെ കൊന്നൊടുക്കുന്നത് നിര്‍ത്തേണ്ടതാണെന്നും കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
1978 ഡിസംബര്‍ 20ന് യുഎന്‍ ജനറല്‍ അസംബ്ലി അംഗീകരിച്ച ഒരു പ്രമേയത്തിലൂടെയാണ് യുഎന്‍ഡിപിയുടെ ഫലസ്തീന്‍ ജനതയുടെ സഹായ പദ്ധതി സ്ഥാപിച്ചത്, ഫലസ്തീന്‍ ജനതയുടെ സാമ്പത്തികവും സാമൂഹികവുമായ അവസ്ഥകള്‍ മെച്ചപ്പെടുത്തുകയാണ് യുഎന്‍ഡിപിയുടെ ലക്ഷ്യം. 1989 മുതല്‍ ഈ സംഘടന ഗസ്സയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട.്