X

ബ്രിട്ടനെതിരെ ഗൂഢാലോചന: ഇസ്രാഈല്‍ എംബസി ഉദ്യോഗസ്ഥന്‍ രാജിവെച്ചു

ലണ്ടന്‍: ബ്രിട്ടീഷ് ഭരണകൂടത്തിനും രാഷ്ട്രീയ നേതാക്കള്‍ക്കുമെതിരെയുള്ള ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ലണ്ടനിലെ ഇസ്രാഈല്‍ എംബസി ഉദ്യോഗസ്ഥന്‍ ഷായ് മസോട്ട് രാജിവെച്ചു. ഫലസ്തീന്‍ അനുകൂലിയായ ബ്രിട്ടീഷ് സഹ വിദേശകാര്യ സെക്രട്ടറി സര്‍ അലന്‍ ഡങ്കനെ താഴെ ഇറക്കാനും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളെ വ്യക്തിഹത്യ നടത്താനും ഇസ്രാഈല്‍ എംബസി കേന്ദ്രീകരിച്ച് ഗൂഢാലോചന നടക്കുന്നതായി അല്‍ ജസീറ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

സംഭവത്തില്‍ ഇസ്രാഈല്‍ ബ്രിട്ടനോട് മാപ്പുപറഞ്ഞിട്ടുണ്ട്. ഗൂഢാലോചനയില്‍ പങ്കുള്ള ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥയോട് ഷായ് മസോട്ട് സംസാരിക്കുന്ന ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഫലസ്തീന്‍ വിഷയത്തില്‍ ഇസ്രാഈലിനെതിരെ ശക്തമായിക്കൊണ്ടിരിക്കുന്ന നീക്കങ്ങള്‍ ഇല്ലായ്മ ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഇസ്രാഈല്‍ എംബസി ബ്രിട്ടനില്‍ ശക്തമായ ചരടുവലികളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മാധ്യമ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ മാസോട്ട് രാജിവെക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നുവെന്ന് ഇസ്രാഈല്‍ എംബസി വക്താവ് യിഫ്ത ക്രീല്‍ അറിയിച്ചു.

ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ തീവ്രവാദികളുടെ വലയത്തില്‍ പെട്ട ഭ്രാന്തനായ രാഷ്ട്രീയക്കാരനാണെന്നും വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ വിഡ്ഢിയാണെന്നും ഡെപ്യൂട്ടി സെക്രട്ടറി അലന്‍ ഡങ്കനെ താഴെ ഇറക്കണമെന്നും അല്‍ജസീറയുടെ വീഡിയോ ദൃശ്യത്തില്‍ മാസോട്ട് പറയുന്നുണ്ട്. ഇസ്രാഈല്‍ അനുകൂലികളായ പാര്‍ലമെന്റ് അംഗങ്ങളെ പണം നല്‍കിയും പ്രലോഭിപ്പിച്ചും തങ്ങളോടൊപ്പം നിര്‍ത്താനും സയണിസ്റ്റ് പദ്ധതിയുണ്ടെന്ന് ദൃശ്യം വ്യക്തമാക്കുന്നു. ബ്രിട്ടനിലെ വിദ്യാര്‍ത്ഥി യൂണിയനുകളില്‍ നുഴഞ്ഞുകയറിയും ഇസ്രാഈല്‍ പ്രവര്‍ത്തനം ശക്തമാണ്.

ഇസ്രാഈല്‍ വിരുദ്ധ ബഹിഷ്‌കരണങ്ങളെ തകര്‍ക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഗൂഢാലോചന പുറത്തുവന്നതോടെ പ്രതിരോധത്തിലായ ഇസ്രാഈല്‍ മാസോട്ടിനെ രാജിവെക്കാന്‍ പ്രേരിപ്പിച്ച് മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപണമുണ്ട്. ദേശീയ സുരക്ഷയെ അപകടപ്പെടുത്തുന്ന ഇസ്രാഈല്‍ നീക്കങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് കോര്‍ബിന്‍ പ്രധാനമന്ത്രി തരേസ മേയിയോട് ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയെ തകിടം മറിക്കാനാണ് ഇസ്രാഈല്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
എന്നാല്‍ മാസോട്ടിന്റെ ഗൂഢാലോചനയുടെ പേരില്‍ ഇസ്രാഈലിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന ആവശ്യം വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ തള്ളി. ആ അധ്യായം അടച്ചതായി അദ്ദേഹം അറിയിച്ചു.

chandrika: