കൊച്ചി: സ്വപ്‌ന സുരേഷുമായി ബന്ധപ്പെട്ട ഒരു ഇടനിലക്കമ്പനി കൂടി പുറത്ത് വരുന്നു. മൊഴികളില്‍ സ്വപ്‌ന ഒളിപ്പിച്ചുവെച്ച ഇസോമങ്ക് എന്ന കമ്പനിയാണ് യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയ മൊഴിയിലൂടെ പുറത്തുവന്നത്. റെഡ്ക്രസന്റ് ഫണ്ടുപയോഗിച്ച് ലൈഫ് മിഷനില്‍ ഭവന നിര്‍മാണത്തിനായി സന്ദീപ് നായരാണ് തന്റെ സുഹൃത്തായ യദു രവീന്ദ്രന്‍ ജോലിചെയ്തിരുന്ന യൂണിടാക്കിനെ സ്വപ്‌നക്കും സരിത്തിനും പരിചയപ്പെടുത്തിയത്. തുടര്‍ന്നാണ് യൂണിടാക്കിന് കരാര്‍ ലഭിച്ചത്.
ഇതിന് കമ്മീഷനായി സന്ദീപിന്റെ കമ്പനിയായ ഇസോമങ്കിലേക്ക് 70 ലക്ഷം രൂപ യൂണിടാക് കൈമാറി. ഈ തുകയില്‍ നിന്നാണ് സ്വപ്‌നക്കും സരിത്തിനും കമ്മീഷന്‍ വീതിച്ചുനല്‍കിയത്. സ്വര്‍ണക്കടത്ത് കേസില്‍ കഴിഞ്ഞ ദിവസം എറണാകുളം സെഷന്‍സ് കോടതി സ്വപ്നക്ക് ജാമ്യം നിഷേധിച്ചിരുന്നു. നയതന്ത്ര ചാനലിന്റെ മറവില്‍ 21 തവണ സ്വര്‍ണം കടത്തിയതിലും ഗൂഢാലോചന നടത്തിയതിലും പങ്കുണ്ടെന്ന് സ്വ്പ്‌ന സമ്മതിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് സംഘം കോടതിയെ അറിയിച്ചിരുന്നു.