മാനന്തവാടി: മാനന്തവാടി കെല്ലൂരിലെ സബ് ആര്‍.ടി ഓഫീസിലെ ജിവനക്കാരിയുടെ ആത്മഹത്യയില്‍ ദുരൂഹതകളേറെ.ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ ആര്‍.ടി ഓഫിസിലെ ജീവനക്കാരി സിന്ധുവിന്റെ ഡയറി പോലിസ് കണ്ടെടുത്തു. ഓഫിസില്‍ മാനസിക പീഡനമുണ്ടായതായി സിന്ധു ഡയറിയിലെഴുതിയിട്ടുണ്ട്. സിന്ധുവിന്റെ ലാപ്ടോപ്പും മൊബൈല്‍ഫോണും പൊലിസ് പരിശോധിച്ചു.അതേസമയം, മാനന്തവാടി ആര്‍.ടി ഓഫീസിലെ ജീവനക്കാരി സിന്ധു മരണത്തിന് മുന്‍പ് സഹപ്രവര്‍ത്തകര്‍ക്കെതിരെ പരാതിയുമായി വയനാട് ആര്‍ടിഒയെ നേരില്‍ കണ്ടിരുന്നു.
കഴിഞ്ഞ ദിവസമാണ് സബ് ആര്‍ ടി ഒ ഓഫീസിലെ സിനിയര്‍ ക്ലര്‍ക്ക് എള്ളുമന്ദം പുളിയാര്‍മറ്റത്തില്‍ സിന്ധു (42) ആണ് ആത്മഹത്യ ചെയ്തത്. ഓഫീസിലെ ജീവനക്കാരില്‍ നിന്നുള്ള മാനസിക പീഡനങ്ങള്‍ മൂലമാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് സിന്ധുവിന്റെ ആത്മഹത്യാകുറിപ്പില്‍ പറയുന്നു. ഇതിന് പുറമെ മാനസിക പീഡനം മൂലമാണ് സഹോദരി മരിച്ചതെന്ന് സഹോദരന്‍ റോബിനും മാധ്യമങ്ങളോട് പറഞ്ഞു.
ഓഫീസിലെ നിരവധി അഴിമതികള്‍ക്കും, കെടുകാര്യസ്ഥതകള്‍ക്കും, കൈക്കൂലി വാങ്ങുന്നതിനും കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും സിന്ധുവിന് മാനസികപീഡനങ്ങളേറ്റതായാണ് നാട്ടുകാര്‍ തന്നെ പറയുന്നത്. ഇതിന് പുറമെ ഉദ്യോഗസ്ഥരുടെ അഴിമതിക്ക് വഴങ്ങാത്തതിനാല്‍ ഓഫീസിലെ ചില ഉദ്യോഗസ്ഥര്‍ സഹോദരിയെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചതായി സിന്ധു തന്നെ തങ്ങളോട് പറഞ്ഞിട്ടുണ്ടെന്ന് സഹോദരന്‍ പറഞ്ഞു.
റോഡ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിലെ തന്നെ ഉന്നത ഉദ്യോഗസ്ഥരും വിജിലന്‍സ് സംഘവും പല തവണ സബ് ആര്‍ ടി ഒ ഓഫീസില്‍ പരിശോധന നടത്തിയിരുന്നു. ആര്‍ ടി ഒ ഓഫീസ് ഏജന്റുമാരും ഇടനിലക്കാരുമാണ് നിയന്ത്രിക്കുന്നതെന്നും, നേരിട്ട് ഓഫീസിലെത്തിയാല്‍ പലര്‍ക്കും നീതി ലഭിക്കുന്നില്ലെന്നും ആരോപണമുയര്‍ന്നിരുന്നു.