X

‘അവര്‍ക്കല്ലേ പിടിപാടുള്ളത്, മെമ്മറി കാര്‍ഡ് മാറ്റിയതാകാം, എംഎല്‍എ ബസിനുള്ളില്‍ കയറുന്നതും വീഡിയോയിലുണ്ട്’

തിരുവനന്തപുരം: തിരുവനന്തപുരം മേയറുമായി റോഡില്‍ ഉണ്ടായ തര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി ബസിലെ സിസിടിവി ദൃശ്യങ്ങള്‍ കാണാനില്ലെന്ന പൊലീസിന്റെ കണ്ടെത്തലില്‍ പ്രതികരണവുമായി ഡ്രൈവര്‍ യദു. മെമ്മറി കാര്‍ഡ് നശിപ്പിക്കാന്‍ ഇടയുണ്ടെന്ന് താന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നതാണെന്ന് യദു മാധ്യമങ്ങളോട് പറഞ്ഞു. താന്‍ വണ്ടിയോടിക്കുമ്പോള്‍ സിസിടിവി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് മെമ്മറി കാര്‍ഡ് ഒഴിവാക്കിയതാകാം. അവര്‍ക്കല്ലേ പിടിപാടുള്ളത്. അവര്‍ക്ക് എന്തുവേണമെങ്കിലും ചെയ്യാല്ലോ?.തെളിവുകള്‍ പുറത്തുവരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും യെദു പറഞ്ഞു

‘ഞാന്‍ വണ്ടി ഓടിക്കുമ്പോള്‍ മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നു. വീഡിയോ റെക്കോര്‍ഡ് പ്രവര്‍ത്തിച്ചിരുന്നു. മുന്‍വശത്ത് ഉണ്ടായിരുന്ന സ്‌ക്രീനില്‍ റെക്കോര്‍ഡ് ചെയ്യുന്നത് കാണാമായിരുന്നു. പോയത് ഞാന്‍ പ്രതീക്ഷിച്ച പോലെ തന്നെ. പരാതി കൊടുത്ത പോലെ തന്നെ. കമ്മീഷണര്‍ ഓഫീസില്‍ പരാതി കൊടുത്തപ്പോള്‍ നിങ്ങള്‍ക്കെതിരെ പരാതികള്‍ ഇല്ലേ എന്ന് പറഞ്ഞ് എന്നെയാണ് കുറ്റപ്പെടുത്തിയത്. അല്ലാതെ മേയര്‍ക്കെതിരെ കേസ് എടുക്കാം എന്ന് എവിടെയും പറഞ്ഞില്ല. എനിക്കെതിരെ ഇന്ന ഇന്ന കേസുകള്‍ ഉണ്ടല്ലോ എന്നാണ് പരാതി നല്‍കാന്‍ പോയ എന്നോട് ചോദിച്ചത്. യാത്രക്കാര്‍ എടുത്ത ദൃശ്യങ്ങള്‍ എംഎല്‍എയാണ് ഡിലീറ്റ് ചെയ്യിപ്പിച്ചത്. എംഎല്‍എ ബസില്‍ കയറാതെ എങ്ങനെയാണ് ഡിലീറ്റ് ചെയ്യിപ്പിക്കുക. ആ വീഡിയോകളില്‍ എംഎല്‍എ ബസിനുള്ളില്‍ കയറുന്ന ദൃശ്യങ്ങളും ഉണ്ട്’- യെദു പറഞ്ഞു.

‘മെമ്മറി കാര്‍ഡ് ഒഴിവാക്കിയതാകാം. തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരുന്ന സമയത്തും സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങി ഡിപ്പോയില്‍ പോയി ബസില്‍ നോക്കുമ്പോഴും സിസിടിവി വര്‍ക്കിങ് ആയിരുന്നു. ക്യാമറ ഓണില്‍ തന്നെയാണ് കിടന്നിരുന്നത്. അവര്‍ക്കല്ലേ പിടിപാടുള്ളത്. അവര്‍ക്ക് എന്തുവേണമെങ്കിലും ചെയ്യാല്ലോ.അവര്‍ ഇത്രയൊക്കെ ചെയ്തിട്ടും അവരെയല്ലേ എല്ലാവരും സപ്പോര്‍ട്ട് ചെയ്യുന്നത്. നിയമങ്ങള്‍ എല്ലാം അവരുടെ കൂടെയല്ലേ നില്‍ക്കുന്നത്. തെളിവുകള്‍ പുറത്തുവരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അവര്‍ക്ക് തെളിവില്ല. എന്നാല്‍ എനിക്ക് തെളിവ് ഉണ്ടായിട്ട് പോലും ഞാന്‍ കുറ്റക്കാരനായി നില്‍ക്കുകയാണ്.’ -യെദു പറഞ്ഞു.

webdesk14: