സ്വന്തം ലേഖകന്‍
കോഴിക്കോട്
മുസ്‌ലിം സമുദായത്തിന്റെ നവോത്ഥാന മുന്നേറ്റത്തെ തീവ്രവാദ ആരോപണമുയര്‍ത്തി തടയിടാനുള്ള ഫാസിസ്റ്റുകളുടെയും ചില യാഥാസ്ഥിതിക മുസ്‌ലിം സംഘടനകളുടെയും സംഘടിത നീക്കത്തെ ശക്തമായി ചെറുക്കുമെന്ന് ഐ.എസ്.എം. മുസ്‌ലിം നവോത്ഥാന സംരംഭങ്ങളെ നശിപ്പിക്കുകയെന്ന ഫാസിസ്റ്റ് ഗൂഢശ്രമങ്ങള്‍ക്ക് മുസ്‌ലിം സംഘടനകള്‍ തന്നെ ശക്തിപകരുന്നത് ആശങ്കാജനകമാണെന്നും ഐ.എസ്.എം ഗോള്‍ഡന്‍ ജൂബിലി ഭാഗമായുള്ള ‘നവോത്ഥാനം തീവ്രവാദമല്ല’ എന്ന സംസ്ഥാന കാംപയ്‌ന്റെ ഉദ്ഘാടന സമ്മേളനം അഭിപ്രായപ്പെട്ടു.
മുസ്‌ലിം സ്ത്രീകളെ സമുദായത്തിന്റെ പൊതു മണ്ഡലങ്ങളുടെ പങ്കാളികളാക്കി മാറ്റാന്‍ ബോധപൂര്‍വമായ ശ്രമങ്ങളുണ്ടാവണം. മഹല്ല് സംവിധാനങ്ങളിലും മുസ്‌ലിം സംഘടനാ നേതൃതലങ്ങളിലും മുസ്‌ലിം സ്ത്രീകളുടെ പങ്ക് ഉറപ്പുവരുത്താന്‍ സമുദായ നേതൃത്വം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു. കേരള ജംഇയ്യത്തുല്‍ ഉലമാ വര്‍ക്കിംഗ് പ്രസിഡന്റ് സി.പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. നവോത്ഥാനത്തെ കീഴ്‌മേല്‍ മറിക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ക്കെതിരെ ചെറുത്തുനില്പ് ഉയര്‍ന്നുവരണമെന്ന് അദ്ദേഹം പറഞ്ഞു.
ഐ.എസ്.എം സംസ്ഥാന ഉപാധ്യക്ഷന്‍ അബ്ദുസ്സലാം മുട്ടില്‍ അധ്യക്ഷത വഹിച്ചു. പ്രമുഖ ചരിത്രകാരനും കാലിക്കറ്റ് സര്‍വകലാശാല മുന്‍വൈസ് ചാന്‍സലറുമായിരുന്ന ഡോ.കെ.കെ.എന്‍ കുറുപ്പ് മുഖ്യാതിഥിയായി. ചരിത്രം വികലമാക്കപ്പെടുന്ന പുതിയ സാഹചര്യത്തില്‍ പുതിയ നവോത്ഥാനത്തിന്റെ പിറവിക്കായി ലോകം കാതോര്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ചരിത്രത്തിന്റെ സ്രഷ്ടാക്കള്‍ ജനങ്ങളാണ്. പൗരോഹിത്യമല്ല മതങ്ങളാണ് നവോത്ഥാന ധര്‍മം നിര്‍വഹിക്കേണ്ടത്. ചരിത്രത്തെ സാമുദായികമായി വിഭജിക്കുന്നത് അത്യന്തം അപകടകരമാണ്. സര്‍വമത സാഹോദര്യത്തിന്റെ ഉദാത്ത മാതൃകയിലൂടെ മാത്രമേ സഹിഷ്ണുത കാത്തുസൂക്ഷിക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.ജെ.യു സംസ്ഥാന സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, കെ.എന്‍.എം വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.ഇ. കെ അഹ്മദ്കുട്ടി, ഐ.എസ്.എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ജാബിര്‍ അമാനി, ഫോക്കസ് ഇന്ത്യാ പ്രസിഡന്റ് പ്രഫ.യു.പി യഹ്‌യാഖാന്‍, കെ.ഇ.എന്‍, അബ്ദുന്നാസര്‍ മുണ്ടക്കയം, എം.എസ്.എം സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹാസില്‍ മുട്ടില്‍, എം.ജി.എം സംസ്ഥാന ട്രഷറര്‍ റാഫിദ ഖാലിദ്, റിഹാസ് പുലാമന്തോള്‍, ഡോ. ഫുക്കാര്‍ അലി, അലി മദനി മൊറയൂര്‍, എന്‍ എം അബ്ദുല്‍ജലീല്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഫൈസല്‍ ചക്കരക്കല്ല്, ഇസ്മാഈല്‍ കരിയാട്, എം അഹ്മദ്കുട്ടി മദനി എടവണ്ണ, ഐ എസ് എം സംസ്ഥാന ട്രഷറര്‍ ഫൈസല്‍ നന്മണ്ട, ഷാനിഫ് വാഴക്കാട്, അന്‍ഫസ് നന്മണ്ട, ശുക്കൂര്‍ കോണിക്കല്‍, ഡോ. ലബീദ് അരീക്കോട്, യൂനുസ് നരിക്കുനി പ്രസംഗിച്ചു.