ലുഖ്മാന്‍ മമ്പാട്
”ഈ കേസിലെ പ്രതികളെ ബഹു കോടതി സമക്ഷത്തില്‍ നിന്നും താഴെ പറയുന്ന കാരണങ്ങള്‍ കൊണ്ട് പൊലീസ് കസ്റ്റഡി ആവശ്യമുള്ളതാണ്. 1) ടീ പ്രതികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധം ഉണ്ടോ എന്ന് അന്വേഷിക്കുന്നതിന്. 2) പൊതുമുതല്‍ സ്വത്തായ വരുണ്‍ വാഹനത്തിന്റെ മുകളില്‍ കയറി നില്‍ക്കുന്ന ഫോട്ടോകള്‍ സോഷ്യല്‍ മീഡിയ ആയ ഫെയ്‌സ് ബുക്കില്‍ അപ്‌ലോഡ് ചെയ്തതു വഴി പ്രതികള്‍ ഉദ്ദേശിക്കുന്ന ലക്ഷ്യം വിശദമായി അന്വേഷിക്കുന്നതിനും ആയതിന് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധത്തിന്റെ പേരില്‍ ചെയ്തതാണോ എന്ന് അന്വേഷിക്കുന്നതിന്’. ആലുവ ഈസ്റ്റ് പൊലീസ് ക്രൈം നമ്പര്‍ 2069/ 2021 ആയി രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളുടെ ജാമ്യം നിഷേധിക്കാന്‍ പിണറായി പൊലീസ് നല്‍കിയ കാരണമാണിത്. ആലുവയില്‍ പൊലീസ് വേട്ടക്കാരനൊപ്പം ചേര്‍ന്നപ്പോള്‍ മനംനൊന്ത് ജീവന്‍ ഒടുക്കിയ മോഫിയ പര്‍വീന് നീതി തേടി കോണ്‍ഗ്രസ്് നേതാക്കളായ ബെന്നി ബഹനാന്‍ എം.പി, എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍, എല്‍ദോസ് കുന്നപ്പള്ളി, ടി.ജെ വിനോദ്, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവര്‍ നടത്തിയ സമരത്തിനു നേരെയാണ് പിണറായി പൊലിസിന്റെ തീവ്രവാദ ആരോപണം.
അതേ ദിവസം കോഴിക്കോട്ട് നടന്ന അഞ്ചു ലക്ഷത്തോളം പേര്‍ പങ്കെടുത്ത മുസ്്‌ലിംലീഗ് വഖഫ് സംരക്ഷണ റാലിയില്‍ പങ്കെടുത്തവര്‍ക്ക് നേരെ മുഖ്യമന്ത്രിയെന്ന പദവി പോലും മറന്നു പിണറായി നിലമറന്ന് ആക്രോശിച്ചതില്‍ പിന്നെ എന്ത് അല്‍ഭുതം. പതിനായിരം മുസ്്‌ലിംലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതില്‍ എന്തു പുതുമ. ഭാഷാ സമരം അടിച്ചമര്‍ത്താന്‍ നായനാര്‍ പൊലീസ് നിറയൊഴിച്ചപ്പോള്‍ മൂന്ന് മുസ്്‌ലിം ലീഗ് ചെറുപ്പക്കാര്‍ രക്തസാക്ഷിത്വം വരിച്ചിട്ടും ആയിരങ്ങള്‍ക്കെതിരെ കേസെടുത്തിട്ടും പിന്‍മാറാത്തവരാണ് മുസ്്‌ലിംലീഗുകാര്‍. പൊലിസില്‍ നിന്നും തീരദേശ വകുപ്പില്‍ നിന്നും മുന്‍കൂട്ടി അനുമതി വാങ്ങിയ വഖഫ് സംരക്ഷണ സമ്മേളനത്തിനെത്തിയവര്‍ക്കെതിരെ കോവിഡ് പ്രോട്ടോക്കോളും ഗതാഗത തടസവും ചുമത്തി കേസെടുത്ത പിണറായി പൊലീസ് ഭാഷാ സമരത്തോട് ചെയ്ത പോലെ അവരെ വെടിവെച്ച് കൊന്നില്ലെന്ന് സമാധാനിക്കാം. സമരങ്ങള്‍ ഫാഷിസ്റ്റുകള്‍ക്ക് മാത്രമല്ല, മാര്‍ക്‌സിസ്റ്റുകള്‍ക്കും എന്നും ഭയമാണ്. ഉത്തരകൊറിയയില്‍ കമ്മ്യൂണിസ്റ്റ് ഭരണം ജനത്തിന് ഇന്റര്‍നെറ്റ് പോലും അനുവദിക്കുന്നില്ല. ചൈനീസ് ഭരണകൂടം ടിയാനന്‍മെന്‍ സ്‌ക്വയറില്‍ പതിനായിരം വിദ്യാര്‍ത്ഥികളെ കൊന്നു തളളിയതിനെ കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ പോലും ഒരു മന്ത്രി താത്വികമായി ന്യായീകരിച്ചു. കേരളത്തിലും പാര്‍ട്ടിക്കൊലയാളികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഖജനാവിലെ പണം ചെലവിടുന്നവര്‍ കായികമായും നിയമത്തെ ദുരുപയോഗം ചെയ്തും എതിരാളികളെ നേരിടുമെന്ന് ആര്‍ക്കാണ് അറിയാത്തത്.
1980 ല്‍ നായനാര്‍ ചെയ്ത പോലെ, പൗരത്വ വിവേചന നിയമത്തില്‍ പങ്കെടുത്ത 21 പേരെയാണ് യോഗി പൊലീസ് വീട്ടില്‍ കയറി വെടിവെച്ച് കൊന്നത്. അതേ സമരത്തില്‍ പങ്കെടുത്ത അഞ്ഞൂറോളം കേസുകളിലായി മൂവായിരത്തോളം പേര്‍ക്കെതിരെയാണ് പിണറായിയുടെ ഭീഷണി. കേസെടുത്ത പിണറായി തന്നെ എല്ലാം പിന്‍വലിച്ച്് ഔദാര്യം കാണിക്കുമെന്ന് തിരഞ്ഞെടുപ്പ് കാലത്ത് പരസ്യമായി പറയുകയും മുസ്്‌ലിം മാനേജ്‌മെന്റ് പത്രങ്ങളില്‍ പരസ്യം നല്‍കുകയും ചെയ്തിരുന്നത് ഓര്‍മ്മിപ്പിച്ചാല്‍ വര്‍ഗീയത പറയുന്നോ എന്നാണ് ചോദ്യം. യു.എ.പി.എ മുസ്്‌ലിംകള്‍ക്കായി മാത്രം മാറ്റിവെച്ച വാറോല എടുത്താണ് കണ്ണുരുട്ടല്‍.
അഞ്ചു ലക്ഷത്തോളം പേര്‍ പങ്കെടുത്ത റാലിയില്‍ നിന്ന് പതിനായിരം പേരെ തിരിഞ്ഞെടുക്കുന്നതും പി.എസ്.സിക്ക് വിട്ടത് സമുദായത്തിന് സി.പി.എം ചെയ്യുന്ന സേവനമായി പിണറായി നുണ ചമച്ചാലും പുതുമയില്ല. തലശേരിയില്‍ കലാപം നടത്തിയത് സി.പി.എമ്മാണെന്ന് സംഭവം അന്വേഷിച്ച ജ.വിതയത്തില്‍ കമ്മീഷന്‍ വ്യക്തമാക്കിയിട്ടും കളളുഷാപ്പിലെ അടിപിടിയില്‍ കൊല്ലപ്പെട്ട കുഞ്ഞിരാമനെ പള്ളിയുടെ കാവല്‍ക്കാരനാക്കുന്ന കമ്മ്യൂണിസ്റ്റ് കാപ്‌സ്യൂള്‍ എക്‌സപയറിയായിട്ടും ഒഴിവാക്കുന്നില്ലല്ലോ. ശരീഅത്ത് സംരക്ഷണ കാലത്ത് ‘മതം മറ്റെന്തിനേക്കാളും ഞങ്ങള്‍ക്ക് പ്രധാനമാണ്. ഇസ്‌ലാമിക ശരീഅത്തിനോടു മത്സരിക്കാന്‍ വരുന്നവരെ ഒറ്റ അണിയായി നേരിടും’ എന്ന ശംസുല്‍ ഉലമയുടെ പ്രഖ്യാപനം ഇപ്പോഴും അന്തരീക്ഷത്തില്‍ മുഴങ്ങുന്നുണ്ട്. അതിനെ തകര്‍ക്കാര്‍ മുജാഹിദും ജമാഅത്തും മക്ബറകളെ അംഗീകരിക്കാത്തതിനാല്‍ വഖഫ് ബോര്‍ഡിനെ കുറിച്ചു മിണ്ടാന്‍ അര്‍ഹതയില്ലെന്ന് പിണറായിയുടെ മീര്‍ജാഫര്‍ കെ.ടി ജലീല്‍ സമുദായത്തില്‍ വിഷം കലക്കുമ്പോള്‍, വഖഫ് സംരക്ഷണ റാലിയിലെ കെ.എം ഷാജിയുടെ പ്രസംഗം എ.കെ.ജി സെന്ററിലെ സംഘപരിവാര്‍ ഫ്രാക്ഷനില്‍ കൊള്ളാതിരിക്കുമോ.
സമുദായത്തിലെ ഭിന്നാഭിപ്രായങ്ങള്‍ നിലനിര്‍ത്തിത്തന്നെ പൊതു കാര്യത്തില്‍ യോജിച്ചുനില്‍ക്കുകയെന്നതാണെന്ന് റാലി വിളംബരം ചെയ്തത്. ‘ഇവിടെ നിന്ന് സുന്നിയെന്നോ മുജാഹിദെന്നോ ഒരാളെയും നിങ്ങള്‍ക്ക് വേര്‍തിരിക്കാനാവില്ലെന്ന’ കെ.എം ഷാജിയുടെ വെല്ലുവിളിക്ക് മറുപടിയായാണ് മുസ്്‌ലിംലീഗ് മത സംഘടനയോ രാഷ്ട്രീയ സംഘടനയോയെന്ന് പിണറായി ചോദിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയില്‍ മുസ്്ലിംകള്‍ക്കായി ഒപ്പുവെച്ച ഖാഇദെമില്ലത്തിന്റെ പാര്‍ട്ടിയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്്ലിംലീഗ്. 1951ല്‍ മദിരാശിയില്‍ വെച്ച് അംഗീകരിച്ച ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗ് ഭരണഘടനയില്‍ ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും പറയുന്നതെങ്കിലും ഒരാവര്‍ത്തിവായിക്കാം. ‘ഇന്ത്യന്‍ യൂണിയനിലെ മുസ്്‌ലിങ്ങളുടെയും ഇതര ന്യൂനപക്ഷങ്ങളുടെയും മതപരവും സാംസ്‌കാരികവും സാമൂഹ്യവും വിദ്യാഭ്യാസപരവും സാമ്പത്തികവും രാഷ്ട്രീയവും ഭരണപരവും മറ്റുമായ എല്ലാ ന്യായമായ അവകാശങ്ങളും താല്‍പര്യവും കരസ്ഥമാക്കുകയും രക്ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ്’ രണ്ടാമത്തേത്. ഇക്കാലമത്രയും പാര്‍ലമെന്റിലും നിയമസഭകളിലും പുറത്തും മുസ്്‌ലിംലീഗ് കണ്ണിലെണ്ണ ഒഴിച്ച് കാവലിരുന്നതും അതിനാണ്.