X
    Categories: Video Stories

തട്ടമിട്ട് വരാൻ പാടില്ല; തിരുവനന്തപുരത്ത് വിദ്യാർത്ഥിനിയെ സ്‌കൂളിൽ നിന്ന് പുറത്താക്കി

തിരുവനന്തപുരം: തലയിൽ തട്ടമിടാൻ പാടില്ലെന്നു പറഞ്ഞ് തിരുവനന്തപുരത്ത് സ്‌കൂൾ അധികൃതർ വിദ്യാർത്ഥിനിയെ പുറത്താക്കിയതായി റിപ്പോർട്ട്. തിരുവനന്തപുരം മേനങ്കുളത്തെ ജ്യോതിനിലയം പബ്ലിക് സ്‌കൂളിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. എട്ടാം ക്ലാസിൽ പുതുതായി ചേരാനെത്തിയ ഷംഹാന ഷാജഹാൻ എന്ന വിദ്യാർത്ഥിനിയെ തട്ടത്തിന്റെ പേരു പറഞ്ഞ് ടി.സി നൽകി പുറത്താക്കിയതായി ‘അഴിമുഖം’ റിപ്പോർട്ട് ചെയ്യുന്നു. തട്ടമിട്ട് സ്‌കൂൾ കോമ്പൗണ്ടിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് പുറത്താക്കിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.

കവടിയാറിലെ നിർമ്മലാ ഭവനിലായിരുന്നു ഏഴാം ക്ലാസ് വരെ ഷംഹാന പഠിച്ചിരുന്നത്. എന്നാൽ ഈ വർഷം കുടുംബം കണിയാപുരത്തിനടുത്തുള്ള കഠിനംകുളത്തേക്ക് താമസം മാറിയതിനാൽ ഷംഹാന ജ്യോതി നിലയം സ്‌കൂളിൽ ചേരുകയായിരുന്നു. എഴുത്തുപരീക്ഷയും ഇന്റർവ്യൂവും കഴിഞ്ഞാണ് അഡ്മിഷൻ ലഭിച്ചത്. ഈ ഘട്ടങ്ങളിലും തലയിൽ ഷാൾ ധരിച്ചിരുന്നെങ്കിലും തട്ടം ധരിക്കാൻ പാടില്ലെന്ന് സ്‌കൂൾ മാനേജ്‌മെന്റ് അറിയിച്ചിരുന്നില്ലെന്ന് ഷംഹാനയുടെ മാതാവ് ഷാമില പറയുന്നു.

സ്‌കൂൾ തുറന്ന് വ്യാഴാഴ്ച ക്ലാസിലെത്തിയപ്പോൾ അധികൃതർ ഷംഹാനയോട് തട്ടം മാറ്റാൻ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച വീണ്ടും തട്ടമിട്ട് സ്‌കൂളിൽ വന്നപ്പോൾ കോമ്പൗണ്ടിൽ കയറാൻ അനുവദിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. ഈ സ്‌കൂളിൽ പ്ലസ് ടു വരെ പഠിക്കുന്ന കുട്ടികളെ തട്ടമിട്ട് സ്‌കൂളിൽ വരാൻ അനുവദിക്കുന്നില്ലെന്നും ഷംഹാനക്കു മാത്രം ഇളവ് നൽകേണ്ടതില്ലെന്നും സ്‌കൂൾ പ്രിൻസിപ്പൽ പറഞ്ഞതായി ഷാമില ആരോപിക്കുന്നു. തട്ടം ഒഴിവാക്കാൻ കഴിയില്ലെങ്കിൽ ഫീസ് തിരികെ നൽകി പോകാമെന്നും പ്രിൻസിപ്പിൽ പറഞ്ഞുവെന്ന് അവർ പറയുന്നു.

വേറെ സ്‌കൂളിൽ അഡ്മിഷൻ എടുക്കുന്നതു വരെ തുടരാൻ അനുവദിക്കണമെന്ന് അപേക്ഷിച്ചെങ്കിലും അന്നുതന്നെ ടി.സി നൽകി വിടുകയായിരുന്നു. ടി.സിക്കുള്ള അപേക്ഷയിൽ, തട്ടമിട്ട് ക്ലാസിൽ വരാൻ അനുവദിക്കാത്തതു കൊണ്ട് എന്ന് കാരണമെഴുതിയപ്പോൾ സ്‌കൂൾ അധികൃതർ ‘ബെറ്റർ ഫെസിലിറ്റീസ്’ എന്ന് തിരുത്തി. അതേസമയം, രക്ഷിതാക്കളുടെ ആവശ്യപ്രകാരമാണ് വിദ്യാർത്ഥിനി ടി.സി വാങ്ങിയത് എന്നാണ് സ്‌കൂൾ അധികൃതർ മാധ്യമപ്രവർത്തകരോട് പറയുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: