കോഴിക്കോട്: ഗെയ്ല്‍ പദ്ധതിയെയും ഇരകള്‍ക്കെതിരായ പൊലീസ് നടപടിയെയും അന്ധമായി ന്യായീകരിച്ച് സി.പി.എം ജില്ലാ കമ്മിറ്റി പുറത്തിറക്കി ‘ഇസ്‌ലാമിക തീവ്രവാദ’ ആരോപണം തിരിഞ്ഞുകുത്തുന്നു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാലഘട്ടത്തെയും പ്രബോധനത്തെയും അടച്ചാക്ഷേപിച്ച് ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധത്തില്‍ നിന്ന് ജനങ്ങളെ ഇളക്കിവിടുന്ന തീവ്രവാദിസംഘങ്ങളെ ഒറ്റപ്പെടുത്തണമെന്ന ആഹ്വാനം വിവാദമായി. ഇസ്‌ലാമിനു നേരെ സംഘപരിവാര്‍ സംഘടനകള്‍ പോലും ആക്ഷേപിക്കാത്ത പദങ്ങള്‍ സി.പി.എം ഔദ്യോഗിക പത്രകുറിപ്പില്‍ ഉള്‍പ്പെട്ടതും ഇടതു എം.എല്‍.എമാര്‍ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിച്ചതും മതേതര വിശ്വാസികളെയാകെ ഞെട്ടിച്ചിട്ടുണ്ട്.
ഗെയ്ല്‍വിരുദ്ധ സമരത്തിന്റെ മറവില്‍ മുക്കത്തും തിരുവമ്പാടി മേഖലകളിലും സംഘര്‍ഷം പടര്‍ത്താനുള്ള ചില തീവ്രവാദ സംഘടനകളുടെ ആസൂത്രിത നീക്കങ്ങള്‍ക്കെതിരെ ജാഗ്രതപുലര്‍ത്തണമെന്ന് തുടങ്ങുന്ന സി.പി.എം ജില്ലാസെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിനയാണ് ഇസ്‌ലാമിക വിരുദ്ധതയുടെ തുറന്നുപറച്ചിലായത്. നിര്‍ദ്ദിഷ്ട കൊച്ചി ബാംഗ്ലൂര്‍ വാതകക്കുഴല്‍ പദ്ധതിക്കെതിരെ മുക്കം എരഞ്ഞിമാവിലെ നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് സംഘര്‍ഷമുണ്ടാക്കിയത് മലപ്പുറം ജില്ലയില്‍ നിന്നുവന്ന എസ്.ഡി.പി.ഐ, പോപ്പുലര്‍ഫ്രണ്ട്, സോളിഡാരിറ്റി തുടങ്ങിയ വര്‍ഗീയതീവ്രവാദി സംഘങ്ങളാണ്. കടുത്ത വികസനവിരോധികളും ഇടതുപക്ഷ വിരോധികളും ഇവരുടെകൂടെ ചേര്‍ന്ന് നാട്ടുകാരെ അക്രമസമരത്തിലേക്ക് തള്ളിവിടുകയാണുണ്ടായ തെന്ന് സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
കുഴപ്പമുണ്ടായപ്പോള്‍ അക്രമികളായ തീവ്രവാദസംഘടനയില്‍പെട്ടവര്‍ രക്ഷപ്പെടുകയും ഇതില്‍ പങ്കാളികളായ നാട്ടുകാര്‍ പോലീസ് പിടിയിലാവുകയുമാണുണ്ടായത്…. കേരളത്തിന്റെ ഊര്‍ജ്ജവികസനരംഗത്ത് വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന വ്യവസായ വികസനപദ്ധതിയായ ഗെയ്‌ലിനെതിരെ ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധത്തില്‍ നിന്ന് ജനങ്ങളെ ഇളക്കിവിടുന്ന തീവ്രവാദിസംഘങ്ങളെ ഒറ്റപ്പെടുത്തുന്നതിന് പകരം യു.ഡി.എഫും കോണ്‍ഗ്രസ്‌ലീഗ് നേതാക്കളും തീവ്രവാദികളോടൊപ്പം മുക്കം പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കാനെത്തിയെന്നത് ഗൗരവാവഹമായ പ്രശ്‌നമായിതന്നെ ജനാധിപത്യമതനിരപേക്ഷ ശക്തികള്‍ കാണണം.
അനാവശ്യമായി കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നവരെ മാറ്റിനിര്‍ത്തി ജനങ്ങളുടെ പദ്ധതിക്കെതിരായ തെറ്റിദ്ധാരണകള്‍ മാറ്റാന്‍ ബാധ്യസ്ഥനായ ഷാനവാസിനെപോലുള്ള ജനപ്രതിനിധി തീവ്രവാദി സംഘത്തോടൊപ്പം ചേര്‍ന്ന് അക്രമം പടര്‍ത്താനാണ് ശ്രമിച്ചത്. എന്നു തുടരുന്ന പ്രസ്താവന, ഇത്തരം മതതീവ്രവാദികളുടെയും നിക്ഷിപ്തതാല്പര്യക്കാരുടെയും നീക്കങ്ങളെ തിരിച്ചറിയണമെന്നും അത്തരക്കാരെ ഒറ്റപ്പെടുത്തണമെന്നും അഭ്യര്‍ത്ഥിച്ചാണ് അവസാനിക്കുന്നത്. ദേശാഭിമാനി പത്രം ഒന്നാം പേജിന് പുറമെ മുഴുനീള പേജിലും വന്‍ പ്രാധാന്യത്തോടെയാണ് ഇതു പ്രസിദ്ധീകരിച്ചത്.
നഷ്ടപരിഹാരം വര്‍ധിപ്പിക്കണമെന്ന് എല്‍.ഡി.എഫ് ഭരിക്കുന്ന കാരശ്ശേരി ഗ്രാമപഞ്ചായത്ത് തന്നെ പ്രമേയം പാസാക്കിയിട്ടുണ്ട്. സി.പി.എം മെമ്പറായ ജി അക്ബര്‍ ഉള്‍പ്പെടെ സമര രംഗത്തുണ്ട്.