X

സിറിയയില്‍ ഇസ്‌ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന കണ്ണൂര്‍ സ്വദേശി കൊല്ലപ്പെട്ടുവെന്ന് പൊലീസ്

കണ്ണൂര്‍: സിറിയയിലേക്ക് പോയി ഇസ്‌ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന കണ്ണൂര്‍ വളപട്ടണം സ്വദേശി അബ്ദുല്‍ മനാഫ്(30) കൊല്ലപ്പെട്ടുവെന്ന് പൊലീസ് അറിയിച്ചു. അബ്ദുല്‍ മനാഫ് മരിച്ചുവെന്ന് കഴിഞ്ഞ 17-ാംതിയ്യതി വീട്ടുകാര്‍ക്ക് സന്ദേശം ലഭിച്ചതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പി.പി സദാനന്ദന്‍ അറിയിച്ചു. മനാഫിന്റെ സുഹൃത്ത് അബ്ദുല്‍ ഖയ്യൂമാണ് സിറിയയില്‍ നിന്ന് മരണവാര്‍ത്ത വീട്ടുകാരെ അറിയിച്ചത്.

2009-ല്‍ സി.പി.എം പ്രവര്‍ത്തകനായ ഒ.ടി വിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അബ്ദുല്‍ മനാഫ്. ഭാര്യക്കും മൂന്ന് മക്കള്‍ക്കൊപ്പവുമാണ് മനാഫ് സിറിയയിലേക്ക് പോയത്. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രാദേശിക നേതാവായ മനാഫ് അതേസമയം ഡല്‍ഹിയിലും പ്രവര്‍ത്തിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. മനാഫ് ഐ.എസില്‍ ചേര്‍ന്നുവെന്ന് നേരത്തെ കുടുംബത്തിന് വിവരം ലഭിച്ചിരുന്നു.

കണ്ണൂര്‍ ജില്ലയില്‍ നിന്നും 15-ഓളം പേര്‍ ഇസ്‌ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നുവെന്നാണ് പൊലീസ് നിഗമനം. നേരത്തെ, കണ്ണൂരില്‍ നിന്നും അഞ്ചുപേരെ ഐ.എസ് ബന്ധവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. തലശേരി കുഴിപ്പങ്ങാട് തൗഫീകിലെ യു.കെ ഹംസ, തലശേരി കോര്‍ട്ട് കോംപ്ലക്‌സ് സൈനാസിലെ മനാഫ് റഹ്മാന്‍, മുണ്ടേരി കപ്പക്കയ്യില്‍ ബൈത്തുല്‍ ഫര്‍സാനയിലെ മിഥ്‌ലാജ്, ചെക്കിക്കുളം പള്ളിയത്ത് പണ്ടരവളപ്പിലെ കെ.വി അബ്ദുള്‍റസാഖ്, മുണ്ടേരി പടന്നോട്ട് മെട്ടയിലെ എം.വി റാഷിദ് എന്നിവരാണ് അറസ്റ്റിലായത്.

chandrika: