ന്യൂഡല്‍ഹി: രാജ്യത്ത് ഇസ്ലാമിക് ബാങ്കിങ് രീതി റിസര്‍വ് ബാങ്ക് നടപ്പാക്കാനൊരുങ്ങുന്നു. ഇതിന് മുന്നോടിയായി ബാങ്കുകളില്‍ ഇസ്‌ലാമിക് വിന്‍ഡോ ആരംഭിക്കും. മതപരമായ കാരണങ്ങളാല്‍ ബാങ്കിങ് പ്രവൃത്തികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരെ ബാങ്കുമായി ബന്ധിപ്പിക്കാനുദ്ദേശിച്ചാണ്
ഇസ്‌ലാമിക് ബാങ്കിങ് രീതികൊണ്ട് റിസര്‍വ് ബാങ്ക് ഉദ്ദേശിക്കുന്നത്. പലിശ ഈടാക്കാതെയുള്ള
രീതിയാണ് ഇസ്‌ലാമിക് ബാങ്കിങ്. പലിശ ഇസ്‌ലാമില്‍ നിഷിദ്ധമാണ്.
പരീക്ഷണമെന്ന നിലക്കാണ് ആദ്യ ഘട്ടത്തില്‍ ഇസ്‌ലാമിക് വിന്‍ഡോ ബാങ്കുകളില്‍ കൊണ്ടുവരുന്നത്. ഇന്ത്യയില്‍ മുമ്പ് ഈ രീതി ഇല്ലാത്തതിനാല്‍ ഘട്ടം ഘട്ടമായെ തുടങ്ങാനാവൂ, പദ്ധതി വിജയകരമായാല്‍ ബാങ്കിങ് തുടങ്ങുമെന്നും വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട മറുപടിയില്‍ റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നു. പൂര്‍ണ്ണമായ രീതിയിലുള്ള ഇസ്‌ലാമിക് ബാങ്കിങ് കുറച്ച് കാലത്തിന് ശേഷമേ അവതരിപ്പിക്കാനാവൂവെന്നാണ് റിപ്പോര്‍ട്ട്.
ഇസ്‌ലാമിക് വിന്‍ഡോയിലുടെയുള്ള ബാങ്കിങ് കൂടി പരിഗണിച്ചാവും അത് അവതരിപ്പിക്കുകയെന്ന് ആര്‍.ബി.ഐ ധനമന്ത്രാലയത്തിന് നല്‍കിയ കത്തില്‍ പറയുന്നു. എന്നാല്‍ എന്നുമുതലാണ് പദ്ധതി നടപ്പിലാവുമെന്ന് വ്യക്തമാക്കിയിട്ടില്ല.