മുസ്‍ലിംകൾക്കെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തെ അപലപിച്ച് നാഷനൽ കോൺഫറൻസ് പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല. ഇസ്‍ലാം മതവും അല്ലാഹുവും എല്ലാവരോടുമൊപ്പം നടക്കാനാണ് പഠിപ്പിക്കുന്നതെന്നും മറ്റ് മതങ്ങളെ അപകീർത്തിപ്പെടുത്താനല്ലെന്നും അദ്ദേഹം പറഞ്ഞു.
“ഇസ്‍ലാം മതവും അല്ലാഹുവും പഠിപ്പിക്കുന്നത് എല്ലാവരോടുമൊപ്പം നടക്കാനാണ്. മറ്റ് മതങ്ങളെ അപകീർത്തിപ്പെടുത്താനല്ല, മറിച്ച് മറ്റ് മതങ്ങളെയും ബഹുമാനിക്കാനാണ് ഇസ്‍ലാം നമ്മെ പഠിപ്പിക്കുന്നത്. മംഗല്യസൂത്ര തട്ടിയെടുക്കുന്ന ഒരാൾ മുസൽമാനല്ല. അയാൾക്ക് ഇസ്‍ലാമിനെ മനസ്സിലാകുകയുമില്ല,“ ഫാറൂഖ് അബ്ദുല്ല പറഞ്ഞു.
ഞായറാഴ്ച രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന ചടങ്ങിനിടെയായിരുന്നു മുസ്‍ലിം മതവിഭാഗത്തിനെതിരെ അപകീർത്തികരമായ പരാമർശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജനങ്ങളുടെ സ്വത്ത് മുസ്ലിങ്ങൾക്ക് വീതം വെച്ച് നൽകുമെന്നും രാജ്യത്തെ സമ്പത്തിന്റെ പ്രഥമ അവകാശികൾ മുസ്‍ലിംകളാണെന്ന് കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ മൻമോഹൻ സിങ് പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു മോദിയുടെ പരാമർശം.
സാധാരണക്കാരായ ജനങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച പണം നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികൾ ഉള്ളവർക്കും നൽകാനാണ് കോൺഗ്രസിന്റെ പദ്ധതിയെന്നും മോദി വിദ്വേഷ പ്രസംഗത്തിൽ പറഞ്ഞു.