X
    Categories: MoreViews

ഇസ്‌ലാമിക രീതി കുട്ടികളില്‍ വളര്‍ത്തുന്നതിന് ചൈനയില്‍ വിലക്ക്; നിയമം നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍

ബൈജിങ്: ചൈനയില്‍ കുട്ടികളെ മതത്തിലേക്ക് ആകര്‍ഷിക്കുന്ന തരത്തിലുള്ള പ്രവൃത്തികള്‍ കണ്ടാല്‍ അത് തടയാനും പൊതു സുരക്ഷാ അതോറിറ്റികളില്‍ റിപ്പോര്‍ട്ട് ചെയ്യാനും അറിയിച്ച് ഗവണ്‍മെന്റ് ഉത്തരവ് പുറത്തിറങ്ങി. മുസ്ലിം ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ കുട്ടികളെ മതത്തിലേക്ക് ആകര്‍ഷിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള ഉത്തരവാണ് നിലവില്‍ വന്നത്.

നിങ്ങളുടെ അയല്‍ക്കാരോ സുഹൃത്തുക്കളോ ബന്ധുക്കളോ മറ്റോ കുട്ടികളെ മതത്തിലേക്ക് ആകര്‍ഷിക്കുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ്് ചൈനീസ് സര്‍ക്കാര്‍ സിന്‍ജിയാംഗ് പ്രവിശ്യയിലെ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പത്രമായ ‘സിന്‍ജിംഗ് ഡെയ്ലി’യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പുതിയ വിദ്യാഭ്യാസ നിയമം നവംബര്‍ 1 മുതലാണ് സിന്‍ജിയാംഗില്‍ പ്രാബല്യത്തില്‍ വരുക. മുസ്ലിം ജനസംഖ്യ കൂടുതലുള്ള ചൈനയിലെ സ്വയംഭരണ പ്രദേശമായ സിന്‍ജിയാംഗ്, മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളായ പാകിസ്താനുമായും കസാക്കിസ്താനുമായും അതിര്‍ത്തി പങ്കിടുന്ന പ്രദേശം കൂടിയാണ്.

പുതിയ നിയമപ്രകാരം രക്ഷിതാക്കളും മാതാപിതാക്കളും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ മതത്തിലേക്ക് ആകര്‍ഷിക്കുന്ന പ്രവൃത്തികള്‍ ചെയ്യാനോ മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് അവരെ നിര്‍ബന്ധിക്കാനോ അവകാശമില്ല. കൂടാതെ കുട്ടികളിലേക്ക് തീവ്രമായ വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുക, മതപരമായ വസ്ത്രങ്ങള്‍ ധരിക്കുന്നതിന് നിര്‍ബന്ധിക്കുക, മറ്റ് മതചിഹ്നങ്ങള്‍ അണിയുന്നതിന് നിര്‍ബന്ധിക്കുക എന്നിവ കുറ്റവുമാവും. ഉത്തരവ് ലംഘിക്കുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ ഇവിടുത്തെ ഏതൊരാള്‍ക്കും സര്‍ക്കാറിനെ അറിയാക്കാന്‍ അവകാശമുണ്ടെന്നും പുതിയ നിയമത്തില്‍ വ്യക്തമാക്കുന്നു.

 


Dont miss: മുത്തലാഖ് രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് പ്രധാനമന്ത്രി

ഇസ്ലാമിക വസ്ത്രങ്ങള്‍ ധരിക്കുന്നതിനും ഹിജാബിനും മുസ്ലിം പുരുഷന്‍മാര്‍ താടി വയ്ക്കുന്നതിനും നേരത്തെ ഇവിടെ നിരോധനമുണ്ട്.

കുട്ടികളെ തീവ്രവാദ വിഷയങ്ങളില്‍ നിന്നോ പ്രവൃത്തികളില്‍ നിന്നോ മാറ്റിനിര്‍ത്താന്‍ രക്ഷിതാക്കള്‍ക്ക് കഴിയുന്നില്ലെങ്കില്‍ അവര്‍ പഠിക്കുന്ന സ്‌കൂളുകളില്‍ പഠനം തുടരാന്‍ പിന്നീട് കുട്ടികള്‍ക്ക് കഴിയില്ല. ഈ കുട്ടികളെ സ്പെഷ്യല്‍ സ്‌കൂളില്‍ ചേര്‍ക്കാനായി പിന്നീട് രക്ഷിതാക്കള്‍ക്ക് അപേക്ഷ നല്‍കേണ്ടിവരും.

സ്‌കൂളുകളിലും മതപരമായ പ്രവൃത്തികള്‍ക്ക് വിലക്കുണ്ട്. വിദ്യാര്‍ത്ഥികളെ തീവ്രവാദത്തില്‍ നിന്നും വിഘടനവാദത്തില്‍ നിന്നും അകറ്റി നിര്‍ത്താനുമാണ് പുതിയ നിയമമെന്ന് അധികൃതര്‍ അറിയിക്കുന്നു.

ചൈന എല്ലാതരത്തിലുള്ള മത സ്വാതന്ത്ര്യവും നല്‍കുന്നുണ്ട്. എന്നാല്‍ മതം പ്രയോഗത്തില്‍ വരുത്താവനുള്ള ആളുകളായി കുട്ടികളെ സര്‍്ക്കാര്‍ കാണുന്നില്ല. ശാസ്ത്രത്തെ അംഗീകരിക്കാനും, സത്യത്തെ തേടിപ്പോകാനും, അന്ധവിശ്വാസത്തെ എതിര്‍ക്കാനും, അജ്ഞതകള്‍ ഒഴിവാക്കാനുമുള്ള അന്തരീക്ഷം സൃഷ്ടിക്കനാണ് പുതിയ നിയമം പ്രയോഗത്തില്‍ വരുത്തുന്നതെന്നും നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്.

chandrika: