X

ഇസ്‌ലാം സൗന്ദര്യമാണ്

ടി.എച്ച് ദാരിമി

സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഏറ്റവുമധികം ആക്ഷേപിക്കപ്പെടുന്ന മതം ഇസ്‌ലാമാണ് എന്നു കാണുക പ്രയാസമുള്ള കാര്യമല്ല. പല മതങ്ങളും മനസ്സിന് ഉള്‍ക്കൊള്ളാന്‍ പ്രയാസമുള്ള വിശ്വാസങ്ങള്‍ നിര്‍ബന്ധിക്കുന്നുണ്ട്. പ്രത്യക്ഷത്തില്‍ മനുഷ്യ പ്രകൃതിയുമായി ഒത്തുപോകാത്ത പല ആചാരങ്ങളുമുണ്ട്. കാലത്തെ അതിജയിക്കാനാവാത്ത സമ്പ്രദായങ്ങളുണ്ട്. എന്നിട്ടും ഇതൊന്നുമില്ലാത്ത ഇസ്‌ലാം കല്ലെറിയപ്പെടുന്നു. അതിന്റെ വിശ്വാസ അടിത്തറ പരിഹസിക്കപ്പെടുന്നു. അതിന്റെ നയ നിയമങ്ങളെയും നിലപാടുകളെയും പരസ്യമായി അപമാനിക്കുന്നു. ഇങ്ങനെ പറയുമ്പോള്‍ തന്നെ സമ്മതിക്കേണ്ട ഒരു വസ്തുതയുണ്ട്. അതെന്തെന്നാല്‍ ഈ ആക്ഷേപഹാസ്യങ്ങള്‍ നടത്തുന്നതും ഒളിയമ്പുകള്‍ തൊടുത്തു വിടുന്നതും ലോകത്തെ മുസ്‌ലിംകളല്ലാത്ത എല്ലാവരുമല്ല. എന്നല്ല, ഇസ്‌ലാം സ്വീകരിച്ചിട്ടില്ലാതിരുന്നിട്ടും ഇസ്‌ലാമിന്റെ ആശയ ലോകത്തെ പ്രകീര്‍ത്തിക്കുന്നവര്‍ ധാരാളമാണ്. അതേപോലെ തന്റെ മതവും സംസ്‌കാരവും പകര്‍ന്നുതന്ന മാന്യതയും തറവാടിത്തവും ജീവിത താളമാക്കിയ ധാരാളം പേരും പ്രതിപക്ഷ ബഹുമാനം എന്ന നിലക്കെങ്കിലുമുള്ള മാന്യത ഇസ്‌ലാമിനുനേരെ പുലര്‍ത്തുന്നവരാണ്. എങ്കില്‍ പിന്നെ ആക്ഷേപക്കാര്‍ ആരാണ് എന്ന് സ്വാഭാവികമായും ചിന്തിക്കും. മതത്തെയും സംസ്‌കാരത്തെയും ഒരു അവകാശവാദമായിമാത്രം കാണുകയും തന്റെ കിണറ്റിന് പുറത്തുള്ളതിനെയൊക്കെ അടച്ചാക്ഷേപിക്കുകയും ചെയ്യുന്ന ചിലരാണ് ഇതിനുപിന്നില്‍. കാര്യമായി ഒന്നും അവരുടെ കയ്യിലുണ്ടായതുകൊണ്ടല്ല അവരെ കുറിച്ചുള്ള ചര്‍ച്ചയെ പരിഗണനക്കെടുക്കുന്നത്. മറിച്ച് അവര്‍ ഇങ്ങനെ ഓരിയിടുന്നതുകൊണ്ടുമാത്രമാണല്ലോ. പേടിക്കാനൊന്നുമില്ലെങ്കിലും ഓരിയിടല്‍ അസ്വസ്ഥതയാണല്ലോ.

ഇത്തരം സാഹചര്യത്തില്‍ പ്രബോധന പ്രവര്‍ത്തകര്‍ അതേ നാണയത്തില്‍ പ്രതികരിക്കുന്നത് ബുദ്ധിയല്ല. അത് അവരെ വീണ്ടും പ്രസംഗിക്കാന്‍ ക്ഷണിക്കുന്നതിന് വഴിവെക്കും. അതേസമയം മിണ്ടാതിരിക്കുന്നതും ബുദ്ധിയല്ല. അത് ഓരിയില്‍ ഉയരുന്നത് ശരിയാണ് എന്ന് പറയാതെ പറയും. അതോടെ അത്തരക്കാര്‍ വലുതാകും. അപ്പോള്‍ പിന്നെ പ്രബോധകര്‍ പൊതു സമൂഹത്തിലേക്ക് തിരിഞ്ഞുനിന്ന് പറയാനുള്ള സത്യങ്ങള്‍ ശാസ്ത്രീയമായും സത്യസന്ധമായും പ്രകോപനം ഇല്ലാതെ തുറന്നു പറയുകയാണ് നല്ലത്. അല്ലെങ്കിലും ഇസ്‌ലാമിനെ തുറന്നുപറയുമ്പോള്‍ ഈ മൂല്യങ്ങളൊന്നും കൈമോശം വരില്ല. അത്തരമൊരു ലക്ഷ്യമായി വന്നതോ അതിനു വേണ്ടി ഇടിച്ചുകയറ്റിയതോ അല്ല. അത് വന്നതും വളര്‍ന്നതും നിലനിന്നതും എങ്ങനെയാണ് എന്ന് പരിശോധിച്ചാല്‍തന്നെ അതു ബോധ്യപ്പെടും. ആദ്യം ഈ ആദര്‍ശത്തെ പരിചയപ്പെടുത്താനായി ഒരു ദൂതനെ അല്ലാഹു നിയോഗിക്കുന്നു. ആ പ്രവാചകന്‍ ദൗത്യം പ്രഖ്യാപിക്കുന്നതിന് മുമ്പെ മനസ്സുകളില്‍ പ്രതിഷ്ഠിക്കപ്പെടാവുന്ന ഗുണങ്ങളും സവിശേഷതകളും നേടുന്നു. താന്‍ പറയുന്നതിനെ ജനം മുഖവിലക്കെടുക്കാവുന്ന ഒരു സാഹചര്യം അങ്ങനെ സംജാതമാക്കി. പിന്നെ പ്രവാചകത്വം പ്രഖ്യാപിച്ചു. തുടര്‍ന്ന് വളരെ ശാസ്ത്രീയമായി ആശയങ്ങള്‍ സ്ഥാപിച്ചുവന്നു. ആ ശാസ്ത്രീയത അടിവരയിടപ്പെടേണ്ടതുണ്ട്. കാരണം നല്‍കാനുള്ളതെല്ലാം ഒന്നിച്ചു നല്‍കിയില്ല. ക്രമം തെറ്റിയതുമില്ല. അതിനാല്‍ ഭാരം അനുഭവപ്പെട്ടതേയില്ല.

ഏറ്റവും പ്രയാസകരമായ കാര്യങ്ങള്‍ ആദ്യം പറഞ്ഞ് മനസ്സുകളുടെ അടിത്തറ ബലിഷ്ഠമാക്കിയാണ് ഇത് സാധിപ്പിച്ചെടുത്തത്. പുതിയ വിശ്വാസത്തിലേക്ക് മനുഷ്യരെ ആനയിക്കാന്‍ ആദ്യം അവരോട് പറഞ്ഞത് ബൗദ്ധികമായ ന്യായങ്ങളായിരുന്നു. ഭ്രൂണം മുതല്‍ പേന വരേയുള്ള ഈ കാര്യങ്ങളെ കുറിച്ചുള്ള ചിന്ത മനസ്സിലേക്ക് പരിവര്‍ത്തനത്തിന്റെ ഊര്‍ജ്ജം പകരുകയും അതുവഴി അവരെ പിന്നീട് വരാനിരിക്കുന്ന ശൈലി സ്വീകരിക്കാന്‍ പാകപ്പെടുത്തുകയായിരുന്നു. അപ്രകാരംതന്നെ നിയമങ്ങളെ അതിന്റെ പശ്ചാത്തലങ്ങളില്‍കൂടിതന്നെ അവതരിപ്പിച്ചു. അത് അവ സ്ഥാപിതമാകാന്‍ കൂടുതല്‍ സഹായകമായി. ഇത്തരം സമീപനങ്ങളും ശൈലികളും അവലംബിക്കുകവഴി മനുഷ്യന്റെ മനസ്സിലേക്കും ജീവിതത്തിലേക്കും സരളമായി ഊര്‍ന്നിറങ്ങിയതാണ് ഇസ്‌ലാം. അതിനാല്‍ അത് ആരെയും വേദനിപ്പിച്ചിട്ടില്ലാത്തതുപോലെ അതാരെയും വേദനിപ്പിക്കുകയുമില്ല.

സത്യത്തില്‍ ഇസ്‌ലാമിന്റെ കേന്ദ്ര ആശയം സൗന്ദര്യമാണ്. ഇസ്‌ലാമിലൂടെ ഒരു വ്യക്തിക്ക് സാധ്യമാകുന്നത് സൗന്ദര്യമുള്ള ജീവിതമാണ്. ഇസ്‌ലാമിലെ ഓരോ നിയമവും നിര്‍ദേശവും ജീവിതത്തിന്റെ അഴകും ഭംഗിയും തെളിമയും വര്‍ധിപ്പിക്കുന്നതാണ്. അനുവദനീയങ്ങളുടെ വലിയ ലോകമാണ് ഇസ്‌ലാം മനുഷ്യന് മുമ്പില്‍ തുറന്ന്‌വെക്കുന്നത്. ഇസ്‌ലാമിന്റെ കാഴ്ചപ്പാടില്‍ ഈ ഭൂമിയും അതിലെ സകല വിഭവങ്ങളും മനുഷ്യന് വേണ്ടിയാണ് അല്ലാഹു സൃഷ്ടിച്ചത്. അല്ലാഹു പറയുന്നു: ഭുവനത്തിലുള്ളതെല്ലാം നിങ്ങള്‍ക്കുവേണ്ടി സൃഷ്ടിച്ചുവെച്ചത് അവനാകുന്നു (2: 29). അതിനര്‍ഥം, അടിസ്ഥാനപരമായി മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട, അവനെ വലയം ചെയ്തുനില്‍ക്കുന്ന മുഴുവന്‍ ഭൗതിക കാര്യങ്ങളും അനുവദനീയമായവയാണ്. ഇത് ശരീഅത്തിലെ പ്രധാന തത്ത്വമാണ്. അപ്പോള്‍ ഭൗതിക വ്യവഹാരവുമായി ബന്ധപ്പെട്ട ഏതെങ്കിലുമൊരു കാര്യം അനുവദനീയമാണ് എന്നതിന് തെളിവ് അന്വേഷിക്കേണ്ടതില്ല. അതേസമയം അനുവദനീയങ്ങളില്‍ ചിലത് അവന്റെ ശരീരത്തെയോ സ്വഭാവത്തേയോ ജീവിക്കേണ്ട പരിസരത്തേയോ സ്വത്വത്തെയോ കുടുംബത്തെയോ ഒക്കെ പ്രതികൂലമായി ബാധിക്കുന്നതായിരിക്കാം. ഒന്നുകില്‍ ഇപ്പോള്‍ തന്നെ. അല്ലെങ്കില്‍ പിന്നീട്. അതുമല്ലെങ്കില്‍ ശാശ്വതമായ പരലോകത്ത്. അങ്ങനെ വരുമ്പോള്‍ അത് അല്ലാഹു നിഷിദ്ധമാക്കുന്നു. അപ്പോള്‍ മനുഷ്യനു മുമ്പില്‍ എല്ലാം അനുവദിച്ച് തുറന്നിട്ട അല്ലാഹു അവന്റെ നന്‍മക്കു വേണ്ടി മാത്രം ചില കാര്യങ്ങള്‍ നിഷിദ്ധമാക്കിയിട്ടുണ്ട്. അതിനാല്‍ നിഷിദ്ധമാക്കലല്ല അടിസ്ഥാനം. മറിച്ച് എല്ലാം അനുവദനീയമാണ് എന്നതാണ് അടിസ്ഥാനം. അതുകൊണ്ടാണ് നിഷിദ്ധമാണ് എന്നതിനാണ് തെളിവ് വേണ്ടത് എന്ന് പറയാറുള്ളത്. ജീവിതത്തില്‍ നിഷിദ്ധമായത് എന്തെല്ലാമാണെന്ന് അല്ലാഹുവും റസൂലും പഠിപ്പിച്ചിട്ടുണ്ട്. അഥവാ കുറച്ച് വിലക്കുകള്‍. ബാക്കിയുള്ളത് മുഴുവന്‍ അനുവദനീയമാണ്. അല്ലാഹു അനുവദനീയങ്ങളുടെ വിശാലമായ ലോകം തുറന്ന് തന്നു. ഒപ്പം ചില അതിര്‍വരമ്പുകളും വിലക്കുകളും നിര്‍ണയിക്കുകയും ചെയ്തു എന്നാണ് ഇതിന്റെ ചുരുക്കം.

ഈ അന്വേഷണത്തോട് ചേര്‍ത്തു വായിക്കേണ്ട മറ്റൊന്നുണ്ട്. ഇസ്‌ലാം ലോകത്ത് അതിവേഗം പടരുന്ന മതമാണ് എന്ന വസ്തുത. അത് ഒരിക്കലും ഇസ്‌ലാമിന്റെ ഹിംസാത്മകതയോ തീവ്രതയോ കൊണ്ടല്ല. ഇസ്‌ലാമിന്റെ സൗന്ദര്യവും ലാളിത്യവും ലോകത്തെ ആകര്‍ഷിക്കുന്നതു കൊണ്ടാണ്. ഏറെവേഗം മനസുകളിലേക്ക് പടരുന്ന ആശയമാണത്. ഇത് ചിലരെ അത്ഭുതപ്പെടുത്തുന്നു. മറ്റു ചിലരെ അമ്പരപ്പിക്കുന്നു. ഇതില്‍ പൊറുതിമുട്ടി ശ്വാസം മുട്ടുന്നവരാണ് ഇസ്‌ലാമിക വ്യവസ്ഥിതിയുടെ ഏതെങ്കിലും ഭാഗങ്ങള്‍ അടര്‍ത്തിമാറ്റി തെറ്റുധാരണകള്‍ സൃഷ്ടിക്കുന്നതും ദുര്‍വ്യാഖ്യാനിക്കുന്നതും. അതിനവര്‍ കണ്ട മാര്‍ഗം മുസ്‌ലിം നാമധാരികള്‍ ചെയ്യുന്ന തെറ്റായ പ്രവര്‍ത്തനങ്ങളെ ഇസ്‌ലാമിന്റെ നയമായി പ്രചരിപ്പിക്കുകയാണ്. ഇസ്‌ലാമിനെ ഭീകരതയുമായി കൂട്ടിയോജിപ്പിക്കാന്‍ ഇസ്‌ലാമിന്റെ നാമധേയത്തില്‍ തീവ്രവാദ സംഘങ്ങളെ പോലും രൂപപ്പെടുത്തുന്നു. തലപ്പാവ്, താടി, മറ്റു വേഷവിധാനങ്ങള്‍ തുടങ്ങി ഇസ്‌ലാമിക മുദ്രകളെയെല്ലാം ഭീകരവാദത്തിനായി ദുരുപയോഗം ചെയ്തു. ഇസ്‌ലാമെന്ന് കേള്‍ക്കുമ്പോള്‍ തന്നെ ജനമനസ്സുകളില്‍ ഭീതിയുടെ നിഴല്‍ പരക്കുന്ന സ്ഥിതിയുണ്ടാക്കുകയാണവര്‍. ഇതോടൊപ്പം കാലങ്ങള്‍ക്കു മുന്നേ മുസ്‌ലിം പണ്ഡിതര്‍ മറുപടി നല്‍കിയ അടിസ്ഥാനരഹിതമായ ചോദ്യങ്ങള്‍ക്ക് പുതിയ പരിവേഷം നല്‍കി പ്രശ്‌നവത്കരിക്കുകയും ചെയ്യുന്നു. ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിലൂടെ ചിലരുടെയെങ്കിലും മനസ്സില്‍ ഉണ്ടാകുന്ന സംശയങ്ങള്‍ മുതലെടുക്കുകയാണവര്‍.

ഇസ്‌ലാം വെറും ചടങ്ങുകളോ, ആചാരങ്ങളോ അല്ല. കൃത്യവും, വ്യക്തവും, ഖണ്ഡിതവും, വ്യവസ്ഥാപിതവുമായ ജീവിത ശൈലിയും വിശ്വാസാദര്‍ശവുമാണ്. ഏകദൈവത്തിലും, അവന്റെ പ്രവാചകരിലും അനുബന്ധ കാര്യങ്ങളിലുമുള്ള വിശ്വാസമാണതിന്റെ അടിസ്ഥാനം. എത്ര ലളിതമാണതിന്റെ അനുഷ്ഠാനങ്ങള്‍ എന്ന് സന്‍മനസ്സുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ സമയമേ വേണ്ട. ആ നിയമങ്ങളുടെ സാംഗത്യം ബോധ്യപ്പെടാന്‍ ചെറിയ ചിന്ത മതി. ഇതൊന്നുമല്ല, ഇസ്‌ലാം നിയമങ്ങള്‍ ഏര്‍പ്പെടുത്തി എന്നതാണ് സത്യത്തില്‍ അവരെ ചൊടിപ്പിക്കുന്നത്. ഇതില്‍ പ്രബുദ്ധ ജനം ഒരു അസ്വാഭാവികതയും കാണില്ല. നാം ജീവിക്കുന്ന ഈ രാജ്യത്ത് ധാരാളം നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. അവ ലംഘിക്കുന്നവര്‍ക്ക് പലവിധ ശിക്ഷകള്‍ ലഭിക്കാറുമുണ്ട്. എന്നാല്‍ ആ നിയമങ്ങള്‍ പാലിക്കുന്നവര്‍ക്ക് രാജ്യം ഒന്നിന് ഒന്ന് എന്ന തോതിലെങ്കിലും പ്രതിഫലങ്ങള്‍ നല്‍കാറുണ്ടോ? ഇല്ല, ഒരു രാജ്യത്തും അങ്ങനെയില്ല. എന്നാല്‍ ഇസ്‌ലാമിക നിയമങ്ങളുടെ പ്രത്യേകത മറ്റൊന്നാണ്. അത് പാലിക്കുന്നവര്‍ക്ക് കണക്കറ്റ പ്രതിഫലമാണ്. ശിക്ഷയാണെങ്കിലോ ഇങ്ങനെ ഇരട്ടിക്കില്ല. ലംഘിക്കുന്നവര്‍ക്ക് ഒന്നിന് ഒന്ന് എന്ന തോതിലേ ശിക്ഷ ലഭിക്കുന്നുള്ളൂ.

മനുഷ്യ സമൂഹത്തെ മുഴുവന്‍ പരിഗണിക്കുന്ന മതമാണ് ഇസ്‌ലാം. മനുഷ്യപ്പറ്റുള്ള മതം. എല്ലാവിഭാഗം ജനങ്ങളേയും അതുള്‍ക്കൊള്ളുന്നുണ്ട്. രാജ്യാതിര്‍ത്തികളോ നിറഭേദങ്ങളൊ ഭാഷാവൈവിധ്യങ്ങളൊ ലിംഗ വ്യത്യാസങ്ങളോ സാമ്പത്തികമായ ഉച്ചനീചത്വങ്ങളൊ ഇസ്‌ലാമിന്റെ പരിഗണനയിലില്ല. അതുകൊണ്ടുതന്നെ മാനവികമായ ആദര്‍ശങ്ങളും നിയമസംഹിതകളുമാണ് ഇസ്‌ലാം ലോകത്തിന്റെ മുന്നില്‍ വെച്ചിട്ടുള്ളത്. സമൂഹത്തില്‍ നിര്‍ബന്ധമായും നിലനിന്നു കാണേണ്ട സ്‌നേഹം സഹിഷ്ണുത സാഹോദര്യം സഹവര്‍ത്തിത്വം തുടങ്ങിയ എല്ലാ മാനുഷിക ഗുണങ്ങളും ഇസ്‌ലാം പരിപോഷിപ്പിക്കുന്നുണ്ട് എന്നതാണ് വാസ്തവം. ഇസ്‌ലാം സമാധാനത്തിന്റെ സംജ്ഞയാണ്. മുസ്‌ലിം സമാധനം കാംക്ഷിക്കുന്നവനും വ്യാപിപ്പിക്കുന്നവനുമാകണം എന്ന് മുഹമ്മദു നബി (സ) ഉപദേശിച്ചിട്ടുണ്ട്. ജീവിക്കുന്ന ചുറ്റുപാടില്‍ സമാധാനത്തിന്റെ വാഹകനാകാന്‍ ഒരാള്‍ക്ക് ആകുന്നില്ലഎങ്കില്‍ ശരിയായ മുസ്‌ലിമാകാന്‍ അവന്ന് സാധിച്ചിട്ടില്ല എന്നാണര്‍ഥം. സമൂഹത്തില്‍ കുഴപ്പങ്ങളുണ്ടാക്കുക, മനുഷ്യന്റെ ജീവനും സ്വത്തിനും ആപത്തു വരുത്തുക, നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുക, ഭയാന്തരീക്ഷമുണ്ടാക്കുക തുടങ്ങിയവയൊക്കെ ഇസ്‌ലാം ഗൗരപൂര്‍വം എതിര്‍ക്കുന്ന മാനവവിരുദ്ധ പ്രവര്‍ത്തനങ്ങളാണ്. ലോകജനതയെ മുഴുവന്‍ ഒരു മാതാവിന്റെയും പിതാവിന്റെയും മക്കളായി കാണുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഇസ്‌ലാമിന് കലഹങ്ങളോടും കലാപങ്ങളോടും പ്രതിപത്തിയുണ്ടാകുമെന്ന് കരുതാന്‍ വിവേകമുള്ളയാള്‍ക്കു സാധ്യമല്ല.

Test User: