X

ഇസ്‌ലാം ലക്ഷ്യമിടുന്നത് ഭദ്രമായ കുടുംബം

 

വൈവാഹിക ജീവിതത്തെ മഹത്തരമായി കാണുകയും അതിലേക്ക് താല്‍പര്യവും ചിലവടക്കമുള്ള കാര്യങ്ങള്‍ക്ക് ശേഷിയുമുള്ളവരെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന മതമാണ് ഇസ്‌ലാം. വിവാഹ ജീവിതത്തിലൂടെ പരസ്പരം ഇണകള്‍ ഒരുമിക്കുന്നതിന് ഇസ്‌ലാമില്‍ പ്രത്യേക നിബന്ധനകളുണ്ട്. ഭദ്രമായൊരു കുടുംബത്തെ സൃഷ്ടിക്കുകയാണ് ഇസ്‌ലാമിന്റെ ലക്ഷ്യം. സ്ത്രീ, പുരുഷ ഇണചേരലിന് എല്ലാ മതങ്ങളിലുമുണ്ട് പ്രത്യേക നിബന്ധനകള്‍.
വ്യവസ്ഥാപിതമായ നിയമങ്ങളിലൂടെ പരസ്പരം ഇണകളായി ജീവിക്കുന്ന ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്ക് പിരിയേണ്ട ഘട്ടമുണ്ടായാല്‍ ഇസ്‌ലാം അനുവദിക്കുന്ന രീതികളില്‍ ഒന്നിന് പറയുന്ന പേരാണ് ത്വലാഖ്. ഇന്ന് ഏറെ ചര്‍ച്ചയായികൊണ്ടിരിക്കുന്ന വിഷയമാണ് ത്വലാഖും മുത്ത്വലാഖും. 1980 കളിലാണ് ഇതിനു മുമ്പ് ഇത്രവലിയ ശരീഅത്ത് വിമര്‍ശനങ്ങള്‍ ഇന്ത്യയിലുണ്ടായത്. ഇസ്‌ലാമിലെ വിവാഹത്തേയും വിവാഹമോചനത്തേയും വിലയിരുത്തി അന്ന് ദേശാഭിമാനി വാരിക എഴുതിയത് കാണുക. ‘പുരുഷന്നു എത്ര വേണമെങ്കിലും കല്യാണം കഴിക്കാം; പുതുമ നശിക്കുന്നതിനനുസരിച്ച് ത്വലാഖ് ചൊല്ലി പിരിയുകയും ചെയ്യാം. എന്നാല്‍ ഒരേ സമയത്ത് നാലില്‍ കൂടുതല്‍ പാടില്ലെന്നേയുള്ളൂ.’ (ദേശാഭിമാനി വാരിക, 1983 ഒക്‌ടോബര്‍ 9-15). ഇസ്‌ലാമിനെ തെറ്റുദ്ധരിപ്പിക്കുന്ന ഇത്തരത്തിലുള്ള പ്രസ്താവനകള്‍ ഇപ്പോഴും വന്നുകൊണ്ടിരിക്കുകയാണ്. ഇസ്‌ലാമിന്റെ വിവാഹ മോചനത്തെ കൃത്യമായി പഠിക്കാത്തതിന്റെ അനന്തരഫലമാണ് ഇത്. ഭാര്യാഭര്‍ത്താക്കന്‍മാരെ ഇസ്‌ലാം പരിചയപ്പെടുത്തുന്നത് ഇപ്രകാരമാണ്. ‘അവര്‍ നിങ്ങളുടെ വസ്ത്രമാകുന്നു. നിങ്ങള്‍ അവരുടെ വസ്ത്രവും’ (അല്‍ബഖറ 187). മാത്രമല്ല അവര്‍ രണ്ടുപേരും ഇണകളാകാന്‍ സ്വീകരിച്ച രീതി ഖുര്‍ആന്‍ വിവരിക്കുന്നത് ഇങ്ങനെയാണ്. ‘അവര്‍ നിങ്ങളില്‍ നിന്ന് ബലിഷ്ഠമായ കരാറാണ് വാങ്ങിയിരിക്കുന്നത്’ (അന്നിസാഅ് 21). അഥവാ ഇണപിരിയല്‍ തീരെ ശരിയല്ലെന്ന് ഭാര്യഭര്‍ത്താക്കന്‍മാരെ ബോധ്യപ്പെടുത്തുന്ന ശൈലിയാണ് ഖുര്‍ആനിന്റേത്. അവര്‍ ഒന്നിച്ച് ഇരുപേര്‍ക്കും വസ്ത്രത്തെപ്പോലെ പരസ്പര മറയായും സംരക്ഷണമായും ജീവിക്കണമെന്നു കൂടി താല്‍പര്യപ്പെടുന്നു.
എങ്കിലും, മാനസികവും ശാരീരികവുമായി പൊരുത്തപ്പെടാത്ത സാഹചര്യം ചിലപ്പോഴെങ്കിലും ഉണ്ടാവുക സ്വാഭാവികമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ മനപ്പൊരുത്തമില്ലാതെ രണ്ടു പേരും ഒന്നിച്ചു ജീവിക്കണമെന്ന് ശഠിക്കുന്നത് ക്ഷന്തവ്യമല്ലല്ലോ. പരിശുദ്ധ ഇസ്‌ലാമില്‍ ഇത്തരം സന്ദര്‍ഭത്തില്‍ രണ്ടുപേര്‍ക്കും സ്വീകരിക്കാവുന്ന മാര്‍ഗങ്ങള്‍ സുവ്യക്തമാക്കുന്നുണ്ട്. പരസ്പരം ഒത്തുജീവിക്കാന്‍ ഒരിക്കലും സാധ്യമല്ലെന്നു വന്നാല്‍ വിവാഹ മോചനത്തിനുള്ള അധികാരം പുരുഷനുണ്ടെന്ന് മാത്രമല്ല സോപാധികം സ്ത്രീക്കുമുണ്ട് (ഫസ്ഖ്). അല്ലാഹു പറയുന്നു. ‘വിവാഹമോചനം രണ്ടെണ്ണമാണ്. പിന്നെ, ശരിക്കു പിടിച്ചു നിര്‍ത്തുകയോ അല്ലെങ്കില്‍ നല്ല നിലയില്‍ ഒഴിവാക്കുകയോ ചെയ്യുക’. (അല്‍ബഖറ 229) രണ്ട് പേരും പൊരുത്തപ്പെട്ട് ജീവിക്കാന്‍ തയ്യാറല്ലെന്നുവന്നാല്‍ ഒരു ത്വലാഖ് ചൊല്ലുക. ചിലപ്പോള്‍ ത്വലാഖിന് ശേഷം മാനസാന്തരമുണ്ടാകാം ഇരുവര്‍ക്കും. എന്നാല്‍ ദീക്ഷിതകാലം കഴിഞ്ഞിട്ടില്ലെങ്കില്‍ മടക്കിയെടുക്കാം. ഇദ്ദ കഴിഞ്ഞാല്‍ പുനര്‍വിവാഹവും ആവാം. വീണ്ടും തമ്മില്‍ തെറ്റിയാല്‍ ഒരു ത്വലാഖ് കൂടി ചൊല്ലുക. അതനുസരിച്ച് രണ്ടാം ത്വലാഖിന് ശേഷവും യോജിക്കാമെന്നുണ്ടെങ്കില്‍ ഇദ്ദ കഴിയുന്നതിന് മുമ്പ് മടക്കിയെടുക്കലും ശേഷമാണെങ്കില്‍ പുനര്‍വിവാഹവും ആകാം. ഇതാണ് പരിശുദ്ധ ഖുര്‍ആനിലെ രണ്ടാം അധ്യായം 22 ാം സൂക്തം ലക്ഷ്യമാക്കുന്നതെന്ന് അംഗീകൃത പണ്ഡിതന്മാരെല്ലാം വിവരിച്ചിട്ടുണ്ട്. ഇനി മൂന്നാമതും ത്വലാഖ് ചൊല്ലിയാല്‍ അവളെ മടക്കി എടുക്കാനോ പുനര്‍വിവാഹത്തിനോ പുരുഷന് അവകാശമില്ല (അല്‍ബഖറ 230). ഇങ്ങനെ പടിപടിയായി ഉപയോഗിക്കാനാണ് ഈ ആയത്തിലൂടെ പഠിപ്പിക്കുന്നത്. എന്നാല്‍, ഒരവിവേകി ഒറ്റയടിക്ക് മൂന്ന് ത്വലാഖുംകൂടി ഒന്നിച്ച് ചൊല്ലിയാല്‍ മൂന്ന് ത്വലാഖ് പോകും. മുത്ത്വലാഖ് എന്ന് പറയുന്നതിലൂടെ വിവക്ഷിക്കുന്നത് ഇതാണ്.
ത്വലാഖിനോടുള്ള ഇസ്‌ലാമിന്റെ സമീപന രീതികൂടി മനസ്സിലാക്കിയാല്‍ ശരീഅത്ത് വിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നവരുടെ വിവരക്കേട് മനസ്സിലാക്കാന്‍ സാധിക്കും. നബി (സ്വ) പറയുന്നു. ‘അനുവദിക്കപ്പെട്ടതില്‍ അല്ലാഹുവിങ്കല്‍ ഏറ്റവും കോപമുള്ളതാകുന്നു വിവാഹമോചനം’. വിശുദ്ധ ഖുര്‍ആന്‍ സൂറത്തുന്നിസാഇല്‍ വിവാഹ മോചന സമയത്ത് സ്വീകരിക്കേണ്ട രീതികള്‍ വിവരിക്കുന്നുണ്ട്. ഉപദേശിക്കുക, സഹശയനം ഉപേക്ഷിക്കുക, ശിക്ഷണം നല്‍കുക, ഇരുഭാഗത്തുമുള്ള പ്രമുഖര്‍ അനുരഞ്ജനശ്രമം നടത്തുക എന്നീ നാലുമാര്‍ഗങ്ങളും പരാജയപ്പെട്ടാല്‍ അവസാനമായി സ്വീകരിക്കേണ്ടതാണ് ത്വലാഖ് (അന്നിസാഅ് 33-34). പരമാവധി വധൂവരന്‍മാരായി ജീവിക്കുന്നതിനാണ് ഇസ്‌ലാം മുന്‍തൂക്കം നല്‍കുന്നത്. അതിനായി വേണ്ട എല്ലാ അനുകൂല മാര്‍ഗങ്ങളേയും വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുകയും ചെയ്യുന്നു. ഏറ്റവും ഒടുവില്‍, അഥവാ ഗത്യന്തരമില്ലാത്ത സമയത്ത്, അഞ്ചാമതായി വരുന്ന വഴിയാണ് ത്വലാഖ്.
ഇണകള്‍ ഒന്നിക്കാന്‍ പറ്റാതെ വരുന്ന സമയത്ത് പടിപടിയായി ത്വലാഖ് ചൊല്ലാതെ ഒന്നിച്ച് ചൊല്ലിയാല്‍ മൂന്ന് ത്വലാഖും അതോടെ പോകും. അങ്ങനെ ചൊല്ലുന്നതിനെ പണ്ഡിതന്‍മാര്‍ നിരുല്‍സാഹപ്പെടുത്തുകയും ചിലര്‍ കാര്‍ക്കശ്യത്തോടെ വിലക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ചൊല്ലിയാല്‍ പോകുമെന്നത് ദൈവിക വിധിയാണ്. അല്ലാഹു അങ്ങനെ നിശ്ചയിച്ചു അറിയിച്ചതാണ്. ഇനി പോകില്ലെന്ന തീരുമാനമെടുക്കാന്‍ സൃഷ്ടികള്‍ക്ക് അധികാരമില്ല. ചൊല്ലരുതെന്ന് സര്‍ക്കാറിനോ മറ്റോ പറയാമെങ്കിലും ചൊല്ലിയാല്‍ പോകുമെന്നത് ഇലാഹിയായ തീരുമാനമായതിനാല്‍ നാം മാറ്റിയാലും മാറാത്ത വിധിയാണ്.
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. ‘ഓ നബിയേ, നിങ്ങള്‍ (നിങ്ങളുടെ സമുദായം) സ്ത്രീകളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ നിങ്ങളവരെ സ്പര്‍ശിക്കാത്ത ഇദ്ദയുടെ ആദ്യത്തില്‍ മോചിപ്പിക്കുക. ഇദ്ദ കഴിയുന്നതിന് മുമ്പ് നിങ്ങള്‍ക്കവളെ മടക്കി വിളിക്കാന്‍ സൗകര്യപ്പെടുമാറ് (അവളുടെ) ഇദ്ദയെ (പ്രത്യേകം) സൂക്ഷിക്കുക. നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവിന്റെ ശാസനകളെ ശിരസ്സാവഹിച്ചുകൊണ്ട് തഖ്‌വയുള്ളവരാവുക. ആ സ്ത്രീകളെ നിങ്ങളുടെ വീട്ടില്‍ നിന്ന് നിങ്ങള്‍ പുറത്താക്കുകയോ അവര്‍ പുറത്ത് പോവുകയോ ചെയ്യരുത്, തീരെ തെറ്റായ വല്ല കുറ്റവും അവര്‍ (സ്ത്രീകള്‍)ചെയ്താലല്ലാതെ. ഈ പറഞ്ഞതെല്ലാം അല്ലാഹുവിന്റെ (നിയമ) പരിധികളാണ്. ആര്‍ അല്ലാഹു നിശ്ചയിച്ച (നിയമ) പരിധികളെ ലംഘിക്കുന്നുവോ അവന്‍ തന്റെ ശരീരത്തെ അക്രമിച്ചു. നീ അറിയുകയില്ല, ത്വലാഖ് ചൊല്ലിയതിന്റെ ശേഷം അല്ലാഹു വല്ല കാര്യവും (ത്വലാഖ് ചൊല്ലി മടക്കി എടുക്കാന്‍ കഴിയാത്തതിലുള്ള ഖേദവും) പുതുതായി ഉണ്ടാക്കിയേക്കാം’ (ഖുര്‍ആന്‍ 65.1).
തിരുനബി(സ്വ)യുടെ സവിധത്തില്‍, മൂന്നു ത്വലാഖും ചൊല്ലിയ ഒരാളുടെ കാര്യത്തില്‍ ദേഷ്യപ്പെട്ട ചരിത്രം ഹദീസുകളില്‍ വിവരിക്കുന്നുണ്ട്. ഇബ്‌നു ഉമര്‍(റ) പറയുന്നു. ‘മൂന്നു ത്വലാഖും ഒന്നിച്ചു ചൊല്ലിയ ഒരാളോട് റസൂല്‍(സ്വ) പറഞ്ഞു. നിന്റെ രക്ഷിതാവിന് നീ അനുസരണക്കേട് കാണിച്ചു. നിന്റെ ഭാര്യ(മൂന്ന് ത്വലാഖും) പിരിഞ്ഞവളായി’ (ഫത്ഹുല്‍ ബാരി 9: 297).
വിവാഹം മഹത്തായ ഒന്നായി എണ്ണുന്ന ഇസ്‌ലാം അനിവാര്യ ഘട്ടത്തില്‍ ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്ക് വ്യവസ്ഥാപിത രൂപത്തില്‍ പിരിയാനുള്ള അനുവാദവും നല്‍കുന്നു. വിവാഹപൂര്‍ണ്ണ ഇണകളായി ജീവിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. ഗത്യന്തരമില്ലാതെ വരുമ്പോള്‍ അവസാനത്തെ മാര്‍ഗമെന്ന നിലക്ക് മാത്രം വിവാഹ മോചനം കടന്നുവരുന്നു. അത്തരം സന്ദര്‍ഭത്തിലും മുത്ത്വലാഖ് തെരഞ്ഞെടുക്കുന്നതിനെ ശക്തമായി നിരുല്‍സാഹപ്പെടുത്തുന്നതാണ് പണ്ഡിതന്മാരുടെ ശൈലി.

chandrika: