കൊച്ചി: സി.കെ വിനീതിന്റെ ബൂട്ടുകള്‍ രണ്ട് തകര്‍പ്പന്‍ ഗോളുകളുമായി ഗര്‍ജിച്ചപ്പോള്‍ ചെന്നൈയിന്‍ എഫ്.സിയെ ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിന്‍ എഫ്.സിയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് മലര്‍ത്തിയടിച്ചു. ആദ്യപകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു മഞ്ഞപ്പടയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്. ജയത്തോടെ പോയിന്റ് നേട്ടം 15 ആക്കി ഉയര്‍ത്തിയ ബ്ലാസ്‌റ്റേഴ്‌സ് ടേബിളില്‍ രണ്ടാം സ്ഥാനത്തേക്കു കയറി.
ബെര്‍നാഡ് മെന്‍ഡി ചെന്നൈയിന്റെ ഗോള്‍ നേടിയപ്പോള്‍ കാഡിയോ ബ്ലാസ്‌റ്റേഴ്‌സിനെ ഒപ്പമെത്തിച്ചു. കഴിഞ്ഞ മത്സരത്തില്‍ ടീമിന്റെ വിജയ ശില്‍പിയായ വിനീതിന്റെ ബൂട്ടില്‍ നിന്നാണ് വിജയ ഗോളുകള്‍ പിറന്നത്.
2006 ലോകകപ്പ് ഫൈനലില്‍ സിനദെയ്ന്‍ സിദാന്റെ ചുവപ്പുകാര്‍ഡ് പുറത്താവലിലേക്ക് നയിച്ച ചെന്നൈ കോച്ച് മറ്റരാസിയെ പ്രകോപിപ്പിക്കാന്‍ സിദാന്റെ ചിത്രമുള്ള മുഖംമൂടിയണിഞ്ഞാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരില്‍ ഒരുപറ്റം എത്തിയത്. തോല്‍വി ഉറപ്പായപ്പോള്‍ തള്ളവിരലുയര്‍ത്തി ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ അഭിനന്ദിക്കാന്‍ മറ്റരാസി മറന്നില്ല.
തുടക്കത്തില്‍ ചെന്നൈ
തുടക്കം മുതല്‍ ചെന്നൈ ആക്രമിച്ചു കളിച്ചപ്പോള്‍ സ്വന്തം ബോക്‌സ് സുരക്ഷിതമാക്കാനുള്ള പിടിപ്പതു പണിയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്. കളി മുന്നേറവെ മഞ്ഞപ്പടയും മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ചെന്നൈ പ്രതിരോധക്കോട്ട ഭേദിക്കാനായില്ല.
22-ാം മിനുട്ടില്‍ ബെര്‍നാഡ് മെന്‍ഡിയുടെ ഗോളിലാണ് സന്ദര്‍ശകര്‍ ലീഡെടുത്തത്. സ്വന്തം ബോക്‌സിനു പുറത്ത് മെന്‍ഡിയെ ഒറ്റക്ക് മുന്നേറാന്‍ അനുവദിച്ചതിന് ബ്ലാസ്റ്റേഴ്‌സ് വലിയ വില നല്‍കേണ്ടി വന്നു. റാഫേല്‍ ഓഗസ്‌റ്റോയുടെ പാസ് സ്വീകരിച്ച് മുന്നേറി ബോക്‌സിനുള്ളില്‍ കയറിയ മെന്‍ഡി തൊടുത്ത ഷോട്ട് ഡിഫന്ററുടെ കാലില്‍ തട്ടി വലയിലേക്ക് താണിറങ്ങി. മെന്‍ഡിയുടെ ലോ ആങ്കിള്‍ ഷോട്ടിന് കണക്കാക്കി ഗോള്‍കീപ്പര്‍ ഗ്രഹാം സ്റ്റാക്ക് താഴ്ന്ന് ഡൈവ് ചെയ്തിരുന്നതിനാല്‍ ആളൊഴിഞ്ഞ വലയിലാണ് പന്തെത്തിയത്.
28-ാം മിനുട്ടില്‍ പരിക്കേറ്റ കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടിന് തിരിച്ചുകയറേണ്ടി വന്നു. എന്നാല്‍, പകരമിറങ്ങിയ ആന്റോണിയോ ജര്‍മന്‍ ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.
തിരിച്ചടിച്ച് കേരളം
രണ്ടാം പകുതിയില്‍ ചോപ്രയെ തിരിച്ചുവിളിച്ച് ബ്ലാസ്‌റ്റേഴ്‌സ് ദിദിയര്‍ കാഡിയോയെ ഇറക്കി. 66-ാം മിനുട്ടില്‍ ലക്ഷ്യം കണ്ട് കാഡിയോ കോച്ചിനെ ന്യായീകരിക്കുകയും ചെയ്തു. ബോക്‌സില്‍ പന്ത് നിയന്ത്രിച്ച് ജര്‍മന്‍ കൊടുത്ത കൃത്യതയാര്‍ന്ന പാസില്‍ ഓടിക്കുതിച്ചെത്തി കാഡിയോ കാല്‍വെക്കുകയായിരുന്നു.
84-ാം മിനുട്ടില്‍ ഹോസുവിന്റെ ക്രോസില്‍ നിന്ന് വായുവില്‍ ചാടിയുയര്‍ന്ന് തൊടുത്ത മനോഹര വോളിയിലൂടെ സി.കെ വിനീത് ടീമിന് ലീഡ് നേടിക്കൊടുത്തു. ഇടതുവിങില്‍ നിന്ന് ഹോസു വളച്ചുനല്‍കിയ ക്രോസ് കുത്തിയകറ്റുന്നതില്‍ ഗോള്‍കീപ്പര്‍ പരാജയപ്പെട്ടപ്പോള്‍ ക്ലോസ് റേഞ്ചില്‍ നിന്ന് വിനീത് അവസരം പാഴാക്കിയില്ല.
സമനില ഗോളിനായി ചെന്നൈ ആഞ്ഞു പിടിക്കുന്നതിനിടെ പ്രതിരോധത്തിലുണ്ടായ വിള്ളല്‍ വിനീത് വീണ്ടും മുതലെടുത്തു. മധ്യവരക്കടുത്തുനിന്ന് ജര്‍മന്‍ മുന്നോട്ടു നല്‍കിയ പന്തുമായി വിനീത് ഓടിക്കയറി. ചെന്നൈ കീപ്പര്‍ മുന്നോട്ടു കയറി വന്നപ്പോള്‍ ബോക്‌സിനു പുറത്തുനിന്നുള്ള പ്ലേസിങിലൂടെ വിനീത് പട്ടിക പൂര്‍ത്തിയാക്കി.