X

ഭാഗ്യമേ, നിനക്കു നന്ദി

കമാല്‍ വരദൂര്‍

ഭാഗ്യത്തിന് കളിയില്‍ എന്ത് സ്ഥാനം എന്ന ചോദ്യത്തിന് കാലപ്പഴക്കമുണ്ട്. മികവുണ്ടായിട്ടും ഭാഗ്യം ഒപ്പമില്ലെങ്കില്‍ ജയിക്കില്ല. കളിക്കാര്‍ കളി തുടങ്ങുന്നതിന് മുമ്പ് ദൈവത്തോടും പ്രാര്‍ത്ഥിക്കുന്നത് ഭാഗ്യത്തിന് വേണ്ടിയാണ്. മികവില്‍ സംശയമില്ലാത്തവര്‍ക്ക് സ്വന്തം മികവിന് പ്രാര്‍ത്ഥിക്കേണ്ടതില്ലല്ലോ…. ഇന്നലെ സെമി രണ്ടാം പാദത്തില്‍ പൊട്ടത്തരങ്ങള്‍ പലതും കാണിച്ചു ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ക്കീപ്പര്‍ സന്ദീപ് നന്തി. നന്തിയുടെ അതിസമര്‍ദ്ദ പ്രകടനം ടീമിനെ വലച്ചിരുന്നു. വലിയ മല്‍സരം കളിക്കുമ്പോള്‍ സമര്‍ദ്ദം ഉറപ്പാണ്. ആ സമ്മര്‍ദ്ദത്തെ അതിജയിക്കുക എന്നതാണ് താരങ്ങളെ സംബന്ധിച്ച് പ്രധാനം.

 

പക്ഷേ അനാവശ്യമായി സമര്‍ദ്ദത്തെ സ്വന്തം ചുമലിലേറ്റിയ ഗോള്‍ക്കീപ്പര്‍ക്ക് മുന്നിലേക്ക് ഷൂട്ടൗട്ടില്‍ ഭാഗ്യം പൂര്‍ണമായും തിരിഞ്ഞു. ഡല്‍ഹിക്കാരുടെ രണ്ട് കിക്കുകള്‍ പുറത്തേക്ക് പോയത് കണ്ടില്ലേ- ആ കിക്ക് പായിച്ച രണ്ട് പേരും ലോക താരങ്ങളാണ്. ഫ്‌ളോറന്‍ഡ് മലൂദയെ അറിയാത്തവരില്ല. സൈനുദ്ദീന്‍ സിദാന്റെ ചാമ്പ്യന്‍ സംഘത്തിലെ മധ്യനിര ജനറലായിരുന്നു മലൂദ. ആ താരമാണ് പന്ത് ലക്കും ലഗാനുമില്ലാതെ പുറത്തേക്ക് പായിച്ചത്. ലിയോ മെസിയെ പോലുളളവര്‍ പോലും ഷൂട്ടൗട്ട് വേളയില്‍ പന്തിനെ ഗ്യാലറിയിലെത്തിച്ചത് നാം കണ്ടതാണ്. അതിനാല്‍ താരങ്ങളെ കുറ്റം പറയാനാവില്ല. സമ്മര്‍ദ്ദം മലൂദയിലേക്ക് വന്നപ്പോള്‍ പന്ത് പറപറന്നു. ആദ്യ കിക്കെടുക്കുന്ന ഏത് താരത്തിനും അതി സമ്മര്‍ദ്ദമുണ്ടാവും.

 

രണ്ടാം കിക്കിന് വന്ന ബ്രൂണോ പെലിശാരിയും അതേ ശൈലി ആവര്‍ത്തിച്ചെങ്കില്‍ അത് സന്ദീപിന്റെ സമ്പൂര്‍ണ ഭാഗ്യമല്ലാതെ മറ്റെന്താണ്. മൂന്നാമന്റെ ഷോട്ടാവട്ടെ നേരെ ഗോള്‍ക്കീപ്പറുടെ കരങ്ങളിലേക്കും.90 മിനുട്ടും പിന്നെ അധികസമയത്തും ഡല്‍ഹിക്കാര്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്- കളിയുടെ സിംഹഭാഗത്തും പത്ത് പരുമായി കളിക്കേണ്ടി വന്നിട്ടും. സ്വന്തം മൈതാനത്തിന്റെ ആനുകൂല്യം അവര്‍ക്കുണ്ടായിരുന്നു. മാര്‍സലിഞ്ഞോയും മലൂദയും തകര്‍ത്തുനിന്നപ്പോള്‍ റിച്ചാര്‍ഡ് ഗാഡ്‌സേക്ക് തനത് ഫോമിലേക്കുയരാനായില്ല എന്നത് ബ്ലാസ്‌റ്റേഴ്‌സിന് ആശ്വാസമായി.

 

കേരളത്തിന്റെ നല്ല നിമിഷമെന്നത് നാസോണിന്റെ ഗോളായിരുന്നു. ബെല്‍ഫോട്ടും ജര്‍മനും ഹോസുവുമെല്ലാം പന്ത് പാസ് ചെയ്യാന്‍ മടിക്കുകയും ലോംഗ് റേഞ്ചറുകള്‍ ശീലമാക്കിയതും ഒരു പക്ഷേ നാസോണിന്റെ ആ ഗോളില്‍ നിന്നാവാം. വിനീത് ശക്തമായ മാര്‍ക്കിംഗില്‍ അകപ്പെട്ടു. പതിവ് പോലെ പിന്‍നിരക്കാര്‍ ജാഗ്രതയില്‍ കണിശത പാലിച്ചെങ്കിലും ചിലപ്പോഴെല്ലാം മാര്‍സലിഞ്ഞോ സ്വതന്ത്രനായി കണ്ടു. ആ വേളകളില്‍ പക്ഷേ ഭാഗ്യം കേരളത്തിനൊപ്പം നിന്നു.
ഫൈനല്‍ കൊച്ചിയിലാണ്-കേരളത്തിന്റെ ടീം ഫൈനല്‍ പോരാട്ടത്തിന് വേണം-അതിനാല്‍ ഈ ഷൂട്ടൗട്ട് പോരിനൊരു ഒത്തു കളി മുഖമില്ലേ എന്ന് സംശയിക്കുന്നവര്‍ ഇലാതില്ല. പക്ഷേ അതില്‍ സത്യമില്ല. ഡല്‍ഹി ജയിക്കാന്‍ തന്നെ കളിച്ചിട്ടുണ്ട്. മലൂദക്കും പെലിശാരിക്കും പിഴച്ചത് സമ്മര്‍ദ്ദത്തില്‍ തന്നെയാണന്ന് അവരുടെ മുഖം കണ്ടാലറിയാം.

chandrika: